പരാതിയും പരിഭവങ്ങളും പരിഹരിക്കുന്ന ‘ ആപ്പ് ‘ കാലം

പരാതിയും പരിഭവങ്ങളും പരിഹരിക്കുന്ന ‘ ആപ്പ് ‘ കാലം

സാങ്കേതികമായി ഒട്ടേറെ മുന്നേറിയിരിക്കുന്നു ലോകം. എന്തിനും ഏതിനും ഇന്നു പരിഹാരം കണ്ടെത്താന്‍ പോംവഴികളുണ്ട്. വിനോദത്തിനും വിജ്ഞാനത്തിനും ആപ്പ് ഉപയോഗപ്പെടുത്തുന്നു. എന്തിനു കുറ്റകൃത്യങ്ങള്‍ തടയാന്‍ വരെ ഇന്ന് ആപ്പ് പ്രയോജനപ്പെടുന്നു. സൈബര്‍ കുറ്റകൃത്യങ്ങളെ തടയാന്‍ കഴിയുന്ന ആപ്പിന് രൂപം കൊടുക്കാന്‍ പോവുകയാണു കേരള പൊലീസ്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ സംസ്ഥാനത്തു വ്യാപകമായ പശ്ചാത്തലത്തിലാണു കേരള പൊലീസ് പുതിയ നീക്കം നടത്തുന്നത്. നിലവില്‍ ഡയല്‍ എ കോപ് (പൊലീസ് ഓഫീസറെ ഡയല്‍ ചെയ്യൂ) എന്ന ആപ്പ് വഴി സംസ്ഥാനത്തെ എല്ലാ പൊലീസ് ഓഫീസര്‍മാരുടെയും മൊബൈല്‍ ഫോണ്‍ നമ്പര്‍ ലഭ്യമാക്കുന്നുണ്ട്.

അരികേ

അരികേ എന്ന പേരില്‍ എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ ഒരു ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. മണ്ഡലത്തിലെ ജനങ്ങളുമായി അടുത്തിടപഴകാന്‍ സഹായിക്കുന്നതാണ് ഈ ആപ്പ്. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ഈ ആപ്പ് സേവനം ലഭ്യമാകും. ഇതിലൂടെ ഒരാള്‍ക്കു തന്റെ പരാതിയും പരിഭവവും ഉന്നയിക്കാം. നമ്മള്‍ ഫോണില്‍ സംസാരിക്കുന്നതു പോലെ പരാതി പറയാം. ഇതു വോയ്‌സ് ക്ലിപ്പായി റെക്കോഡ് ചെയ്യപ്പെടും.
സാധാരണയായി നിരവധി തിരക്കുള്ളവരാണ് എംഎല്‍എമാര്‍. മണ്ഡലത്തിലെ പരാതിക്കാരന് എംഎല്‍എയെ കാണണമെങ്കിലോ പരാതി പറയണമെങ്കിലോ ചിലപ്പോള്‍ ഉദ്ദേശിച്ച സമയത്ത് സാധിച്ചെന്നു വരില്ല. ഈ പശ്ചാത്തലത്തില്‍ ആപ്പ് ഉപയോഗിച്ച് നമ്മള്‍ക്കു പരാതി പറയാമെന്നതാണ് ഈ ആപ്പിന്റെ ഗുണം.

ആപ്പുമായി കുടുംബശ്രീയും

കുടുംബശ്രീയില്‍ ഏകദേശം 44 അംഗങ്ങളുണ്ടെന്നാണു കണക്ക്. ഈ അംഗങ്ങളുമായി കുടുംബശ്രീയുടെ സംസ്ഥാന ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ക്കു നേരിട്ടു സംവദിക്കാനായി സന്ദേശ് എന്ന ആപ്പ് വികസിപ്പിക്കാനിരിക്കുകയാണ്. ഹൈദരാബാദിലെ ടിസിഎസ്സുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. കുടുംബശ്രീ നടപ്പിലാക്കാനിരിക്കുന്ന പുതിയ പദ്ധതികള്‍, തീരുമാനങ്ങള്‍ എന്നിവ അംഗങ്ങളെ പെട്ടെന്ന് അറിയിക്കാന്‍ ആപ്പിലൂടെ സാധിക്കുമെന്നാണു കരുതുന്നത്. അതോടൊപ്പം അംഗങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്കു ഞൊടിയിടയില്‍ വ്യക്തത വരുത്താനും ഇൗ സംവിധാനത്തിലൂടെ സാധിക്കും.

ഗൂഗിള്‍ ഫിറ്റ്

ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവര്‍ക്കായി ഗൂഗിള്‍ പുറത്തിറക്കിയ ആപ്പാണ് ഗൂഗിള്‍ ഫിറ്റ്. ഈ ആപ്പിലൂടെ നമ്മളുടെ ഏതൊരു പ്രവര്‍ത്തനത്തെയും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഉദാഹരണമായി ഒരാളുടെ നടപ്പ്, ഓട്ടം, സൈക്കിള്‍ ചവിട്ടം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഫോണിലോ അല്ലെങ്കില്‍ സ്മാര്‍ട്ട് വാച്ച് പോലുള്ള വെയറബിള്‍സിലൂടെയോ അറിയാന്‍ സാധിക്കും.

എറൈസിംഗ് കേരള/ വിസില്‍ നൗ

അഴിമതിക്കെതിരേ പോരാട്ടം നയിക്കുന്നവര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ പുറത്തിറക്കിയ ആപ്പാണ് ഇവ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും ഈ ആപ്പ്. നമ്മളുടെ ശ്രദ്ധയില്‍പ്പെടുന്ന അഴിമതികളുടെ വീഡിയോ, ഓഡിയോ എന്നിവ ഈ ആപ്പിന്റെ സഹായത്തോടെ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

Comments

comments

Categories: FK Special