ഗള്‍ഫില്‍ പുതിയ രക്ഷകന്‍

ഗള്‍ഫില്‍ പുതിയ രക്ഷകന്‍

രാജ്യങ്ങള്‍ തമ്മിലുളഅള സൗഹൃദങ്ങളില്‍ തീര്‍ത്തും അപ്രതീക്ഷിതമായ പലതും സംഭവിച്ചേക്കും. അതിനുദാഹരണമാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ റഷ്യ നടത്തുന്ന ഇടപെടല്‍. സൗദി അറേബ്യയുടെ സല്‍മാന്‍ രാജാവിന്റെ റഷ്യന്‍ സന്ദര്‍ശനം പുതിയ സമവാക്യങ്ങളിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. അമേരിക്ക മാത്രമല്ല ഗള്‍ഫില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വന്‍ ശക്തി എന്ന സന്ദേശം കൂടി അത് നല്‍കുന്നു

എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ തമ്മിലുള്ള കരാര്‍ 2018ന്റെ അവസാനം വരെ നീട്ടിയേക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ പ്രസ്താവന പലതും അടിവരയിടുന്നുണ്ട്. ഗള്‍ഫ് മേഖലയുടെ പുതിയ രക്ഷകനെന്ന നിലയില്‍ റഷ്യ അവതരിക്കുകായണെന്ന വലിയ സന്ദേശമാണോ അത് നല്‍കുന്നതെന്ന് നയതന്ത്രവിദഗ്ധര്‍ ചര്‍ച്ചയാരംഭിച്ചു കഴിഞ്ഞു.

എണ്ണ വിപണിയെ തിരിച്ചുകൊണ്ടുവരുന്നതിനായി വെട്ടിച്ചുരുക്കല്‍ കരാര്‍ നീട്ടുന്ന കാര്യം ഒപെക് രാജ്യങ്ങളുടെ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കില്‍ കൂടി അവരുടെയെല്ലാം നിഗമനങ്ങളെ കവച്ചുവെക്കുന്നതായിരുന്നു റഷ്യ മുന്നോട്ടുവച്ച കാലപരിധി. എണ്ണ വിപണിയുടെ വളര്‍ച്ച തിരികെ കൊണ്ടുവരുന്നതിനായാണ് ഒപെക് അംഗരാജ്യങ്ങളും റഷ്യ ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളും തമ്മില്‍ എണ്ണ ഉല്‍പ്പാദന നിയന്ത്രണ കരാറില്‍ എത്തിയത്. ഇതിലൂടെ പ്രതിദിന ഉല്‍പ്പാദനം 1.8 മില്യണ്‍ ബാരലാക്കി കുറച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് കരാറിന്റെ കാലാവധി.

വിപണിയില്‍ സ്ഥിരത കൊണ്ടുവരാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമാണ്. അതിനായി ഒപെകുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് മൊത്തത്തിലുള്ള ആഗോള സാമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നും മോസ്‌കോയില്‍ നടന്ന എനര്‍ജി ഫോറത്തില്‍ പുടിന്‍ പറഞ്ഞിരുന്നു. 

കരാര്‍ നീട്ടുന്നതിനേക്കുറിച്ചും നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ടെന്നും ഒപെക് മന്ത്രിമാര്‍ മുമ്പ് പറഞ്ഞിരുന്നുു. ആറ് മാസത്തേക്ക് ആരംഭിച്ച കരാര്‍ മേയില്‍ നടന്ന ഒപെക് മീറ്റിംഗില്‍ വെച്ച് 2018 മാര്‍ച്ച് വരെ നീട്ടിയിരുന്നു. കരാര്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യങ്ങള്‍ ഉല്‍പ്പാദന പരിധിയിലേക്ക് എത്തിയിട്ടില്ല. ഒപെക്കിലെ തീരുമാനത്തിനനുസരിച്ചായിരിക്കും കരാര്‍ നീട്ടുന്നതില്‍ അന്തിമ തീരുമാനത്തിലെത്തുക. ഇവിടെ ശ്രദ്ധേയമായ കാര്യം റഷ്യ നടത്തുന്ന ഇടപെടലാണ്. സൗദി രാജാവ് സല്‍മാന്റെ റഷ്യന്‍ സന്ദര്‍ശനം കൂടി ആയതോടെ കാര്യങ്ങളുടെ ദിശയെക്കുറിച്ച് ഏകദേശ ധാരണയായിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ സൗദി അറേബ്യയും റഷ്യയും കൂടുതല്‍ അടുക്കുകയാണ്. സല്‍മാന്‍ രാജാവ് അധികാരമേറ്റെടുത്ത ശേഷവും മൊഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലേക്ക് അടുക്കാന്‍ തുടങ്ങിയ നാള്‍ മുതലും റഷ്യയുമായുള്ള സൗദിയുടെ ചങ്ങാത്തം അതിവേഗത്തിലാണ് ദൃഢമാകുന്നത്.

എണ്ണ വിപണിയുടെ ചാഞ്ചാട്ടത്തെ തുടര്‍ന്ന് ഒപെക് രാജ്യങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാര്‍ മുന്നോട്ടവച്ചതും അത് പ്രാവര്‍ത്തികമായതിലും റഷ്യക്ക് നല്ല പങ്കുണ്ട്. സൗദിയും റഷ്യയും തമ്മിലുള്ള സഹകരണമാണ് അതില്‍ നിര്‍ണായകമായത്. ആവശ്യമെങ്കില്‍ 2018ന് ശേഷവും കരാര്‍ തുടരും എന്ന പുടിന്റെ പ്രസ്താവന ഈ സഹകരണത്തിന്റെ പ്രതിഫലനവുമാണ്. റഷ്യ ഒരിക്കലും ഒപെക്കില്‍ ചേരില്ല. എന്നാല്‍ സൗദിയുമായി ബന്ധം ദൃഢമാക്കി പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കും. അമേരിക്ക എണ്ണ ഉല്‍പ്പാദനം കൂട്ടിയതും പുതിയ ബന്ധത്തിന് ശക്തി പകര്‍ന്നു. സൗദി അറേബ്യയുടെ സല്‍മാന്‍ രാജാവിന്റെ റഷ്യന്‍ സന്ദര്‍ശനം പുതിയ സമവാക്യങ്ങളിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നതെന്ന് വ്യക്തമാവുകയാണ്. അമേരിക്ക മാത്രമല്ല ഗള്‍ഫില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വന്‍ ശക്തി എന്ന സന്ദേശം കൂടി അത് നല്‍കുന്നു. റഷ്യയുടെ ശക്തമായ ഇറാന്‍ ബന്ധത്തെ കണ്ടില്ലെന്ന് നടിച്ചാണ് സൗദിയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.

Comments

comments

Categories: Editorial, Slider