ആപ്പിളിനും സാംസംഗിനും ഭീഷണി ഉയര്‍ത്തി ഗൂഗിള്‍ പിക്‌സല്‍

ആപ്പിളിനും സാംസംഗിനും ഭീഷണി ഉയര്‍ത്തി ഗൂഗിള്‍ പിക്‌സല്‍

സ്മാര്‍ട്ട്ഫോണുകളുടെ പ്രീമിയം വിഭാഗത്തില്‍ ആപ്പിളിന്റെയും സാംസംഗിന്റെയും അപ്രമാദിത്വം തകര്‍ക്കാന്‍ ചൈനീസ് ഭീമന്‍ ഹ്വാവെയ് കിണഞ്ഞു ശ്രമിക്കുകയാണ്. അതിനിടെയാണ് പിക്‌സലുമായി കളിക്കളത്തില്‍ സജീവമാകാന്‍ ടെക് ലോകത്തെ തമ്പുരാന്‍ ഗൂഗിള്‍ തീരുമാനിക്കുന്നത്. ഇതോടെ ഈ രംഗത്തെ യുദ്ധം ശരിക്കും മുറുകും

ഗൂഗിളിന്റെ ഇന്ത്യന്‍ വംശജനായ സിഇഒ സുന്ദര്‍ പിച്ചെ കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്-എഐ)യുടെ വലിയ ആരാധകനാണ്. എഐയുടെ ആദ്യ ദിനങ്ങളാണിതെന്നതില്‍ സംശയമൊന്നുമില്ല. എങ്കിലും, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ്. സംരംഭങ്ങളുടെ പ്രവര്‍ത്തനത്തെയും വളര്‍ച്ചയെയും കാര്യമായി സ്വാധീനിക്കുവാന്‍ കൃത്രിമ ബുദ്ധിയ്ക്ക് കഴിയും.
ഇന്നത്തെ കാലത്ത് സ്മാര്‍ട്ട് ഫോണുകളില്‍ എഐ എന്നു പറയുന്നത് പുത്തരിയല്ല. ആപ്പിളിന്റെ സിരി, സാംസംഗിന്റെ ബിക്‌സി, ഗൂഗിളിന്റെ ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ തങ്ങളുടെ ഉപകരണങ്ങളുമായി സംവേദിക്കുന്നവരോട് ആശയവിനിമയം നടത്തി വരുന്നു.

എന്നാല്‍, ഇതിനിടയില്‍ എഐയുടെ മിശ്രിതത്തില്‍ പിച്ചെ കണ്ണുവെച്ചിരിയ്ക്കുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ പ്രീമിയം വിഭാഗത്തിലെ എതിരാളികളില്ലാത്ത കമ്പനികളായ ആപ്പിളിനും സാംസംഗിനും വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ട് സോഫ്റ്റ് വെയറിലും ഹാര്‍ഡ്‌വെയറിലും എഐയുടെ സാധ്യതകളാണ് പിച്ചെ തേടിയത്.

അടുത്തിടെ പുറത്തിറക്കിയ ഗൂഗിള്‍ പിക്‌സല്‍ 2നും 2 എക്‌സ്എല്ലിനും വിപണിയില്‍ ഇടമുണ്ടെന്നാണ് ടെക്‌നോളജി വിദഗ്ധര്‍ വിശ്വസിക്കുന്നത്. ഈ വിഭാഗത്തില്‍ പ്രധാനപ്പെട്ട സാന്നിധ്യമായി അവ മാറുമെന്നും അവര്‍ വിലയിരുത്തുന്നു. ഇന്നൊവേഷനുകളും വില്‍പ്പന, വിപണന ശൃംഖലകളിലെ മെച്ചപ്പെടലുകളും ശരിയായ ദിശയില്‍ ക്രമീകരിക്കുക വഴി വരും ദിനങ്ങളില്‍ ആപ്പിളിനും സാംസംഗിനും തലവേദന സൃഷ്ടിക്കുവാന്‍ പിക്‌സലിനു കഴിയുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിച്ച പിക്‌സലിന് നിലവില്‍ രണ്ട് ശതമാനത്തിന് താഴെയാണ് വിപണി വിഹിതമുള്ളത്. ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ലുക്കില്‍ എത്രമാത്രം മികച്ചതാണെന്നതില്‍ കാര്യമില്ല. ഉപഭോക്താക്കളുടെ അലമാരയില്‍ ഇത് ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി-ഫോറസ്റ്ററിന്റെ വൈസ് പ്രസിഡന്റും പ്രിന്‍സിപ്പല്‍ അനലിസ്റ്റുമായ തോമസ് ഹുസണ്‍ പറയുന്നു. കാരിയേഴ്‌സുമായും മറ്റ് വിതരണ ചാനലുകളുമായും കൈകോര്‍ത്ത് വിതരണ ശൃംഖലയില്‍ ഗൂഗിള്‍ മികവ് തെളിയിച്ചിരിക്കുകയാണ്.

കംപ്യൂട്ടിംഗ് എന്നത് ഇപ്പോള്‍ കൂടുതല്‍ സംഭാഷണപരവും ചുറ്റും വ്യാപിച്ചു കിടക്കുന്നതും സന്ദര്‍ഭോചിതവുമായി മാറിയെന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കിടെ പിക്‌സല്‍ കുടുംബത്തിലെ പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നതിനിടെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞിരുന്നു

വെന്‍ഡര്‍മാര്‍ക്ക് പരിശീലനവും മാര്‍ക്കറ്റിംഗിന് വന്‍തുകയുടെ നിക്ഷേപവും ഗൂഗിള്‍ നടത്തിയിരിക്കുന്നു. അത് ചെറിയ ഒരു ജോലിയൊന്നുമല്ല. കമ്പനിയുടെ ഇത്രനാളുമുള്ള പാരമ്പര്യത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിത്. എന്നിരുന്നാലും ഏറ്റവും മികച്ച അനന്തരഫലം ഉണ്ടാക്കുന്നതിന് കഠിന പരിശ്രമത്തിലാണ് ഗൂഗിള്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം തായ്‌വാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എച്ച്ടിസി കോര്‍പ്പറേഷന്റെ മൊബീല്‍ ഡിവിഷന്‍ ടീമിനെ 1.1 ബില്ല്യണ്‍ ഡോളറിന് അവര്‍ ഏറ്റെടുത്തിരുന്നു. പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിക്കുന്നതിന് ഈ ടീം ഗൂഗിളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയെ ഗൂഗിള്‍ ഏറ്റെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. മോട്ടറോള മൊബിലിറ്റിയെ 12.5 ബില്ല്യണ്‍ ഡോളറിന് ആറ് വര്‍ഷം മുന്‍പ് ഏറ്റെടുക്കുകയും, 2014ല്‍ അത് ലെനോവോയ്ക്ക് മറിച്ചു വില്‍ക്കുകയും ചെയ്തിരുന്നു അവര്‍.
ഗൗരവമേറിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായി മാറുന്നതിനുള്ള ഗൂഗിളിന്റെ ആഗ്രഹം അടിവരയിടുന്നതാണ് ഇതെന്ന് ഐഡിസി ഇന്ത്യയിലെ സീനിയര്‍ റിസേര്‍ച്ച് മാനേജര്‍ നവകേന്ദര്‍ സിംഗ് പറയുന്നു. എന്നാല്‍, ഫോണ്‍ രൂപകല്‍പ്പനയുടെ ഭാഷ പരിഗണിക്കുമ്പോള്‍, പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമില്‍ മാറ്റുരയ്ക്കാനാണ് ഗൂഗിളിന്റെ ശ്രമമെന്ന് ഇത് പറഞ്ഞു വയ്ക്കുന്നു. ഹാര്‍ഡ്‌വെയര്‍ വിഭാഗത്തേക്കാള്‍ കൂടുതലായി സോഫ്റ്റ് വെയര്‍ മേഖലയ്ക്ക് പ്രാധാന്യം കൊടുക്കാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രീമിയം വിഭാഗത്തില്‍, രൂപകല്‍പ്പന, ലുക്ക് തുടങ്ങി എല്ലാ സൗന്ദര്യശാസ്ത്രപരമായ കാര്യങ്ങളും പരിഗണിക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്നതിനേക്കാള്‍ അധികമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് ഗൂഗിള്‍ പിക്‌സലില്‍.

അടുത്തിടെ പുറത്തിറക്കിയ സാംസംഗ് ഗാലക്‌സി നോട്ട് 8 ന്റെയും ഐഫോണ്‍ X ന്റെയും രൂപകല്‍പ്പനയില്‍ പുറം ചട്ടയില്ലാത്ത ഡിസ്‌പ്ലേ അവതരിപ്പിച്ചതിലൂടെ ആപ്പിളും സാംസംഗും സ്മാര്‍ട്ട്‌ഫോണ്‍ സൗന്ദര്യ ശാസ്ത്രത്തെയും രൂപകല്‍പ്പന ഭാഷയെയും മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്-സിംഗ് ഊന്നിപ്പറഞ്ഞു. ഇക്കാര്യം പരിഗണയ്‌ക്കെടുക്കുമ്പോള്‍ പ്രീമിയം വിപണിയില്‍ ഇടം കണ്ടെത്തുന്നതിന് പിക്‌സല്‍ 2 വെല്ലുവിളികള്‍ നേരിടേണ്ടി വരും. അതേസമയം, പിക്‌സല്‍ ശ്രേണിക്ക് കാമറ ശക്തമായി നിലകൊള്ളുന്നുവെന്നാണ് പ്രഥാമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ആന്‍ഡ്രോയിഡ് വേര്‍ഷനും പുറത്തിറങ്ങുന്ന മുറയ്ക്ക് അവ ഫോണില്‍ ലഭ്യമാകുന്നതിന് പുറമെയാണിത്-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പിക്‌സലിന് മികച്ച തുടക്കമാണ് ലഭിച്ചത്. നല്ലൊരു വിപണി വിഹിതം സ്വന്തമാക്കാന് പിക്‌സലിന് കഴിഞ്ഞിട്ടില്ലെങ്കിലും ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് പ്രീമിയം വിഭാഗത്തില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ബുക്ക് ചെയ്യുവരുടെ ഇടയില്‍-കൗണ്ടര്‍പോയിന്റ് റിസേര്‍ച്ചിലെ മൊബീല്‍ ഡിവൈസസ് ആന്‍ഡ് ഇക്കോസിസ്റ്റം വിഭാഗം അസോസിയേറ്റ് ഡയറക്റ്റര്‍ തരുണ്‍ പഥക് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിച്ച പിക്‌സലിന് നിലവില്‍ രണ്ട് ശതമാനത്തിന് താഴെയാണ് വിപണി വിഹിതമുള്ളത്

സാംസംഗിന്റെ മുന്‍നിര ഉപകരണങ്ങളുമായി വിലയില്‍ അടുത്തു നില്‍ക്കുന്നതിനാല്‍ പിക്‌സല്‍ 2 കുടുംബത്തിന് പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. ചുരുക്കത്തില്‍, ആപ്പിളിന്റെയും സാംസംഗിന്റെയും അജയ്യതയ്ക്ക് ശക്തമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കുറച്ചു കാലമെടുക്കുമെങ്കിലും ഇവയ്ക്ക് രണ്ടിലും പുറമെ കൂടൂതലായി എന്തെങ്കിലും തേടുന്ന ഉപഭോക്താക്കള്‍ക്ക് ഇതൊരു ബദലായി വര്‍ത്തിക്കും-പഥക് ചൂണ്ടിക്കാട്ടി.

കംപ്യൂട്ടിംഗ് എന്നത് ഇപ്പോള്‍ കൂടുതല്‍ സംഭാഷണപരവും ചുറ്റും വ്യാപിച്ചു കിടക്കുന്നതും സന്ദര്‍ഭോചിതവുമായി മാറിയെന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കിടെ പിക്‌സല്‍ കുടുംബത്തിലെ പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നതിനിടെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ എന്നിവയെ ഒന്നിച്ചു ചേര്‍ത്തു കൊണ്ടുള്ള അതുല്യമായ നിമിഷമാണിത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിക്‌സലിന്റെ സോഫ്റ്റ് വെയര്‍ കൂടുതല്‍ സ്മാര്‍ട്ടര്‍ ആക്കുന്നതിനും ഉപഭോക്താക്കള്‍ക്കും മറ്റ് ബ്രാന്‍ഡുകള്‍ക്കുമിടയില്‍ പ്രസക്തമായ വേദിയായി നിലകൊള്ളുന്നതിനും എഐ മെഷീനിലേക്ക് ഗൂഗിള്‍ കൂടുതല്‍ ഡാറ്റ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.

Comments

comments

Categories: FK Special, Slider