ടെലികോം രംഗത്തെ മത്സരം: മികച്ചവര്‍ അതിജീവിക്കും- കുമാര്‍ മംഗളം ബിര്‍ള

ടെലികോം രംഗത്തെ മത്സരം: മികച്ചവര്‍ അതിജീവിക്കും- കുമാര്‍ മംഗളം ബിര്‍ള

ഐഡിയക്ക് മൂലധന സമാഹരണം ആവശ്യമായിവരും

മുംബൈ: കടുത്ത മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ ടെലികോം മേഖലയില്‍ മികച്ചവര്‍ മാത്രമേ അതിജീവിക്കുകയുള്ളൂവെന്ന് ഐഡിയ സെല്ലുലാറിന്റെ മാതൃ സ്ഥാപനമായ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള.

രാജ്യത്തെ ടെലികോം വ്യവസായം വളരെ പ്രക്ഷുബ്ദവും ദുഷ്‌കരവുമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മികച്ച മൂന്ന് കമ്പനികള്‍ മാത്രമേ ഈ പോരാട്ടത്തില്‍ പിടിച്ച് നില്‍ക്കുകയുള്ളു- പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിര്‍ള പറഞ്ഞു.

വോഡഫോണുമായുള്ള ലയനത്തോടെ ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സേവനദാതാക്കളായി ഐഡിയ മാറും. എന്നിരുന്നാലും ഐഡിയക്ക് മൂലധന സമാഹരണം ആവശ്യമായിവരുമെന്നും ബിര്‍ള വ്യക്തമാക്കി. പ്രതിവര്‍ഷ പ്രവര്‍ത്തന ചെലവിനായുള്ള മൂലധന നിക്ഷേപത്തിന്റെ വകയില്‍ 2.1 ബില്ല്യണ്‍ ഡോളര്‍ ലാഭിക്കാന്‍ വോഡഫോണുമായുള്ള ലയനത്തിലൂടെ ഐഡിയക്ക് സാധിക്കും. വയര്‍ലസ് സ്‌പെക്ട്രത്തിന്റെ മെച്ചപ്പെട്ട ഉപയോഗത്തിന് സംയുക്ത സംരംഭം വഴിതെളിക്കും.

വോഡഫോണുമായുള്ള ലയനത്തോടെ ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സേവനദാതാക്കളായി ഐഡിയ മാറും

ടെലികോം മേഖലയില്‍ ലാഭം മന്ദഗതിയിലായതിനാല്‍ കൂടുതല്‍ ശ്രദ്ധയോടെ മാത്രമാണ് ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കുന്നത്. ഈ മേഖലയിലെ വായ്പകള്‍ക്ക് ഇതര കോര്‍പ്പറേറ്റ് വായ്പകളേക്കാള്‍ കൂടുതല്‍ ചെലവാണുള്ളത്. ടെലികോം സേവന രംഗം വളരെ അപകട സാധ്യതയുള്ള വ്യവസായമായി മാറിയിരിക്കുന്നു. നിരക്കുകള്‍ ഒരു ഘട്ടത്തില്‍ സുസ്ഥിരമാകണം. നിരക്ക് ഇടിയുന്നത് അവസാനിക്കും എന്ന് പറയാന്‍ ഇപ്പോഴും പ്രയാസമാണ്. അതിനാല്‍ ഓഹരി വില്‍പ്പനയും നിക്ഷേപ സമാഹരണവും ഐഡിയ നിര്‍ത്തലാക്കില്ലെന്നും ബിര്‍ള കൂട്ടിച്ചേര്‍ത്തു.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ഇന്ത്യയിലെ മറ്റ് ടെലികോം കമ്പനികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായിക്കഴിഞ്ഞു. ജിയോ മുന്നില്‍വെച്ച കുറഞ്ഞ ഡാറ്റ, കോള്‍ നിരക്കുകള്‍ ഐഡിയ അടക്കമുള്ള മറ്റു കമ്പനികളെയും സമാന ഇളവുകള്‍ക്ക് പ്രേരിപ്പിച്ചിരുന്നു.

Comments

comments

Categories: Business & Economy