ഫോണ്‍പേയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ഫഌപ്കാര്‍ട്ട്

ഫോണ്‍പേയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ഫഌപ്കാര്‍ട്ട്

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് തങ്ങളുടെ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. 2015ലാണ് ഫോണ്‍പേ ഫഌപ്കാര്‍ട്ട് ഏറ്റെടുത്തത്.

ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ പേമെന്റ് സ്‌പേസിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. ശക്തമായ പേമെന്റ് സംവിധാനം വികസിപ്പിക്കുന്നതിനു വേണ്ടി രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനികളെല്ലാം നിക്ഷേപം നടത്തുന്ന സാഹചര്യത്തിലാണ് ഫോണ്‍പേയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ഫഌപ്കാര്‍ട്ട് മുന്നോട്ടുവന്നിട്ടുള്ളത്. ഈ നിക്ഷേപം കൂടി പൂര്‍ത്തിയാകുന്നതോടെ ഫോണ്‍പേ ഏറ്റെടുത്തതു മുതല്‍ ഫഌപ്കാര്‍ട്ട് നടത്തിയിട്ടുള്ള മൊത്തം നിക്ഷേപം 575 മില്യണ്‍ ഡോളറാകും.

ടെക്‌നോളജി പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനും വ്യാപാര ശൃംഖലയും ഉപഭോക്തൃ അടിത്തറയും വിപുലീകരിക്കുന്നതിനുമായിരിക്കും ഫഌപ്കാര്‍ട്ടില്‍ നിന്നുള്ള പുതിയ നിക്ഷേപം വിനിയോഗിക്കുകയെന്ന് ഫോണ്‍പേ സഹസ്ഥാപകനും സിഇഒയുമായ സമീര്‍ നിഗം പറഞ്ഞു. നടപ്പു വര്‍ഷം പ്രതിമാസം 100 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നും അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇതേ രീതിയിലുള്ള വളര്‍ച്ച നിലനിര്‍ത്താന്‍ ഈ നിക്ഷേപം സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫഌപ്കാര്‍ട്ട് പേമെന്റ്‌സില്‍ നിന്നും ഫോണ്‍പേ അടുത്തിടെ 38 മില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നുള്ള വിവരം. അടുത്ത വര്‍ഷത്തോടെ 25 ബില്യണ്‍ ഡിജിറ്റല്‍ പേമെന്റ് ഇടപാടുകള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും ഫോണ്‍പേയ്ക്കുണ്ട്. 2020 ഓടെ ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് വിഭാഗം 500 ബില്യണ്‍ ഡോളറിലേക്ക് വളരുമെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് വ്യക്തമാക്കുന്നത്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 15 ശതമാനം വരുമിതെന്നാണ് കണക്ക്.

Comments

comments

Categories: Slider, Top Stories