ഇന്ത്യയിലെ ഉപഭോക്തൃ അടിത്തറ ശക്തമാക്കാന്‍ സാപ്

ഇന്ത്യയിലെ ഉപഭോക്തൃ അടിത്തറ ശക്തമാക്കാന്‍ സാപ്

മുംബൈ: ജിഎസ്ടിയുടെ ചുവടുപിടിച്ച് ഇന്ത്യയിലെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ ടെക്‌നോളജി കമ്പനിയായ സാപ്. ജിഎസ്ടി നടപ്പിലാക്കിയതിനുശേഷം രാജ്യത്ത് രൂപപ്പെട്ട സാമ്പത്തിക സാഹചര്യങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളെ നേടാന്‍ കമ്പനിയെ സഹായിക്കുമെന്നാണ് കമ്പനി കരുതുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ സാപിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ എണ്ണം 8,500 ആയി വര്‍ധിച്ചിരുന്നു. ‘സമ്പദ്ഘടന പൂര്‍ണമായി ഡിജിറ്റല്‍വല്‍ക്കരിക്കപ്പെടുമ്പോള്‍ രണ്ട് കാര്യങ്ങളാണ് സംഭവിക്കുന്നത്. പുതിയ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിനും പുതിയ ഇആര്‍പി സംവിധാനം സ്വീകരിക്കുന്നതിനും ഇത് കാരണമാകും. നിലവില്‍ ടാറ്റാ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് തുടങ്ങി പല പ്രമുഖ ഇന്ത്യന്‍ കമ്പനികളും സാപിന്റെ ഉപഭോക്തൃ പട്ടികയിലുണ്ട്.’ സാപ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ എംഡി ദേബ് ദീപ് സെന്‍ഗുപ്ത പറഞ്ഞു.

എല്ലാ തലത്തിലുമുള്ള നികുതികള്‍ ഒറ്റക്കുടക്കീഴിലാക്കികൊണ്ട് ജൂലൈ ഒന്നിനാണ് ഇന്ത്യയില്‍ ജിഎസ്ടി നിലവില്‍ വന്നത്. സാപ് ലിയോനാര്‍ഡോ വിഭാഗവുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഡിജിറ്റല്‍ ആവാസവ്യവസ്ഥ രൂപീകരിക്കുമെന്ന് സാപ് പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ പ്ലാറ്റ്‌ഫോം സംവിധാനത്തിന്റെ വിപുലീകരണത്തിനും ഇന്‍ഡസ്ട്രിയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമായി പല ഇന്ത്യന്‍ ടെക്‌നോളജി കമ്പനികളുമായി സാപ് സഹകരിക്കുന്നുണ്ട്. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകളുടെയും സര്‍വീസുകളുടെയും ശേഖരമാണ് സാപ് ലിയോനാര്‍ഡോ.

Comments

comments

Categories: Business & Economy