ആഭ്യന്തര വിപണിയിലും കുതിപ്പു സൃഷ്ടിക്കാന്‍ കേരളത്തിന്റെ കയര്‍

ആഭ്യന്തര വിപണിയിലും കുതിപ്പു സൃഷ്ടിക്കാന്‍ കേരളത്തിന്റെ കയര്‍

ബയര്‍- സെല്ലര്‍ മീറ്റില്‍ 250 കോടിയുടെ വ്യാപാര ധാരണ

ആലപ്പുഴ: വിദേശവിപണിക്കൊപ്പം ഇന്ത്യയിലെ ആഭ്യന്തര വിപണിയിലും കേരളത്തിന്റെ കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍കുതിപ്പു സൃഷ്ടിക്കാനുതകുന്ന വ്യാപാര ധാരണകള്‍ക്ക് കയര്‍ കേരളയോടനുബന്ധിച്ചു നടന്ന ബയര്‍ സെല്ലര്‍ മീറ്റില്‍ അന്തിമരൂപമായി. വിദേശ ആഭ്യന്തര വിപണികളിലായി 250 കോടിയോളം രൂപയുടെ വ്യാപാരത്തിനാണ് ഇത്തവണ കയര്‍ കേരളയിലെ ബയര്‍ സെല്ലര്‍ മീറ്റില്‍ മാത്രം ധാരണയായിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 175 കോടി രൂപയായിരുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായി കേരളത്തിലെ പഞ്ചായത്തുകളുമായ കയര്‍ ഭൂവസ്ത്രത്തിനുള്ള കരാറും കയര്‍കേരളയില്‍ ഒപ്പിട്ടു. പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. ഇതിലൂടെ നൂറിലേറെ കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം കേരളത്തിനുള്ളില്‍ തന്നെ വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലെ അനുകരണീയ മാതൃകകളായി ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകള്‍ തങ്ങളുടെ പദ്ധതികളെപ്പറ്റി വിശദീകരിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡുകള്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി വിതരണം ചെയ്തു. കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കയര്‍ യന്ത്ര നിര്‍മാണ ഫാക്റ്ററിയില്‍ നിര്‍മിക്കുന്ന യന്ത്രോപകരണങ്ങള്‍ വാങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായതിലൂടെ കേരളം സാങ്കേതികവിദ്യകളുടെ വ്യാപനത്തിനും അരങ്ങൊരുക്കുകയാണ്. കയര്‍ യന്ത്ര നിര്‍മാണ ഫാക്റ്ററിക്ക് 2.32 കോടി രൂപയുടെ കരാറാണ് മഹാരാഷ്ട്ര സര്‍ക്കാരിനു കീഴിലുള്ള മഹാരാഷ്ട്ര സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നല്‍കിയിരിക്കുന്നത്.

വിദേശ ആഭ്യന്തര വിപണികളിലായി 250 കോടിയോളം രൂപയുടെ വ്യാപാരത്തിനാണ് ഇത്തവണ കയര്‍ കേരളയിലെ ബയര്‍ സെല്ലര്‍ മീറ്റില്‍ മാത്രം ധാരണയായിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 175 കോടി രൂപയായിരുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായി കേരളത്തിലെ പഞ്ചായത്തുകളുമായ കയര്‍ ഭൂവസ്ത്രത്തിനുള്ള കരാറും കയര്‍കേരളയില്‍ ഒപ്പിട്ടു

ഇലക്ട്രോണിക് റാട്ടുകള്‍, മിനി ഡീഫൈബറിംഗ് മെഷീന്‍, ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍, ഹൈഡ്രോളിക് ബെയ്‌ലിംഗ് പ്രസ് തുടങ്ങിയിവയെല്ലാം ഉള്‍പ്പെടുന്ന സംയോജിത യന്ത്ര സംവിധാനമാണ് കേരളത്തില്‍ നിന്നു മഹാരാഷ്ട്ര വാങ്ങുന്നത്. കോര്‍പ്പറേഷന്‍ എം.ഡി ശിവാജി ദൗണ്ട്, കയര്‍ യന്ത്ര നിര്‍മാണ കമ്പനി എംഡി പി വി ശശീന്ദ്രന്‍ എന്നിവര്‍ ഒപ്പുവച്ച ധാരണാപത്രം മഹാരാഷ്ട്ര ആഭ്യന്തര, ധനകാര്യ, പ്ലാനിംഗ് വകുപ്പുകളുടെ മന്ത്രി ദീപക് വസന്ത് കെസര്‍ക്കാര്‍ കേരളത്തിലെ ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി എം തോമസ് ഐസക്കുമായി കൈമാറി. മഹാരാഷ്ട്രക്കൊപ്പം ഒഡിഷ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളുമായും യന്ത്രസാമഗ്രികളുടെ കാര്യത്തില്‍ വൈകാതെ ധാരണയിലെത്തുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിംഗ്‌സ് ലിമിറ്റഡിനും ആഭ്യന്തര വിപണിയില്‍ നിന്ന് ഒരു കോടി രൂപയുടെ വ്യാപാരക്കരാറാണ് ലഭിച്ചിരിക്കുന്നത്. ഇതുകൂടാതെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ബയര്‍മാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ കയറ്റുമതിക്കാരുമായും വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ബയര്‍ സെല്ലര്‍ മീറ്റില്‍ കരാര്‍ ഒപ്പിടുന്നവര്‍ക്ക് ഉല്‍പന്നങ്ങളുടെ വിലയില്‍ അഞ്ചു ശതമാനം അധിക ഇളവ് നല്‍കുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ധനകാര്യ, കയര്‍ വകുപ്പു മന്ത്രി ഡോ. ടി എം തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിംഗ്‌സ് ലിമിറ്റഡിനും ആഭ്യന്തര വിപണിയില്‍ നിന്ന് ഒരു കോടി രൂപയുടെ വ്യാപാരക്കരാറാണ് ലഭിച്ചിരിക്കുന്നത്. കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷനും ആദ്യമായി ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ നിന്ന് ഇത്തവണ കയറുല്‍പ്പന്നങ്ങള്‍ക്കുള്ള കരാര്‍ ലഭിച്ചു

കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷനും ആദ്യമായി ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ നിന്ന് ഇത്തവണ കയറുല്‍പ്പന്നങ്ങള്‍ക്കുള്ള കരാര്‍ ലഭിച്ചു. ജാര്‍ഖണ്ഡ് സില്‍ക്ക് ആന്‍ഡ് ഹാന്‍ഡ്‌ലൂം ഗുഡ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, അസം ഹാന്‍ഡ്‌ലൂം ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ഉത്തര്‍പ്രദേശ് പ്രാദേശിക് കോഓപ്പറേറ്റീവ് ഫെഡറേഷന്‍, ഉത്തര്‍പ്രദേശ് ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ ബോര്‍ഡ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായാണ് കയര്‍ കോര്‍പ്പറേഷന്‍ ധാരണാപത്രം ഒപ്പിട്ടത്. അഞ്ഞൂറോളം ചെറുകിട വില്‍പ്പന കേന്ദ്രങ്ങളുള്ള സെന്‍ട്രല്‍ പൊലീസ് കാന്റീന്‍ സ്റ്റോറുകള്‍ വഴി കേരളത്തിന്റെ കയര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ധാരണയായിട്ടുണ്ട്. ഇതിനുള്ള ധാരണാപത്രം വൈകാതെ ഒപ്പിടും.

സാധാരണക്കാരായ സ്ത്രീകളുടെ ഉള്‍പ്പെടെ ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുന്നതില്‍ കേരളം കൈക്കൊള്ളുന്ന നടപടികള്‍ മാതൃകാപരമാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര, ധനകാര്യ, ആസൂത്രണ വകുപ്പുമന്ത്രി ദീപക് വസന്ത് കെസര്‍ക്കാര്‍ പറഞ്ഞു. പരമ്പരാഗത വ്യവസായ മേഖലകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ ശ്രദ്ധേയമാണ്. കയര്‍ മേഖലയില്‍ സഹകരണ സ്ഥാപനങ്ങളിലൂടെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേയും അദ്ദേഹം ശ്ലാഘിച്ചു. കയര്‍ കേരളയോടനുബന്ധിച്ചു നടന്ന ബയര്‍ സെല്ലര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു കെസര്‍ക്കാര്‍. മന്ത്രി തോമസ് ഐസക് അധ്യക്ഷനായിരുന്നു. എ എം ആരിഫ് എംഎല്‍എ, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍, കയര്‍ യന്ത്ര നിര്‍മാണ കമ്പനി ചെയര്‍മാന്‍ കെ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

 

Comments

comments