സര്‍വകലാശാലകളുടെ പേരുകളില്‍ മതം വേണ്ടെന്ന് യുജിസി പാനല്‍ 

സര്‍വകലാശാലകളുടെ പേരുകളില്‍ മതം വേണ്ടെന്ന് യുജിസി പാനല്‍ 

ന്യൂഡെല്‍ഹി: സര്‍വകലാശാലകളുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ പേരുകള്‍ക്കൊപ്പം ഹിന്ദു, മുസ്ലിം പരാമര്‍ശങ്ങള്‍ വേണ്ടെന്ന് നിര്‍ദേശം. അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പേരില്‍ നിന്നും ഹിന്ദു എന്ന വാക്കും ഒഴിവാക്കണമെന്ന നിര്‍ദേശം യുജിസി പാനലാണ് മുന്നോട്ടുവെച്ചത്. പത്ത് കേന്ദ്ര സര്‍വകലാശാലകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം യുജിസി നിയോഗിച്ച അഞ്ച് കമ്മറ്റികളിലൊന്നാണ് നിര്‍ദേശവുമായി രംഗത്തെത്തിയത്.

കേന്ദ്രധനസഹായം ലഭിക്കുന്ന സര്‍വകലാശാലകള്‍ മതേതര സ്ഥാപനങ്ങളാണെന്നും എന്നാല്‍ മതവുമായി ബന്ധപ്പെട്ട പേരുകള്‍ മതേതര സ്വഭാവത്തെ പ്രകടിപ്പിക്കുന്നതല്ലെന്നും പാനല്‍ ചൂണ്ടിക്കാട്ടി. അലിഗഢ് സര്‍വകലാശ, ബനാറസ് സര്‍വകലാശാല എന്നിങ്ങനെ പേരുകള്‍ മാറ്റണമെന്നാണ് പാനല്‍ നിര്‍ദേശിക്കുന്നത്. അല്ലെങ്കില്‍ സര്‍വകലാശാല സ്ഥാപകരുടെ പേര് ചേര്‍ക്കാമെന്നും പാനല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം ഉയര്‍ത്തിയത്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ കമ്മിറ്റി അന്വേഷണം നടത്തിയില്ലെങ്കിലും പാനല്‍ യുജിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതിനെ സംബന്ധിച്ചും പരാമര്‍ശമുണ്ട്. അലിഗഢിനു പുറമേ പോണ്ടിച്ചേരി, അലഹബാദ് , ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ജമ്മു, ത്രിപുര, ഹരി സിംഗ് ഗൗര്‍ സര്‍വകാലാശാലകളിലും മഹാത്മഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയ വാര്‍ധയിലും പാനല്‍ അന്വേഷണം നടത്തിയിരുന്നു.

Comments

comments

Categories: Slider, Top Stories