‘സൂര്യ’നെ തഴഞ്ഞാല്‍ ഇടപെടും; തമിഴ്‌നാടിനോട് കേന്ദ്രം

‘സൂര്യ’നെ തഴഞ്ഞാല്‍ ഇടപെടും; തമിഴ്‌നാടിനോട് കേന്ദ്രം

തമിഴ്‌നാട്ടില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്

ബെംഗളൂരു: സൗരോര്‍ജ്ജോല്‍പ്പാദനത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിനെതിരെ തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജമന്ത്രാലയം കത്തയച്ചു. സൗരോര്‍ജ്ജ പ്ലാന്റുകളില്‍ നിന്ന് ഉല്‍പ്പാദനം കുറയരുതെന്നും ഒരു കാരണവശാലും പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കരുതെന്നും തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് തമിഴ്‌നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിക്രം കപൂറിനോട് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജമന്ത്രാലയത്തിലെ ദശീയ സോളാര്‍ പദ്ധതി ഉപദേശകന്‍ ദിലിപ് നിഗമാണ് കത്തയച്ചത്.

തമിഴ്‌നാട്ടിലെ സൗരോര്‍ജ്ജ പദ്ധതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളാണ് മന്ത്രാലയത്തിന് ലഭിക്കുന്നത്. എന്നാല്‍ സൗരോര്‍ജ്ജ ശേഷി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും ആത്മവിശ്വാസവും സൗരോര്‍ജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട സംരംഭകര്‍ക്ക് നല്‍കണമെന്ന് നിഗം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ നിരന്തരമായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ് തമിഴ്‌നാട്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ നാഷണല്‍ സോളാര്‍ എനര്‍ജി ഫെഡറേന്‍ ഓഫ് ഇന്ത്യ ഒരു ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. രാമനാഥപുരം ജില്ലയില്‍ 216 മെഗാവാട്ടിന്റെ സൗരോര്‍ജ്ജപ്ലാന്റുള്ള അദാനി ഗ്രീന്‍ എനര്‍ജിയും സമാനമായ പരാതി നല്‍കിയിരുന്നു.

സൗരോര്‍ജ്ജ പ്ലാന്റുകളുമായി ബന്ധപ്പെട്ട് അദാനി ഗ്രീന്‍ എനര്‍ജി പരാതിയുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു

അനിയന്ത്രിതമായി പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത് നടത്തിപ്പുക്കാര്‍ക്ക് വന്‍ നഷ്ടങ്ങള്‍ വരുത്തി വയ്ക്കുന്നെന്നും വൈദ്യുത ഉപകരണങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുന്നുവെന്നും ഉപയോഗ ശൂന്യമായി അവ നശിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ വലിയ നഷ്ടമാണ് സൗരോര്‍ജ്ജ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ സംഭവിച്ചിരിക്കുന്നതെന്ന് ഇവര്‍ പരാതിയില്‍ സൂചിപ്പിക്കുന്നു. രേഖാമൂലമുള്ള അറിയിപ്പ് നല്‍കാതെ ടെലിഫോണില്‍ വിളിച്ചറിയുക്കുക മാത്രമാണ് ഇത്തരത്തില്‍ പ്ലാന്റുകള്‍ നിര്‍ത്താലാക്കുമ്പോള്‍ ചെയ്യുന്നതെന്ന് നാഷണല്‍ സോളാര്‍ എനര്‍ജി ഫെഡറേന്‍ ഓഫ് ഇന്ത്യ പരാതിയില്‍ പറയുന്നു.

Comments

comments

Categories: More