എയര്‍ ഇന്ത്യയെ കരകയറ്റാന്‍ തന്നെ ബന്‍സാലിന്റെ ശ്രമം

എയര്‍ ഇന്ത്യയെ കരകയറ്റാന്‍ തന്നെ ബന്‍സാലിന്റെ ശ്രമം

സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെങ്കിലും അതിന് മുമ്പ് എയര്‍ ഇന്ത്യയില്‍ തന്നാല്‍ കഴിയുന്ന മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയാണ് രാജീവ് ബന്‍സാല്‍

ന്യൂഡെല്‍ഹി: നഷ്ടത്തിലുള്ള ദേശീയ വിമാന കമ്പനി എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചു കഴിഞ്ഞിട്ട് കുറച്ചായി. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യയെ വാങ്ങാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ഔദ്യോഗികമായി പ്രഖ്യാപനം തന്നെ നടത്തിയത്. എന്നാല്‍ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനിടയിലും നഷ്ടത്തില്‍ നിന്നും കമ്പനിയെ കരകയറ്റാനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുമായി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ രാജീവ് ബന്‍സാല്‍ മുന്നോട്ടുപോവുകയാണ്.

ഓഹരി വില്‍പ്പനയില്‍ ഞാന്‍ എന്തിന് ആശങ്കപ്പെടണം. എംഡി എന്ന നിലയില്‍ ഞാന്‍ എന്റെ ജോലി ചെയ്യുന്നു. വരുമാനം വര്‍ധിപ്പിക്കുന്നതിനും കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വിമാനസര്‍വീസ് കൃത്യമായി നടത്താനും ഞാന്‍ കിണഞ്ഞു ശ്രമിക്കും-പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജീവ് ബന്‍സാല്‍ പറഞ്ഞു.

എയര്‍ ഇന്ത്യയുടെ മൂല്യത്തില്‍ ഇടിവ് സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ പശ്ചാത്തലത്തില്‍ തന്റെ ദൗത്യമെന്ന് ബന്‍സാല്‍

സര്‍വീസിന്റെ കൃത്യതയുടെ നിരക്ക് 90 ശതമാനമാക്കി ഉയര്‍ത്താനാണ് ബന്‍സാലിന്റെ ശ്രമം. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ അത്ര എളുപ്പമല്ലെന്നും ജീവനക്കാരുടെ പിന്തുണയില്ലെങ്കില്‍ നിറവേറ്റാന്‍ സാധിക്കില്ലെന്നും എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. എയര്‍ ഇന്ത്യയെ ഇഷ്ടപ്പെടുന്ന ധാരാളമാളുകള്‍ ഉണ്ട്. എന്റെ ലക്ഷ്യം എയര്‍ ഇന്ത്യയിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുകയെന്നതാണ്-അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യയുടെ മേധാവിയായിരുന്ന അശ്വനി ലൊഹാനിയെ റെയ്ല്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ആയി നിയമിച്ചതിനെ തുടര്‍ന്നാണ് പെട്രോളിയം മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ബിന്‍സാല്‍ എയര്‍ ഇന്ത്യയുടെ ചെയര്‍മാനും എംഡിയുമായി ചുമതലയേല്‍ക്കുന്നത്.

എല്ലാ നേട്ടങ്ങളും സ്വന്തമാക്കുന്നതില്‍ ജീവനക്കാരുടെ പങ്ക് നിര്‍ണ്ണായകമാണ്. ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിന് എസ്എംഎസ് കാംപയ്ന്‍ ആരംഭിച്ചത് ഇതിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ സര്‍ക്കാര്‍ വിറ്റൊഴിയാന്‍ തീരുമാനിച്ച സമയത്തായിരുന്നു ബന്‍സാലിന്റെ നിയമനം. ഓഹരി വില്‍പ്പന മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതിനായി ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. എയര്‍ ഇന്ത്യയുടെ മൂല്യത്തില്‍ ഇടിവ് സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ പശ്ചാത്തലത്തില്‍ തന്റെ ദൗത്യമെന്നും ബന്‍സാല്‍ പറഞ്ഞു.

Comments

comments

Categories: Business & Economy