സെപ്റ്റംബറില്‍ വാഹന വില്‍പ്പന വര്‍ധിച്ചത് 10 ശതമാനം

സെപ്റ്റംബറില്‍ വാഹന വില്‍പ്പന വര്‍ധിച്ചത് 10 ശതമാനം

രണ്ടാം പാദത്തില്‍ വിറ്റതാകട്ടെ 1.27 കോടിയിലധികം വാഹനങ്ങള്‍

ന്യൂ ഡെല്‍ഹി : ആഭ്യന്തര വിപണിയിലെ സെപ്റ്റംബര്‍ മാസത്തെ വാഹന വില്‍പ്പന കണക്കുകള്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) പുറത്തുവിട്ടു. 2016 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ ഒമ്പതാം മാസത്തില്‍ വാഹന വില്‍പ്പനയില്‍ പത്ത് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ സെഗ്‌മെന്റുകളിലായി ആകെ 24,90,034 യൂണിറ്റ് വാഹനങ്ങള്‍ വിറ്റുപോയി. 2016 സെപ്റ്റംബറില്‍ വിറ്റത് 22,63,620 യൂണിറ്റ് വാഹനങ്ങളാണ്.

2017 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കാറുകള്‍, എസ്‌യുവികള്‍, വാനുകള്‍ എന്നിവ ഉള്‍പ്പെടുന്ന പാസഞ്ചര്‍ വാഹന വിപണിയില്‍ ആകെ 1.63 മില്യണ്‍ യൂണിറ്റ് വില്‍പ്പന നടന്നു. ആഭ്യന്തര വിപണിയില്‍ 3.53 ലക്ഷം യൂണിറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങളും 10.50 മില്യണ്‍ യൂണിറ്റ് ഇരുചക്ര വാഹനങ്ങളും വിറ്റുപോയി.

സെപ്റ്റംബറില്‍ പാസഞ്ചര്‍ കാറുകളുടെ ആഭ്യന്തര വില്‍പ്പന 11.32 ശതമാനമാണ് വര്‍ധിച്ചത്. 3,09,955 യൂണിറ്റ് പാസഞ്ചര്‍ കാറുകളുടെ വില്‍പ്പന നടന്നു. കാര്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റുപോയത് എസ്‌യുവികളായിരുന്നു. അതേസമയം കയറ്റുമതി കുറയുന്നത് ഉല്‍പ്പാദനത്തില്‍ നിഴലിക്കുന്നുണ്ട്. കാറുകള്‍, എസ്‌യുവികള്‍, വാനുകള്‍ എന്നിവയുടെ ഉല്‍പ്പാദനം 0.44 ശതമാനം ഇടിഞ്ഞ് 3,43,437 യൂണിറ്റിലെത്തി.

കഴിഞ്ഞ മാസം അവസാനിച്ച രണ്ടാം പാദത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതുപോലെ പാസഞ്ചര്‍ വാഹന വില്‍പ്പന 9.16 ശതമാനമാണ് വര്‍ധിച്ചത്. 2017-18 രണ്ടാം പാദത്തില്‍ 1.63 മില്യണ്‍ യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് (കാറുകള്‍, എസ്‌യുവികള്‍, വാനുകള്‍) വിറ്റത്.

രണ്ടാം പാദത്തില്‍ വാഹന കയറ്റുമതി 10.71 ശതമാനം വര്‍ധിച്ചതില്‍ ഇരുചക്ര വാഹനങ്ങളും മൂന്നുചക്ര വാഹനങ്ങളും വലിയ പങ്ക് വഹിച്ചു

കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും സെപ്റ്റംബര്‍ നല്ല കാലമായിരുന്നു. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, മീഡിയം ആന്‍ഡ് ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ആകെ 77,195 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. 2016 സെപ്റ്റംബറിലെ വില്‍പ്പനയേക്കാള്‍ 25.27 ശതമാനമായിരുന്നു വളര്‍ച്ച. രണ്ടാം പാദത്തില്‍ ആഭ്യന്തര വിപണിയിലെ കൊമേഴ്‌സ്യല്‍ വാഹന വില്‍പ്പന 6 ശതമാനത്തോളം വര്‍ധിച്ചു. 3,53,342 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. ഇതില്‍ 2,24,657 യൂണിറ്റ് എല്‍സിവികളും 1,28,685 യൂണിറ്റ് എം&എച്ച്‌സിവികളും ഉള്‍പ്പെടുന്നു.

സെപ്റ്റംബറില്‍ ആഭ്യന്തര വിപണിയില്‍ 2.49 മില്യണ്‍ യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റുപോയി. ഇതില്‍ 6.86 ലക്ഷം യൂണിറ്റ് സ്‌കൂട്ടറുകളും 12.69 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും 84,934 യൂണിറ്റ് മോപഡുകളും ഉള്‍പ്പെടുന്നു.

രണ്ടാം പാദത്തില്‍ ഇരുചക്ര വാഹന വില്‍പ്പന 10.14 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ഒരു കോടിയിലധികം യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റു. 2016-17 രണ്ടാം പാദത്തില്‍ 9.53 മില്യണ്‍ ഇരുചക്ര വാഹനങ്ങളാണ് വിറ്റതെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 10.50 മില്യണ്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന സാധിച്ചു. ഇതില്‍ 3.57 മില്യണ്‍ യൂണിറ്റ് സ്‌കൂട്ടറുകളും 6.50 മില്യണ്‍ യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും 4.20 ലക്ഷം യൂണിറ്റ് മോപഡുകളുമാണ്.

രണ്ടാം പാദത്തില്‍ വാഹന കയറ്റുമതി 10.71 ശതമാനം വര്‍ധിച്ചതില്‍ ഇരുചക്ര വാഹനങ്ങളും മൂന്നുചക്ര വാഹനങ്ങളും വലിയ പങ്ക് വഹിച്ചു. ഇരുചക്രവാഹന, മൂന്നുചക്ര വാഹന സെഗ്‌മെന്റുകള്‍ യഥാക്രമം 15.22 ശതമാനം, 19.42 ശതമാനം കയറ്റുമതി വളര്‍ച്ചയാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തേക്കാള്‍ പാസഞ്ചര്‍ വാഹനങ്ങളുടെയും കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെയും കയറ്റുമതി യഥാക്രമം 1.34 ശതമാനം, 28.53 ശതമാനം എന്നിങ്ങനെ വര്‍ധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ 1.94 മില്യണ്‍ യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്.

Comments

comments

Categories: Auto