കുളവാഴയുടെ സാമ്പത്തിക ശാസ്ത്രം

കുളവാഴയുടെ സാമ്പത്തിക ശാസ്ത്രം

ഭൂമിയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മുഴുവനും വ്യാപിച്ചു കിടക്കുന്ന ‘സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം’ കുളവാഴയ്ക്ക് സ്വന്തമായുണ്ട്. ഈ ‘സ്വദേശിവല്‍ക്കരിക്കപ്പെട്ട വിദേശ സസ്യ’ ത്തിന്റെ അനിയന്ത്രിതമായ വളര്‍ച്ച മൂലം നമുക്കുണ്ടാകുന്ന സാമ്പത്തികവും ജീവശാസ്ത്രപരമവുമായ പ്രഭാവം ഇതുവരെ ശരിയായി കണക്കാക്കപ്പെട്ടിട്ടില്ല

കേരളത്തിന്റെ സമ്പത്തായ ജലാശയങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ജലജന്യ കളയാണ് കുളവാഴ അഥവാ പോള. ഐകോര്‍ണിയ ക്രാസിപ്പസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യം തെക്കേ അമേരിക്കകാരനാണ്. ഭൂമിയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മുഴുവനും വ്യാപിച്ചു കിടക്കുന്ന ‘സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം’ ഇതിന് സ്വന്തമായുണ്ട്.

മാംസളമായ തണ്ടുകളും വലിയ ഇലകളും മനോഹരമായ വയലറ്റ് നിറമുള്ള പൂക്കളുമുള്ള ഈ ‘സുന്ദരന്‍’ കാഴ്ചയില്‍ നമ്മെ മോഹിപ്പിക്കുമെങ്കിലും അത്യധികം ഉപദ്രവകാരിയാണെന്ന് മനസിലാക്കണം. ഈ ‘സ്വദേശിവല്‍ക്കരിക്കപ്പെട്ട വിദേശ സസ്യ’ ത്തിന്റെ അനിയന്ത്രിതമായ വളര്‍ച്ച മൂലം നമുക്കുണ്ടാകുന്ന സാമ്പത്തികവും ജീവശാസ്ത്രപരമവുമായ പ്രഭാവം ഇതുവരെ ശരിയായി കണക്കാക്കപ്പെട്ടിട്ടില്ല. ഈ വിഷയത്തിന്മേലുള്ള ഒരവലോകനമാണ് ഈ ലേഖനത്തിന്റെ ഉദേശ്യം.

കുളവാഴ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെ?

ലോകത്തിലെ ഏറ്റവുമധികം വളര്‍ച്ചാ നിരക്കുള്ള സസ്യമാണ് കുളവാഴ. അനുകൂല സാഹചര്യങ്ങളില്‍ ഒരാഴ്ച കൊണ്ട് എണ്ണത്തില്‍ ഇരട്ടിയ്ക്കും. ജലോപരിതലം പൂര്‍ണ്ണമായും മറച്ച് പായ വിരിച്ചതുപോലെയാണ് ഇവ തിങ്ങി വളരുന്നത്. അതുകൊണ്ട് തന്നെ സൂര്യപ്രകാശവും ജീവവായുവും താഴെയുള്ള ജലത്തിലേക്ക് കടക്കുന്നില്ല. ഇതോടൊപ്പം തന്നെ ചത്തു ചീയുന്ന കുളവാഴകള്‍ ധാരാളം ഓക്‌സിജന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ ‘അനോക്‌സീകരണ’ പ്രക്രിയ മൂലം വെള്ളത്തിലുള്ള സ്വഭാവിക ജന്തു-ജീവജാലങ്ങളും സസ്യങ്ങളും നശിക്കുന്നു. അതുമൂലം അവിടെ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. പോള തിങ്ങുന്ന പ്രദേശങ്ങളിലെ ജൈവ വൈവിധ്യ നാശം മൂലം പ്രാദേശികമായ സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതാകുന്നു.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘കുട്ടനാട് പാക്കേജി’ല്‍ കുളവാഴ നിയന്ത്രണത്തിനായി വകയിരുത്തിയത് 30 കോടി രൂപയാണ്.ഇതില്‍ 22.5 കോടി രൂപ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ കുട്ടനാട്ടിലെ പോള നിയന്ത്രണത്തിനായുള്ള ഒരു പുതിയ സമഗ്ര പദ്ധതിയുടെ പണപ്പുരയിലാണ് കേരള സര്‍ക്കാര്‍. ഏകദേശം 110 കോടി രൂപയ്ക്കുള്ള പദ്ധതികളാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തയാറാക്കികൊണ്ടിരിയ്ക്കുന്നത്

മറ്റു പ്രതിലോമഘടകങ്ങളായ മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ആവാസവ്യവസ്ഥയില്‍ മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ ഇതോടൊപ്പം ചേരുമ്പോള്‍ സ്ഥിതി ഭീകരമാകുന്നു. ജൈവവൈവിധ്യം അടിസ്ഥാനമാക്കിയുള്ള ഉപജീവനം ഇല്ലാതാകുന്നു (ഉദാ: ഉള്‍നാടന്‍ മത്സ്യബന്ധനം, കക്കവാരല്‍). ഊ പ്രതിഭാസത്തിന്റെ സാമ്പത്തിക വശങ്ങള്‍ പഠനവിധേയമാക്കേണ്ടതാണ് എന്നതില്‍ സംശയമില്ല.

കുളവാഴയുടെ അമിത വളര്‍ച്ചമൂലം സാമ്പത്തിക നഷ്ടമുണ്ടാകുന്ന മറ്റു മേഖലകള്‍ പരിശോധിച്ചാല്‍ ഒരു നീണ്ട പട്ടിക തന്നെ തയാറാക്കേണ്ടി വരും.

1. ജലഗതാഗതത്തിനുണ്ടാകുന്ന തടസങ്ങള്‍: ബോട്ടുകളും വള്ളങ്ങളും സഞ്ചരിക്കാന്‍ സാധിക്കാത്തതു മൂലം വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യമല്ലാതാകുന്നു. ദേശീയ ജലപാതയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഈ സസ്യം വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

2. കൃഷിയോഗ്യമായ സ്ഥലങ്ങള്‍ കുറയുന്നു, ചെലവ് കൂടുന്നു: കുട്ടനാടുപോലെയുള്ള പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ എല്ലാവര്‍ഷവും ഈ സസ്യത്തിന്റെ അനിയന്ത്രിതമായ വളര്‍ച്ച മൂലം കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വ്യാപ്തി കുറയുന്നു. എല്ലാ വര്‍ഷവും കൃഷിക്കായി നിലമൊരുക്കുന്നതിന് മുന്‍പ് പോള വാരിമാറ്റുക അല്ലെങ്കില്‍ അടുത്ത ജലാശയത്തിലേക്ക് തള്ളി ഒഴുക്കി വിടുക എന്നതിലേക്കായി കര്‍ഷകര്‍ക്ക് ഭാരിച്ച തുക ചെലവാക്കേണ്ടി വരുന്നു.

കൊയ്ത നെല്ലും കറ്റയും സമയത്ത് കൊണ്ടുപോകാന്‍ സാധിക്കാതെയും വരുന്നുണ്ട്. ഇതുമൂലം കൃഷി കൂടുതല്‍ നഷ്ടത്തിലാകുന്നു.

3. മത്സ്യബന്ധനം, കക്ക വാരല്‍: മുന്‍പ് സൂചിപ്പിച്ചതുപോലെ കുളവാഴ നിറഞ്ഞ തോടുകളില്‍ നിന്നുള്ള മത്സ്യബന്ധനം, കക്കവാരല്‍ എന്നിവ അസാധ്യമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ പരമ്പരാഗതമായ പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ കുറയുകയും ക്രമേണ ഇല്ലാതാവുകയും ചെയ്യും.

4. ടൂറിസം രംഗത്തെ പ്രതിസന്ധികള്‍-‘ദൈവത്തിന്റെ സ്വന്തം നാടായ’ കേരളത്തിന്റെ പ്രധാന ആകര്‍ഷണമായ ഹൗസ്‌ബോട്ട് (പുരവഞ്ചി അഥവാ വഞ്ചിവീടി) മേഖലയില്‍ ഈ സസ്യം വളരെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. വള്ളങ്ങളുടെ പ്രൊപ്പല്ലറില്‍ പോളകുരുങ്ങി അപകടങ്ങളുണ്ടാകുന്നത് ആലപ്പുഴക്കാര്‍ക്ക് പുത്തരിയല്ല. യാത്രകള്‍ റദ്ദാക്കുമ്പോഴോ, വൈകുമ്പോഴോ ഉള്ള സാമ്പത്തിക നഷ്ടങ്ങളും ടൂറിസ്റ്റുകള്‍ക്കുണ്ടാകുന്ന സമയ നഷ്ടവും വിലമതിക്കാനാവാത്തതാണ്. പോള തിങ്ങിയ ചെറു തോടുകളിലൂടെയുള്ള യാത്ര തികച്ചും ദുഷ്‌കരവും അസാധ്യവുമാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

5. ശുദ്ധജല ദൗര്‍ലഭ്യം: ഊ കളസസ്യത്തിന്റെ പെരുപ്പം മൂലം ഉപയോഗയോഗ്യമായ വെള്ളത്തിന്റെ ലഭ്യത ഗണ്യമായി കുറയുന്നു. തന്മൂലം ജലവിതരണ ശൃംഖലയ്ക്ക് താങ്ങാവുന്നതിലും അപ്പുറം പ്രവര്‍ത്തിക്കേണ്ടി വരുന്നതായി ജലഅതോറിറ്റി അധികൃതര്‍ പറയുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളില്‍ പോലും ശുദ്ധജലം പമ്പു ചെയ്തു കൃത്രിമമായി എത്തിക്കേണ്ട അവസ്ഥ ഭീകരം തന്നെയാണ്. ഇതിനായി ചെലവഴിക്കേണ്ടി വരുന്ന ഊര്‍ജ്ജവും പണവും എത്രയെന്ന് കണക്കാക്കിയിട്ടില്ല താനും.

ലോകത്തിലെ ഏറ്റവുമധികം വളര്‍ച്ചാ നിരക്കുള്ള സസ്യമാണ് കുളവാഴ. അനുകൂല സാഹചര്യങ്ങളില്‍ ഒരാഴ്ച കൊണ്ട് എണ്ണത്തില്‍ ഇരട്ടിയ്ക്കും. ജലോപരിതലം പൂര്‍ണ്ണമായും മറച്ച് പായ വിരിച്ചതുപോലെയാണ് ഇവ തിങ്ങി വളരുന്നത്. അതുകൊണ്ട് തന്നെ സൂര്യപ്രകാശവും ജീവവായുവും താഴെയുള്ള ജലത്തിലേക്ക് കടക്കുന്നില്ല

6. ആരോഗ്യ രംഗത്തെ ചെലവുകള്‍: പോള തിങ്ങി വളരുന്നതു മൂലം ജലത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുന്നു. ഈ സസ്യത്തിന്റെ വേരുകള്‍ക്കിടയില്‍ ചിലയിനം കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പോള ശല്യം രൂക്ഷമായ ആലപ്പുഴയില്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നു കൊതുകുജന്യ രോഗങ്ങളുടെ പിന്നിലുള്ള രഹസ്യം ഒരളുവരെ ഇതാണ്. മനുഷ്യര്‍ക്ക് മാത്രമല്ല മത്സ്യങ്ങള്‍, താറാവ്, കോഴി മുതലായ വളര്‍ത്തു മൃഗങ്ങള്‍ക്കും അടിയ്ക്കടിയുണ്ടാകുന്ന രോഗബാധയ്ക്കും ഇത് തന്നെയാണ് കാരണം. പോള കൊണ്ടുള്ള ജലമലിനീകരണവും ഒരു പ്രധാന ഘടകമാണ്. ചികിത്സയ്ക്കായും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായും ചെലവാക്കേണ്ട തുക എല്ലാ വര്‍ഷവും വര്‍ധിച്ചു വരുന്നതായും കാണാം.

7. പോള നിയന്ത്രണത്തിനായുള്ള ചിലവുകള്‍: ഇത്രയധികം നമ്മെ ബുദ്ധിമുട്ടിക്കുന്ന ഈ കളയെ നിയന്ത്രിക്കുവാനായി മുടക്കിയ പണത്തിന് കൈയ്യും കണക്കുമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങിയ പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങള്‍, കര്‍ഷക സംഘങ്ങള്‍, ജലഗതാഗത, ടൂറിസം, കൃഷി തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍…..പണം ചെലഴിക്കുന്നവരുടെ പട്ടിക ഇനിയും നീളും. ഇവരെല്ലാം ചേര്‍ന്ന് വര്‍ഷാവര്‍ഷം ഈ ഇനത്തില്‍ ചെലവഴിക്കുന്ന തുകയ്ക്ക് യാതൊരു കണക്കുമില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘കുട്ടനാട് പാക്കേജി’ല്‍ കുളവാഴ നിയന്ത്രണത്തിനായി വകയിരുത്തിയത് 30 കോടി രൂപയാണ്.

ഇതില്‍ 22.5 കോടി രൂപ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ കുട്ടനാട്ടിലെ പോള നിയന്ത്രണത്തിനായുള്ള ഒരു പുതിയ സമഗ്ര പദ്ധതിയുടെ പണപ്പുരയിലാണ് കേരള സര്‍ക്കാര്‍. ഏകദേശം 110 കോടി രൂപയ്ക്കുള്ള പദ്ധതികളാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തയാറാക്കികൊണ്ടിരിയ്ക്കുന്നത്.

2020 ഓടെ ഈ സസ്യത്തിന്റെ വ്യാപനം തടയാനും നിയന്ത്രിക്കുവാനുമായി യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം (യുഎന്‍ഇപി) കര്‍മ്മ പദ്ധതി തയാറാക്കിയിട്ടുണ്ട് എന്നറിയുമ്പോള്‍ ഈ സസ്യത്തിന്റെ വിപത്ത് അന്താരാഷ്ട്ര മാനങ്ങളുള്ളതാണ് എന്ന് നാം തിരിച്ചറിയണം. കേരളത്തെപ്പോലെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കുളവാഴ വിവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ കേരളത്തിന്റെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയെ പ്രത്യക്ഷമായും. പരോക്ഷമായും ബാധിക്കുന്ന ഒരു ഘടകമായി കുളവാഴ പോലെയുള്ള ജലജന്യകളകള്‍ മാറികഴിഞ്ഞിരിക്കുന്നു. ഈ പ്രശ്‌നത്തിനുള്ള പരിഹാര മാര്‍ഗങ്ങളും ഇവയുടെ ഉപയോഗ സാധ്യതകളും എന്ന വിഷയത്തിന്മേലുള്ളതാണ് ലേഖനത്തിന്റെ രണ്ടാം ഭാഗം.

(ആലപ്പുഴ സനാതന ധര്‍മ്മ കോളെജിലെ അധ്യാപകനും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനുമാണ് ലേഖകന്‍
Email: nagendra.prabhu@gmail.com)

Comments

comments

Categories: FK Special, Slider