ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി ആരാംകോ

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി ആരാംകോ

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ മാര്‍ക്കറ്റായ ഇന്ത്യയിലെ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ആരാംകോയുടെ നീക്കം

ന്യൂഡെല്‍ഹി: സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള ഓയില്‍ ഭീമന്‍ ആരാംകോ ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. സമ്പൂര്‍ണ ഏകീകൃത ബിസിനസ് ഇന്ത്യയില്‍ നടപ്പാക്കാനാണ് സൗദി ആരാംകോ ലക്ഷ്യമിടുന്നതെന്നും രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് നിര്‍മിക്കാന്‍ പദ്ധതിയിടുന്ന റിഫൈനറി പദ്ധതികളില്‍ പങ്കാളികളാവാനും കമ്പനിക്ക് താല്‍പ്പര്യമുണ്ടെന്ന് സിഇഒ അമിന്‍ നാസ്സര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ മാര്‍ക്കറ്റായ ഇന്ത്യയിലെ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ആരാംകോയുടെ നീക്കം. ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള എല്ലാ സാധ്യതകളും ഇന്ത്യയ്ക്കുണ്ടെന്നും നിക്ഷേപത്തിന് പ്രാധാന്യം നല്‍കുന്ന മാര്‍ക്കറ്റാണിതെന്നും ഇന്ത്യന്‍ എനര്‍ജി ഫോറത്തില്‍ നസര്‍ പറഞ്ഞു. കമ്പനിക്ക് നിരവധി പങ്കാളികളുണ്ടെന്നും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഇവരുമായി ഗൗരവകരമായ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള മാര്‍ക്കറ്റായതിനാല്‍ ഇന്ത്യയിലേക്കുള്ള വിതരണം വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍. മത്സരം ശക്തമായതോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഓയില്‍ സപ്ലയര്‍ എന്ന സ്ഥാനം സൗദിക്ക് നഷ്ടപ്പെട്ടു. രാജ്യത്ത് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

ആഗോള ഓയില്‍ ഡിമാന്‍ഡിന്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഏഷ്യയിലെ പ്രധാന മാര്‍ക്കറ്റുകളിലെ പങ്കാളിത്തം വര്‍ധിപ്പിച്ച് എണ്ണ വിതരണം ഉറപ്പാക്കാനുള്ള പദ്ധതിയിലാണ് ആരാംകോ. ഇന്ത്യയേയും ചൈനയേയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

രാജ്യത്തേക്കുള്ള എണ്ണ വിതരണ സ്രോതസുകളില്‍ വൈവിധ്യം കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് രാജ്യം. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഉല്‍പ്പാദകരെ തന്നെയാണ് രാജ്യം ലക്ഷ്യമിടുന്നത്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഈ മാസം യുഎസില്‍ നിന്ന് ആദ്യത്തെ എണ്ണ ചരക്ക് എത്തിയത്.

മഹാരാഷ്ട്രയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്ന പ്രതിവര്‍ഷം 60 മില്യണ്‍ ടണ്ണിന്റെ റിഫൈനറി പദ്ധതിക്ക് പിന്തുണ നല്‍കുന്നതിനെക്കുറിച്ച് സൗദി ആരാംകോ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയതായി കഴിഞ്ഞ ദിവസം ഓയില്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ആഗോള ഓയില്‍ ഡിമാന്‍ഡിന്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഏഷ്യയിലെ പ്രധാന മാര്‍ക്കറ്റുകളിലെ പങ്കാളിത്തം വര്‍ധിപ്പിച്ച് എണ്ണ വിതരണം ഉറപ്പാക്കാനുള്ള പദ്ധതിയിലാണ് ആരാംകോ. ഇന്ത്യയേയും ചൈനയേയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ പ്രതിദിന ഓയില്‍ ഡിമാന്‍ഡ് 135,000 ബാരലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018 ആവുമ്പോള്‍ പ്രതിദിനം ആവശ്യം 2,75,000 ബാരലായി ഉയരുമെന്നുമാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ വിലയിരുത്തല്‍.

Comments

comments

Categories: Arabia