ഇലക്ട്രിക് വാഹന രാജ്യമാകാന്‍ സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികളേറെ

ഇലക്ട്രിക് വാഹന രാജ്യമാകാന്‍ സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികളേറെ

അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം ഒരുക്കേണ്ടിവരും

ന്യൂ ഡെല്‍ഹി : 2030 ഓടെ രാജ്യത്തെ എല്ലാ പുതിയ പാസഞ്ചര്‍ കാര്‍ വില്‍പ്പനയും ഇലക്ട്രിക് ആയിരിക്കണമെന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. ഇതുവരെ വാണിജ്യപരമായി ഒരു ഇലക്ട്രിക് കാറിന്റെ പോലും ഉല്‍പ്പാദനം ആരംഭിച്ചിട്ടില്ലാത്ത കമ്പനി കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ഓര്‍ഡര്‍ നേടിക്കഴിഞ്ഞു. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഇതുവരെ ഒരു ഇലക്ട്രിക് കാര്‍ പോലും വിറ്റിട്ടില്ല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റയുമാണ് ഇലക്ട്രിക് വാഹന രാജ്യമെന്ന ഇന്ത്യയുടെ ലക്ഷ്യത്തെ മുന്നില്‍നിന്ന് നയിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഒരേയൊരു ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. പ്രതിമാസം 5,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളായി ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനാണ് മഹീന്ദ്ര ഒരുങ്ങുന്നത്.

ഇന്ത്യയില്‍ കാര്‍ നിര്‍മ്മാതാക്കള്‍ പ്രതിവര്‍ഷം 2.5 മില്യണ്‍ ഫോസില്‍ ഇന്ധന വാഹനങ്ങള്‍ വില്‍ക്കുന്നു എന്നത് ഇലക്ട്രിക് വാഹന രാജ്യമായി മാറാന്‍ തയ്യാറെടുക്കുന്ന രാജ്യത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ചുപുറത്തിറക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ കണക്കുകള്‍ വിലങ്ങുതടിയാകും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിതരണ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കണമെന്നത് മറ്റൊരു വെല്ലുവിളിയാണ്. കൂടാതെ ചാര്‍ജിംഗ് സംബന്ധിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായെന്നത് ഈ രംഗത്തെ അഗ്രഗാമിയായ ചൈനയുമായുള്ള ഇന്ത്യയുടെ അന്തരം വര്‍ധിപ്പിക്കുന്നു. ചൈനയില്‍ 2016 ല്‍ 3,36,000 പുതിയ ഇലക്ട്രിക് വാഹന രജിസ്‌ട്രേഷന്‍ നടന്നപ്പോള്‍ അമേരിക്കയില്‍ ഇതിന്റെ പകുതിയില്‍ താഴെ മാത്രമായിരുന്നു. 1,60,000 രജിസ്‌ട്രേഷനുകള്‍. ഇന്ത്യയിലെ നിരത്തുകളിലെത്തിയതാകട്ടെ കേവലം 450 ഇലക്ട്രിക് കാറുകളാണെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ചാര്‍ജിംഗ് സംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്ന് കണ്‍സള്‍ട്ടന്‍സി കമ്പനിയായ എടി കിയര്‍ണിയിലെ പാര്‍ട്ണര്‍ രാം കിഡംബി ആവശ്യപ്പെട്ടു. ഇന്ത്യന്‍ കമ്പനികള്‍ക്ക് യഥാസമയം ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ മതിയായ ചാര്‍ജിംഗ് സൗകര്യങ്ങളില്ലെങ്കില്‍ കാര്‍ ഉടമകള്‍ എന്തുചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.

കാലാവസ്ഥാ വ്യതിയാനം നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ ചാമ്പ്യനാവുക എന്ന ഉദ്ദേശ്യത്തോടെയാണ് 2030 ഓടെ പുതുതായി വില്‍ക്കുന്ന എല്ലാ കാറുകളും ഇലക്ട്രിക് ആയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യം വെയ്ക്കുന്നത്. വ്യക്തമായി നിര്‍വ്വചിക്കാത്ത നയവും സബ്‌സിഡികളും കൂടാതെ ഈ ലക്ഷ്യം കൈവരിക്കുന്നത് ‘ഇന്‍ക്രെഡിബിള്‍ ഡിഫിക്കല്‍റ്റ്’ ആയിരിക്കുമെന്നാണ് ബ്ലൂംബര്‍ഗ് ന്യൂ എനര്‍ജി ഫിനാന്‍സ് നിരീക്ഷിക്കുന്നത്. ചൈനീസ് കമ്പനികള്‍ക്ക് വിവിധ പ്രാദേശിക ഭരണകൂടങ്ങള്‍ ഉദാരമായ ഫണ്ടിംഗ് ഉറപ്പാക്കിയിരുന്നു എന്ന വസ്തുത ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

വൈദ്യുതി വിതരണ കമ്പനികള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ പുതിയ വരുമാന സ്രോതസ്സാകും

ഇന്ത്യയില്‍ നിലവില്‍ 350 ചാര്‍ജിംഗ് പോയന്റുകളാണെങ്കില്‍ ചൈന ബഹുദൂരം മുന്നിലാണ്. 2016 അവസാനത്തോടെ ആ രാജ്യത്ത് 2,15,000 ചാര്‍ജിംഗ് പോയന്റുകളാണ് സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയില്‍ സാധാരണ വാഹനം വാങ്ങുന്ന വിലയില്‍ ഒരു ഇലക്ട്രിക് വാഹനം വാങ്ങാന്‍ കഴിയണമെങ്കില്‍ പതിനഞ്ച് വര്‍ഷമെങ്കിലും എടുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതാണ്ട് ഈ സമയമാകുമ്പോഴേയ്ക്കും ഇന്ത്യയെന്ന ദക്ഷിണേഷ്യന്‍ രാജ്യത്ത് ഫോസില്‍ ഇന്ധന കാറുകളുടെ വില്‍പ്പന ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന ലക്ഷ്യം അല്‍പ്പം അതിമോഹമായിപ്പോയില്ലേ എന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക സംശയം ഉന്നയിച്ചു. 2030 ഓടെ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ എന്ന ലക്ഷ്യം സംബന്ധിച്ച് കുറച്ചുകൂടി മിതത്വം ആകാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുന്നില്‍നിന്ന് നയിച്ചുകൊണ്ട് രാജ്യത്ത് അതിവേഗം പരിവര്‍ത്തനം സൃഷ്ടിക്കാനാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനുകീഴിലെ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇഇഎസ്എല്‍) ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവരില്‍നിന്ന് പതിനായിരം ബാറ്ററി കാറുകള്‍ വാങ്ങുന്നതിനുള്ള നടപടികളിലാണ്. വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ഉപയോഗിക്കുന്ന പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പകരം നാല് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കുകയാണ് ഇഇഎസ്എലിന്റെ ഇപ്പോഴത്തെ പ്രധാന ചുമതല.

രാജ്യത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി വിതരണ കമ്പനികള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ പുതിയ വരുമാന സ്രോതസ്സാകും. ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഈ കമ്പനികള്‍ താല്‍പ്പര്യം കാണിക്കുമെന്ന് ന്യൂ ഡെല്‍ഹിയിലെ ബ്ലൂംബര്‍ഗ് ന്യൂ എനര്‍ജി ഫിനാന്‍സിലെ ഇന്ത്യാ റിസര്‍ച്ച് മേധാവി ശന്തനു ജയ്‌സ്വാള്‍ ചൂണ്ടിക്കാട്ടുന്നു. തിരക്കേറിയ ഗതാഗത മേഖലകളില്‍ വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് നല്ല ബിസിനസ്സായിരിക്കും. എന്നാല്‍ ഇലക്ട്രിക് കാറുകള്‍ താരതമ്യേന കുറവായിരിക്കുന്ന ഗ്രാമീണ മേഖലകളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി നിക്ഷേപം ആകര്‍ഷിക്കുന്നത് വെല്ലുവിളിയാകും. ഗാര്‍ഹിക വൈദ്യുതീകരണത്തിന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നല്ലോ മുമ്പുണ്ടായിരുന്ന അവസ്ഥ.

ഇന്ത്യയിലെ വാഹന ഉടമസ്ഥതയും പരിതാപകരമാണ്. രാജ്യത്ത് ആയിരം പേര്‍ക്ക് പതിനെട്ട് കാറുകള്‍ മാത്രമാണെങ്കില്‍ വന്‍മതിലിനപ്പുറത്ത് 69 കാറുകളും അമേരിക്കയില്‍ 786 കാറുകളുമാണ്. നയാസൂത്രണ സമിതിയായ നിതി ആയോഗും കൊളറാഡോ ആസ്ഥാനമായ റോക്കി മൗണ്ടെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് ഈ കണക്കുകള്‍ സംഘടിപ്പിച്ചത്. രാജ്യത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള നാലുചക്ര വാഹനങ്ങളുടെ കുറവും വലിയ തോതിലുള്ള ഇരുചക്ര വാഹനങ്ങളും ഒരു സാധ്യതയാണെന്നും ഇന്ത്യക്കാര്‍ അതിവേഗം ഇലക്ട്രിക് കാറുകളില്‍ താല്‍പ്പര്യം കാണിച്ചുതുടങ്ങുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഡിമാന്‍ഡ് വര്‍ധിക്കുമ്പോള്‍ ഇലക്ട്രിക് കാറുകളുടെ വില കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര കമ്പനികളും ഇത്തരം കാര്യങ്ങളിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ബോള്‍ട്ട്, ടിയാഗോ ഹാച്ച്ബാക്ക് മോഡലുകളുടെ പ്ലഗ്-ഇന്‍ വേര്‍ഷനുകള്‍ നിര്‍മ്മിച്ചശേഷം ഇലക്ട്രിക് ബസ്സുകളുടെ പരീക്ഷണ ഓട്ടങ്ങളിലാണ് ടാറ്റ മോട്ടോഴ്‌സ്. അടുത്ത രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിമാസ ഇലക്ട്രിക് വാഹന ഉല്‍പ്പാദനശേഷി 5,000 യൂണിറ്റായി വര്‍ധിപ്പിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ലക്ഷ്യം.

ടാറ്റ മോട്ടോഴ്‌സ് മറ്റൊന്നുകൂടി ലക്ഷ്യം വെയ്ക്കുന്നു. സര്‍ക്കാരിന് ഇലക്ട്രിക് കാറുകള്‍ വില്‍ക്കുക. തുടര്‍ന്ന് പൊതു ഗതാഗത ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് ബസ്സുകളും ട്രക്കുകളും പുറത്തിറക്കും. ഇലക്ട്രിക് വാഹന ബിസിനസ്സില്‍ ഒരുപാട് നിക്ഷേപം നടത്തിയതായി ടാറ്റ മോട്ടോഴ്‌സ് സിഇഒ ഗുന്ദര്‍ ബുഷെക് വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Auto