മാന്ദ്യം മറികടക്കാന്‍ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രിയുടെ ഉപദേശക സംഘം

മാന്ദ്യം മറികടക്കാന്‍ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രിയുടെ ഉപദേശക സംഘം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യാവസ്ഥയുണ്ടെന്ന് ഒടുവില്‍ പ്രധാനമന്ത്രിയുടെ അഞ്ചംഗ സാമ്പത്തിക ഉപദേശക കൗണ്‍സിലും തുറന്നുസമ്മതിച്ചു. അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട പത്ത് മേഖലകളും സാമ്പത്തിക ഉപദേശക സമിതി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന ആദ്യ യോഗത്തിലാണ് സമിതി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

സാമ്പത്തിക വളര്‍ച്ച, തൊഴിലും തൊഴിലവസരങ്ങളും, അസംഘടിത മേഖലയും സഹകരണ മേഖലയും, സാമ്പത്തിക മാനദണ്ഡങ്ങള്‍, ധനനയം, പൊതു ചെലവിടല്‍, സാമ്പത്തിക ഭരണ നിര്‍വഹണത്തിന്റെ ഇന്‍സ്റ്റിറ്റിയൂഷനുകള്‍, കൃഷിയും മൃഗപരിപാലനവും, ഉപഭോഗ-ഉല്‍പ്പാദന പ്രവണതകളും സാമൂഹ്യ മേഖലയും തുടങ്ങിയവയില്‍ ഊന്നല്‍ നല്‍കണമെന്നാണ് സാമ്പത്തിക ഉപദേശ സമിതി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മേഖലകള്‍ ആസ്പദമാക്കിയുള്ള നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക വിവരം.

പ്രധാന സാമ്പത്തിക പ്രശ്‌നങ്ങള്‍ ഫലപ്രദമായി തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയാണ് സാമ്പത്തിക ഉപദേശക സമിതി ചൂണ്ടിക്കാട്ടിയിട്ടുള്ള മറ്റൊരു വിഷയം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യമുണ്ടെന്ന് തുറന്നുസമ്മതിച്ച സമിതി ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വളര്‍ച്ചാ നിരക്ക് മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് പോയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചംഗ സാമ്പത്തിക ഉപദേശക സമിതിക്ക് രൂപം നല്‍കിയത്. നിതി ആയോഗ് അംഗം ബിബേക് ദെബ്രോയ് ആണ് സമിതിയുടെ ചെയര്‍മാന്‍. കേന്ദ്ര ബജറ്റിലായിരിക്കും അടുത്ത കുറച്ച് മാസത്തേക്ക് സമിതി ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് സമിതിയഅംഗമായ സുര്‍ജീത്ത് ബല്ല അറിയിച്ചു.

Comments

comments

Categories: Slider, Top Stories