ആന്‍ഡമാനിലെ തന്ത്രപരമായ വികസനം

ആന്‍ഡമാനിലെ തന്ത്രപരമായ വികസനം

ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച, തന്ത്രപരമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി ആന്‍ഡമാന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മോദിയുടെ നടപടി സ്വാഗതാര്‍ഹമാണ്

ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പിടിമുറുക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ സുപ്രധാനമാണ് അവിടത്തെ പദ്ധതികള്‍. എന്നാല്‍ ആന്‍ഡമാനിനെ ഇതുവരെ രാജ്യം ഭരിച്ച സര്‍ക്കാരുകള്‍ അത്രമാത്രം ഗൗനിച്ചില്ല, തന്ത്രപ്രധാനമായിരുന്നിട്ടു കൂടി. ഈ പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആന്‍ഡമാന്‍ നിക്കോബാറില്‍ നടത്തുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ശ്രദ്ധേയമാകുന്നത്.

മൊത്തം 10,000 കോടി രൂപയുടെ വമ്പന്‍ പദ്ധതിയാണ് മോദി സര്‍ക്കാര്‍ ദ്വീപില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 1,321 കോടി രൂപയുടെ ഷിപ്പിംഗ്, ഹൈവേ പദ്ധതികള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും രാജ്‌നാഥ് സിംഗും തറക്കല്ലിട്ടത് സര്‍ക്കാരിന് ഈ വിഷയത്തിലുള്ള പ്രതിബദ്ധത വെളിവാക്കുന്നു. 2,000 കോടി രൂപയുടെ സീ ലിങ്ക് പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. ചതം, ബാംബൂഫഌറ്റ് ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.

1,321 കോടി രൂപയുടെ നാഷണല്‍ ഹൈവേ, ഷിപ്പിംഗ് പദ്ധതികള്‍ക്കാണ് ഇപ്പോള്‍ തറക്കല്ലിട്ടിരിക്കുന്നത്. ബിയോദ്‌നാബാദിനെയും ഫെറാര്‍ഗുഞ്ചിനെയും ബന്ധിപ്പിക്കുന്നതാണ് ഒരു ഹൈവേ പദ്ധതി, 170 കോടി രൂപയുടേത്. മറ്റൊരു ഹൈവേ പദ്ധതി ഓസ്റ്റിന്‍ ക്രീക്കിനെയും കല്‍ര ജംഗ്ഷനെയും ബന്ധിപ്പിക്കുന്നതാണ്, 410 കോടി രൂപയുടേത്. ഇത് കൂടാതെ 262.97 കോടി രൂപയുടെ മിഡില്‍ സ്‌ട്രെയ്റ്റ് ക്രീക്ക് ബ്രിഡ്ജും 277.17 കോടി രൂപയുടെ ഹംഫ്രി സ്‌ട്രെയ്റ്റ് ക്രീക്ക് ബ്രിഡ്ജും നിര്‍മിക്കും. മേക്ക് ഇന്‍ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഷിപ്പ്‌യാര്‍ഡ് നിര്‍മാണവും ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി ദ്വീപില്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ വികസനം ഇന്ത്യയുടെ പുതിയ ആക്റ്റ് ഈസ്റ്റ് സ്ട്രാറ്റജിയില്‍ നിര്‍ണായകമാണ്. ശ്രീലങ്കയിലും സീഷെല്‍സിലും പാക്കിസ്ഥാനിലുമെല്ലാം തുറമുഖങ്ങള്‍ നിര്‍മിച്ചുള്ള ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കുന്നതിന് ആന്‍ഡമാന്‍ ദ്വീപുകള്‍ നിര്‍ണായകമാണെന്നാണ് നയതന്ത്രവിദഗ്ധരുടെ വിലയിരുത്തല്‍. മലേഷ്യയ്ക്കും സിംഗപ്പൂരിനും ഇടയില്‍ കിടക്കുന്ന മലാക്ക സ്‌ട്രെയ്റ്റ്‌സിലേക്കുള്ള കവാടമാണ് ആന്‍ഡമാന്‍ എന്നതും പ്രസക്തമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും പസിഫിക് സമുദ്രത്തിന്റെയും ഇടയിലുള്ള ഏറ്റവും പ്രധാനമായ കപ്പല്‍ചാലാണിത്. ചൈന, ഇന്തോനേഷ്യ, ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയിടങ്ങളിലേക്കുള്ള എന്‍ട്രി പോയ്ന്റും. ലോകത്തിലെ തന്നെ ഏറ്റവും തിരക്കുകൂടിയ മലാക്ക കപ്പല്‍ചാലിലൂടെ കഴിഞ്ഞ വര്‍ഷം 84,000 വെസലുകളാണ് യാത്ര ചെയ്തത്. ഇതില്‍ 23 ശതമാനവും ഓയില്‍ ടാങ്കറുകളായിരുന്നു. ഈ കണക്കില്‍ നിന്നു തന്നെ വ്യക്തമാണ് ആന്‍ഡമാനിന്റെ വ്യാപാര, നയതന്ത്ര പ്രാധാന്യം.

ചൈനയുടെ ഗൂഢനീക്കങ്ങളും കപ്പല്‍കള്ളക്കടത്തും വ്യാപാരത്തിലെ കള്ളത്തരങ്ങളുമെല്ലാം നിരീക്ഷിക്കുന്നതിന് ആന്‍ഡമാനിലെ സര്‍ക്കാര്‍ സാന്നിധ്യം ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. ദ്വീപിലേക്ക് ഇന്ത്യന്‍ സേനകള്‍ക്ക് എത്തിപ്പെടാന്‍ മികച്ച കണക്റ്റിവിറ്റി ഇല്ലാത്തത് വലിയ പ്രശ്‌നം തന്നെയായിരുന്നു. അതാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ നികത്താന്‍ ശ്രമിക്കുന്നത്. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ നടപ്പാക്കുന്ന മികച്ച പദ്ധതികളിലൊന്നായി തന്നെ ഇതിനെ അടയാളപ്പെടുത്താം. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച രീതിയിലുള്ള, തന്ത്രപരമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് നിസംശയം പറയാം. മുന്‍സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി ദ്വീപിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മോദിയുടെ നടപടി സ്വാഗതാര്‍ഹം തന്നെയാണ്. 

Comments

comments

Categories: Editorial, Slider