ആഡംബര കാര്‍ നിര്‍മാതാക്കള്‍ക്ക് ഇരട്ടയക്ക വില്‍പ്പന വളര്‍ച്ച

ആഡംബര കാര്‍ നിര്‍മാതാക്കള്‍ക്ക് ഇരട്ടയക്ക വില്‍പ്പന വളര്‍ച്ച

ജിഎസ്ടിയുടെയും നോട്ട് അസാധുവാക്കലിന്റെയും ആഘാതം മറികടന്നു

ന്യൂ ഡെല്‍ഹി : നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടിയുടെയും ആഘാതം മറികടക്കാന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു. മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, വോള്‍വോ തുടങ്ങിയ കമ്പനികള്‍ 2017 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇരട്ടയക്ക വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതേ വളര്‍ച്ചാ വേഗം നിലനിര്‍ത്താന്‍ കഴിയുംവിധമാണ് ഇപ്പോള്‍ ആഡംബര വാഹന നിര്‍മ്മാതാക്കളുടെ പോക്ക്.

ഈ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങള്‍ വാഹന നിര്‍മ്മാണ വ്യവസായത്തിനൊന്നാകെ ‘റോളര്‍ കോസ്റ്റര്‍ റൈഡ്’ ആയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. പ്രത്യേകിച്ച് നോട്ട് അസാധുവാക്കല്‍ ആഘാതമേല്‍പ്പിച്ച ആദ്യ മൂന്ന് മാസങ്ങളില്‍ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്).

തുടര്‍ന്ന് ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആഡംബര കാറുകളുടെ ഡിമാന്‍ഡില്‍ ‘അസ്വസ്ഥത’ പ്രകടമായി. എന്നാല്‍ ഈ പ്രതിബന്ധങ്ങളെല്ലാം മറികടന്ന് ലക്ഷ്വറി കാര്‍ ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ആളും അനക്കവും വേണ്ടുവോളമുണ്ട്. 2,000 സിസി ഡീസല്‍ എന്‍ജിന്‍ നിരോധനത്തിനുശേഷം രണ്ട് വര്‍ഷം വില്‍പ്പന വളര്‍ച്ച തീരെ ഇല്ലെന്നോ വളരെ ചെറുതെന്നോ പറയേണ്ട അവസ്ഥയായിരുന്നു. ഇതിനുശേഷം ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഇരട്ടയക്ക വളര്‍ച്ച കൈവരിക്കുന്നത് ഈ വര്‍ഷമായിരിക്കും.

മെഴ്‌സിഡസ് ബെന്‍സ് ഈ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 19.6 ശതമാനം വളര്‍ച്ചയാണ് കരസ്ഥമാക്കിയത്. ഇതോടെ ലക്ഷ്വറി കാര്‍ സെഗ്‌മെന്റില്‍ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഇന്ത്യയിലെ എക്കാലത്തെയും മൂന്നാം പാദ വില്‍പ്പന കൈവരിക്കാനും മെഴ്‌സിഡസ് ബെന്‍സിന് കഴിഞ്ഞു. 2017 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 4,698 യൂണിറ്റ് കാറുകള്‍ വിറ്റ് 41 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്. ജനുവരി-സെപ്റ്റംബര്‍ കാലയളവിലെ ഏറ്റവും മികച്ച വില്‍പ്പനയും മെഴ്‌സിഡസ് ബെന്‍സ് കരസ്ഥമാക്കി. 11,869 യൂണിറ്റ് കാറുകള്‍ വിറ്റ് 19.6 ശതമാനം വളര്‍ച്ചയാണ് കമ്പനി ഉറപ്പുവരുത്തിയത്. 2016 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 9,924 യൂണിറ്റ് കാറുകളാണ് വിറ്റിരുന്നത്.

പ്രത്യേകിച്ച്, ലോംഗ് വീല്‍ബേസ് ഇ-ക്ലാസ് സെഡാനുവേണ്ടിയുള്ള അഭൂതപൂര്‍വ്വമായ ഡിമാന്‍ഡാണ് കമ്പനിയുടെ വില്‍പ്പനയില്‍ വലിയ പങ്ക് വഹിച്ചതെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ റോളണ്ട് എസ് ഫോള്‍ഗര്‍ പറഞ്ഞു. ന്യൂ ജനറേഷന്‍ കാറുകള്‍, സെഡാനുകള്‍, എസ്‌യുവികള്‍, എഎംജി കാറുകള്‍ എന്നിവ നിരന്തര വില്‍പ്പന വളര്‍ച്ചയാണ് കാഴ്ച്ചവെച്ചത്.

2017 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ മെഴ്‌സിഡസ് ബെന്‍സ് നിരയില്‍ ഏറ്റവുമധികം വിറ്റുപോയ മോഡല്‍ ലോംഗ് വീല്‍ബേസ് ഇ-ക്ലാസ് സെഡാനാണെന്ന് കമ്പനി വ്യക്തമാക്കി. പെര്‍ഫോമന്‍സ് സെഗ്‌മെന്റില്‍ എഎംജി മോഡലുകള്‍ നല്ല വില്‍പ്പന കാഴ്ച്ചവെച്ചു.

സെപ്റ്റംബറില്‍ അവസാനിച്ച 2017 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 17.38 ശതമാനമെന്ന ഇരട്ടയക്ക വളര്‍ച്ചയാണ് ബിഎംഡബ്ല്യു കൈവരിച്ചത്. 2017 കലണ്ടര്‍ വര്‍ഷത്തില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇതുവരെ 7,138 കാറുകള്‍ വിറ്റു. ഇന്ത്യയിലെ പ്രീമിയം കാര്‍ സെഗ്‌മെന്റിന്റെ വളര്‍ച്ചയെ മുന്നില്‍നിന്ന് നയിക്കാന്‍ ബിഎംഡബ്ല്യുവിന് കഴിയുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യാ പ്രസിഡന്റ് വിക്രം പാവ പറഞ്ഞു.

ലക്ഷ്വറി കാര്‍ ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ആളും അനക്കവും വേണ്ടുവോളമുണ്ട്

ബിഎംഡബ്ല്യുവിനെ സംബന്ധിച്ചിടത്തോളം 5 സീരീസ് ആണ് ഏറ്റവുമധികം വിറ്റുപോയ മോഡല്‍. 38 ശതമാനമെന്ന അസാധാരണ വില്‍പ്പന വളര്‍ച്ചയാണ് 5 സീരീസ് ഈ വര്‍ഷം കൈവരിച്ചത്. ബിഎംഡബ്ല്യു മൊബീല്‍ സ്റ്റുഡിയോസ്, ബിഎംഡബ്ല്യു എക്‌സ്പീരിയന്‍സ് ടൂര്‍സ്, ബിഎംഡബ്ല്യു എം പെര്‍ഫോമന്‍സ് ഡ്രൈവര്‍ ട്രെയ്‌നിംഗ്, ബിഎംഡബ്ല്യു *ഡ്രൈവ് എക്‌സ്പീരിയന്‍സസ് എന്നിവ ഇന്ത്യയിലെ മികച്ച ബ്രാന്‍ഡായി ബിഎംഡബ്ല്യുവിനെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

2014 ല്‍ വോള്‍വോ ഇന്ത്യയില്‍ 1,202 കാറുകളാണ് വിറ്റത്. 2015 ല്‍ വില്‍പ്പന 1,423 യൂണിറ്റായും 2016 ല്‍ 1,585 യൂണിറ്റായും വളര്‍ന്നു. നിലവില്‍ ഇന്ത്യയിലെ പ്രീമിയം സെഗ്‌മെന്റില്‍ വോള്‍വോയുടെ വിപണി വിഹിതം അഞ്ച് ശതമാനത്തിനടുത്താണ്. 2020 ഓടെ ഈ വിപണി വിഹിതം ഇരട്ടിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

നോട്ട് അസാധുവാക്കലും ജിഎസ്ടിയും തങ്ങളുടെ ബിസിനസ്സിനെ ബാധിച്ചില്ലെന്ന് വോള്‍വോ ഓട്ടോ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വോള്‍വോ ഇന്ത്യയില്‍ 32 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്. 2017 കലണ്ടര്‍ വര്‍ഷം 2,000 കാറുകള്‍ വില്‍ക്കുകയാണ് ലക്ഷ്യം. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വില്‍പ്പന വളര്‍ച്ച. ജിഎസ്ടി സെസ്സ് തുടങ്ങിയശേഷം 2017 മൂന്നാം പാദത്തില്‍ 42 ശതമാനം വളര്‍ച്ചയാണ് വോള്‍വോ നേടിയത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 35 ശതമാനം മാത്രമായിരുന്നു.

നിലവിലെ കാറിന് പകരം ഉടമകള്‍ ആഡംബര കാര്‍ വാങ്ങുന്ന പ്രവണത ശക്തമാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പാര്‍ട്ണര്‍ അബ്ദുള്‍ മജീദ് ചൂണ്ടിക്കാട്ടി. വിവിധ കമ്പനികളുടെ ആകര്‍ഷകമായ ഫിനാന്‍സിംഗ് പദ്ധതികളും ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പ്രധാനമാണ്. ഉത്സവ സീസണിലെ ഡിമാന്‍ഡും വില്‍പ്പന വര്‍ധിപ്പിച്ചു.

Comments

comments

Categories: Auto