സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്: ബിബേക് ദെബ്രോയ്

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്: ബിബേക് ദെബ്രോയ്

അഞ്ചംഗ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെ ആദ്യ യോഗം ഇന്ന്

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ ജിഡിപി വര്‍ധിപ്പിക്കുന്നതിന് ഉല്‍പ്പാദനക്ഷമത പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് നിതി ആയോഗ് അംഗം ബിബേക് ദെബ്രോയ്. പ്രധാനമന്ത്രിയുടെ അഞ്ചംഗ സാമ്പത്തിക ഉപദേശക കൗണ്‍സിലിലില്‍ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

‘ഏതൊരു രാജ്യത്തിന്റെയും ദേശീയ വരുമാനം തൊഴിലെടുക്കുന്ന പ്രായത്തില്‍പ്പെട്ട പൗരന്മാരുടെ ഉല്‍പ്പാദനക്ഷമതയെ ആണ് ആശ്രയിക്കുന്നത്. ദേശീയ വരുമാനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വിവിധ സ്രോതസുകളുണ്ട്. വ്യാവസായിക ഭൂമിയുടെ വര്‍ധനയിലൂടെയും രാജ്യത്തിന് വളര്‍ച്ചയുണ്ടാകും. പക്ഷെ ഇത് പരിമിതമാണ്. അതിനാല്‍, രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കുന്നതിന് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്,’ ബിബേക് ദെബ്രോയ് പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താരതമ്യേന ദരിദ്രരായിട്ടുള്ള ആളുകള്‍ക്ക് ഐടി പ്രദാനം ചെയ്യുന്ന കൂടുതല്‍ അവസരങ്ങളൊരുക്കാന്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിന് (ഐഒടി) സാധിക്കുമെന്ന് ദെബ്രോയി പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 25നാണ് ബിബേക് ദെബ്രോയ് ചെയര്‍മാനായിട്ടുള്ള അഞ്ചംഗ സാമ്പത്തിക ഉപദേശക സമിതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം നല്‍കിയത്. കൗണ്‍സിലിന്റെ സുപ്രധാന തീരുമാനങ്ങളും മുഖ്യ അജണ്ടകളും ഇന്ന് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുമെന്നും ദെബ്രോയി അറിയിച്ചിട്ടുണ്ട്. സാമ്പത്തിക ഉപദേശക സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

Comments

comments

Categories: Slider, Top Stories