മഹീന്ദ്ര ഇലക്ട്രിക് വെരിറ്റോയുടെ വില കുറയ്ക്കും

മഹീന്ദ്ര ഇലക്ട്രിക് വെരിറ്റോയുടെ വില കുറയ്ക്കും

കാറിന്റെ ഡ്രൈവിംഗ് റേഞ്ച് കുറയ്ക്കാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വെരിറ്റോയുടെ ചെലവുകള്‍ കുറയ്ക്കുന്നതിന് മഹീന്ദ്ര വിവിധ മാര്‍ഗ്ഗങ്ങള്‍ തേടുന്നു. എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ ഓര്‍ഡര്‍ ലക്ഷ്യം വെച്ചാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത്. കാറിന്റെ ഡ്രൈവിംഗ് റേഞ്ച് കുറയ്ക്കാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ ഇഇഎസ്എലിന് ഇലക്ട്രിക് വെരിറ്റോ നല്‍കാന്‍ കഴിയുമെന്ന് മഹീന്ദ്ര കണക്കുകൂട്ടുന്നു.

പൊതുമേഖലാ സ്ഥാപനമായ ഇഇഎസ്എല്‍ ടാറ്റ മോട്ടോഴ്‌സില്‍നിന്ന് പതിനായിരം ഇലക്ട്രിക് ടിഗോര്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ടാറ്റ മോട്ടോഴ്‌സ് ബിഡ് ചെയ്ത വിലയുമായി ഒത്തുപോകുമെങ്കില്‍ ആകെ ഓര്‍ഡറിന്റെ നാല്‍പ്പത് ശതമാനം മഹീന്ദ്രയ്ക്ക് നല്‍കാമെന്ന് ഇഇഎസ്എല്‍ പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഇപ്പോഴത്തെ വിലയില്‍ ഇലക്ട്രിക് വെരിറ്റോ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് വിതരണം ചെയ്യാന്‍ കഴിയില്ല എന്നതുകൊണ്ടാണ് വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.

വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വേണ്ടിയാണ് ഇഇഎസ്എല്‍ പതിനായിരം ഇലക്ട്രിക് കാറുകള്‍ സംഭരിക്കുന്നത്. ആദ്യഘട്ടത്തില്‍ 500 ഇലക്ട്രിക് കാറുകള്‍ വാങ്ങും. രണ്ടാം ഘട്ടത്തിലാണ് ബാക്കി 9,500 കാറുകള്‍ ലഭിക്കേണ്ടത്.

ആദ്യ ഘട്ടത്തില്‍ 150 ഇലക്ട്രിക് കാറുകള്‍ മാത്രമേ വിതരണം ചെയ്യൂ എന്നാണ് എം&എം വ്യക്തമാക്കിയിരിക്കുന്നത്. കൂടുതലെണ്ണം നല്‍കിയാല്‍ നഷ്ടം സംഭവിക്കുമെന്ന് കമ്പനി പ്രസ്താവിച്ചു. ഇഇഎസ്എലിന്റെ ടെന്‍ഡറില്‍ ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതലാണ് തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് എന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക പറഞ്ഞു.

ടെന്‍ഡറില്‍ ആവശ്യപ്പെട്ടിട്ടില്ലാത്ത ചില ഫീച്ചറുകളും ഇ വെരിറ്റോയില്‍നിന്ന് ഒഴിവാക്കും

ഇഇഎസ്എലിന്റെ ടെന്‍ഡറില്‍ ആവശ്യപ്പെടുന്നതിനുസരിച്ച് റേഞ്ച് കുറച്ചാല്‍ കമ്പനിക്ക് ചെലവുകള്‍ കുറയ്ക്കാനും അതുവഴി കുറഞ്ഞ വിലയില്‍ കേന്ദ്ര സര്‍ക്കാരിന് ഇലക്ട്രിക് വെരിറ്റോ വിതരണം ചെയ്യാനും കഴിയും. നിലവില്‍ ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ ഇലക്ട്രിക് വെരിറ്റോയില്‍ 140 കിലോമീറ്റര്‍ സഞ്ചരിക്കാം. ടാറ്റ മോട്ടോഴ്‌സിന്റെ വാഹനത്തേക്കാള്‍ രണ്ട് ലക്ഷം രൂപ കൂടുതലാണ് മഹീന്ദ്രയുടെ ഇലക്ട്രിക് കാറിന്റെ വില.

ഇലക്ട്രിക് വെരിറ്റോയുടെ റേഞ്ച് എങ്ങനെ കുറയ്ക്കാമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് പവന്‍ ഗോയങ്ക പറഞ്ഞു. ടെന്‍ഡറില്‍ ആവശ്യപ്പെട്ടിട്ടില്ലാത്ത ചില ഫീച്ചറുകളും ഇ വെരിറ്റോയില്‍നിന്ന് ഒഴിവാക്കും. എന്നാല്‍ വാഹനത്തിന്റെ നീളം കുറയ്ക്കില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ യാത്രയുടെ കംഫര്‍ട്ട് നഷ്ടപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ 150 കാറുകള്‍ വിതരണം ചെയ്യുന്നതിലാണ് ഇപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ശ്രദ്ധ. രണ്ടാം ഘട്ടത്തില്‍ കാറുകള്‍ നല്‍കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഗോയങ്ക കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ചെലവുകളനുസരിച്ച് രണ്ടാംഘട്ടത്തില്‍ പങ്കെടുക്കുന്നത് നഷ്ടം വരുത്തിവെയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ജിഎസ്ടി ഉള്‍പ്പെടെ 11.2 ലക്ഷം രൂപയ്ക്കാണ് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് ടിഗോര്‍ നല്‍കുന്നത്. അഞ്ച് വര്‍ഷ വാറന്റിയും വാഗ്ദാനം ചെയ്യുന്നു.

Comments

comments

Categories: Auto