റിയല്‍ എസ്റ്റേറ്റിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് പരിഗണനയില്‍

റിയല്‍ എസ്റ്റേറ്റിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് പരിഗണനയില്‍

12 ശതമാനമെങ്കിലും ജിഎസ്ടി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചുമത്താവുന്നതാണെന്ന് അരുണ്‍ ജയ്റ്റ്‌ലി

വാഷിംഗ്ടണ്‍: പരമാവധി നികുതി തട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ് എന്നും അതിനാല്‍ അവയെ ചരക്ക് സേവന നികുതിയുടെ പരിധിക്ക് കീഴില്‍ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നവംബര്‍ 9ന് ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിരവധി നികുതി വെട്ടിപ്പുകള്‍ നടക്കുന്ന മേഖലകളിലൊന്നായ റിയല്‍ എസ്റ്റേറ്റ് നിലവില്‍ ജിഎസ്ടിയുടെ പരിധിക്ക് പുറത്താണ്. അതിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് അനുകൂലവും പ്രതികൂലവുമായ നിലപാടുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്കുള്ളത്. അതിനാല്‍ അടുത്ത യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമവായത്തിലൂടെ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

മുഴുവന്‍ ഉല്‍പ്പന്ന വിഭാഗങ്ങളിലും അന്തിമ ഉപയോക്താക്കള്‍ക്കാണ് ജിഎസ്ടി വഴി കൂടുതല്‍ പ്രയോജനം ലഭിക്കുക. തല്‍ഫലമായി ജിഎസ്ടിയില്‍ മൊത്തം ഉല്‍പ്പന്നത്തിനും അടയ്‌ക്കേണ്ടുന്ന അന്തിമ നികുതി കുറവായിരിക്കും. ഇത് നികുതി ശൃംഖലയില്‍ പ്രവേശിക്കുന്നതിന് ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. 12 ശതമാനമെങ്കിലും ജിഎസ്ടി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചുമത്താവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതി അനുകൂല സമൂഹമായി ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നതിനുള്ള ഒരു അടിസ്ഥാനപരമായ പരിഷ്‌കരണമായിരുന്നു നോട്ട് അസാധുവാക്കല്‍. അത് വ്യക്തിഗത നികുതി അടിത്തറ വികസിപ്പിച്ചു. ദീര്‍ഘകാല ലക്ഷ്യങ്ങളാണ് നോട്ട് അസാധുവാക്കലിനുള്ളതെന്നും ഹ്രസ്വകാല വെല്ലുവിളികളുണ്ടെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നികുതി അനുകൂല സമൂഹമായി ഇന്ത്യയെ രൂപാന്തരപ്പെടുത്താന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പല പതിറ്റാണ്ടുകളായി ഇന്ത്യയുടെ നികുതി അടിത്തറ വ്യാപിപ്പിക്കുന്നതിനുള്ള ഗൗരവകരമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. മങ്ങിയ സമ്പദ്‌വ്യവസ്ഥയെ മറികടക്കുന്നതിനുള്ള ഘടനാപരമായ പരിശ്രമങ്ങള്‍ അടുത്തിടെ മാത്രമാണുണ്ടായത്. നോട്ട് അസാധുവാക്കല്‍ വഴി ആരുടെയും സമ്പത്ത് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടിട്ടില്ല, ചില ആളുകളുടെ തെറ്റായ ധാരണയാണത്. നിയമാനുസൃതമായി ബാങ്കില്‍ നിക്ഷേപമുള്ളവര്‍ക്കൊന്നും ഇതുവരെ പണം നഷ്ടപ്പെട്ടിട്ടില്ല. സാധാരണ വരുമാനത്തിന് ആനുപാതികമല്ലാത്ത നിക്ഷേപമുള്ളവരെ സര്‍ക്കാര്‍ കണ്ടെത്തിയെന്നും അവര്‍ നിയമം അനുശാസിക്കുന്ന നികുതി നല്‍കേണ്ടി വരുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

Comments

comments

Categories: Slider, Top Stories