1.1 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വരൂപിച്ച് ഒല

1.1 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വരൂപിച്ച് ഒല

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ ഒല 1.1 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചു. ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റ് ആണ് നിക്ഷേങ്ങളില്‍ മുന്നിട്ടു നിന്നത്. ഇതുകൂടാതെ ഒരു ബില്യണ്‍ ഡോളര്‍ കൂടി സ്വരൂപിക്കാനുള്ള തയാറെടുപ്പിലാണെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റു നിക്ഷേപകരുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഒല അറിയിച്ചിട്ടുണ്ട്.

അടുത്ത ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപസമാഹരണം കൂടി പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ മൊത്തമൂല്യം നാല് ബില്യണ്‍ ഡോളറാകും. നിലവില്‍ കമ്പനിയിലെ ഏറ്റവും വലിയ നിക്ഷേപകരായ സോഫ്റ്റ്ബാങ്കിനെ കൂടാതെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റ് ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റേഴ്‌സും രണ്ടാം ഘട്ട നിക്ഷേപസമാഹരണത്തില്‍ പങ്കാളികളാകുമെന്ന് ഒല പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഏറ്റവും വലിയ ഓഹരി പങ്കാളിയായ സോഫ്റ്റ്ബാങ്കിന് കമ്പനിയിലുള്ള സ്വാധീനം കുറയ്ക്കാന്‍ ടെന്‍സെന്റ് പോലുള്ള വമ്പന്‍ നിക്ഷേപകരുടെ കടന്നുവരവിന് സാധിക്കുമെന്നാണ് വിലിരുത്തപ്പെടുന്നത്. ഒലയുടെ മുഖ്യ എതിരാളിയായ യുബറിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളിലാണ് സോഫ്റ്റ്ബാങ്ക്. രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ടാക്‌സി സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ഭാഗമാകാന്‍ ഒലയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് പ്രസിഡന്റ് മാര്‍ട്ടിന്‍ ലാ പറഞ്ഞു.

ബിസിനസ് പാട്ടത്തിനുകൊടുത്തുകൊണ്ടും ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടും സര്‍വീസ് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയായിരിക്കും ഒല ഈ ധനസമാഹരണം വിനിയോഗിക്കുക. ഡാറ്റ സയന്‍സ്, ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തുടങ്ങിയ സാങ്കേതികവിദ്യകളില്‍ ഭീമമായ നിക്ഷേപം നടത്തുന്നതിനും ഈ തുക ഉപയോഗപ്പെടുത്തും.

Comments

comments

Categories: Slider, Top Stories