സാമ്പത്തിക വളര്‍ച്ചയിലേക്ക് ഇന്ത്യ തിരിച്ചെത്തുന്നു, വളര്‍ച്ച 7 ശതമാനം കടക്കും: ഉര്‍ജിത് പട്ടേല്‍

സാമ്പത്തിക വളര്‍ച്ചയിലേക്ക് ഇന്ത്യ തിരിച്ചെത്തുന്നു, വളര്‍ച്ച 7 ശതമാനം കടക്കും: ഉര്‍ജിത് പട്ടേല്‍

മാന്ദ്യം പ്രവചിച്ചവര്‍ക്ക് വിട. ഇന്ത്യ സാമ്പത്തിക വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വളരെ വേഗത്തിലുള്ള പുരോഗതി ദര്‍ശിക്കാന്‍ കഴിയുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ പാദത്തില്‍ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചയില്‍ കുറവുണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. ജിഎസ്ടി (ചരക്കുസേവനനികുതി)യുമായി ബന്ധപ്പെട്ട താല്‍ക്കാലികമായുള്ള പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. അതാണ് നിഴലിച്ചത്-അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക വളര്‍ച്ചയിലെ മോശം സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ നേരത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി കുറയുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍, മൂന്ന്, നാല് പാദങ്ങളില്‍ വളര്‍ച്ച തിരിച്ച് പിടിക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നാണ് ഇപ്പോഴത്തെ നിലയില്‍ വിലയിരുത്തുന്നതെന്ന് പട്ടേല്‍ പറഞ്ഞു. ഏഴ് ശതമാനത്തിനു മുകളില്‍ വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം.

ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച് ഒഇസിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) പുറത്തുവിട്ട കണക്കുകളോട് യോജിച്ചതാണ് ആര്‍ബിഐയുടെ വിലയിരുത്തലെന്നും പട്ടേല്‍ സൂചിപ്പിക്കു. എന്നാല്‍ ഇത് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ഇന്ത്യയെ സംബന്ധിച്ചുള്ള വളര്‍ച്ചാ വിലയിരുത്തലിനെക്കാള്‍ (ഏഴ് ശതമാനം) കുറവാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് ദര്‍ശിച്ചു തുടങ്ങിയിട്ടുണ്ട്. നിക്കെയ് ഇന്ത്യ സര്‍വീസസ് പിഎംഐ(പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ്) ബിസിനസ് ആക്റ്റിവിറ്റി സൂചികയില്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ മൂന്ന് ശതമാനത്തോളം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. വ്യാവസായിക ഉല്‍പ്പാദന സൂചികയില്‍ 4.9 ശതമാനത്തിന്റെയും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വാഹന, ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയിലും മുന്നേറ്റം കാണുവാന്‍ സാധിക്കും-പട്ടേല്‍ പറഞ്ഞു.

ഉര്‍ജിത് പട്ടേല്‍ അധ്യക്ഷനായുള്ള ധനനയസമിതി (എംപിസി) സ്ഥാപിതമായിട്ട് ഒക്‌റ്റോബറില്‍ ഒരു വര്‍ഷം പൂര്‍ത്തിയായി. നാണയപ്പെരുപ്പ നിരക്ക് നാല് ശതമാനമായി നിജപ്പെടുത്തണമെന്ന നിര്‍ദേശമാണ് എംപിസിയ്ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ രണ്ട് ശതമാനത്തിന്റെ കൂടുതലും കുറവും ഉണ്ടാകുന്നത് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന തലങ്ങളാണ്. തുടര്‍ച്ചയായ മൂന്നു പാദങ്ങളില്‍ അതില്‍ വ്യതിയാനം വരുത്തിയാല്‍, എന്താണ് സംഭവിച്ചതെന്നും രണ്ട് ബാന്‍ഡുകളിലായി നാണയപ്പെരുപ്പം ഒതുക്കി നിര്‍ത്താന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നും സര്‍ക്കാരിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അഞ്ച് വര്‍ഷത്തേക്ക് നിര്‍ദേശിക്കപ്പെട്ട ലക്ഷ്യമാണിത്. ഒരു വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞു. അതുകൊണ്ട്, സ്ഥിരതയുടെ അടിസ്ഥാനത്തില്‍ നാണയപ്പെരുപ്പ നിരക്ക് നാല് ശതമാനയമായി തന്നെ നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച തലങ്ങളാല്‍, ഞങ്ങള്‍ക്ക് മുന്നിലുള്ളത് എളുപ്പം വഴങ്ങുന്ന നാണയപ്പെരുപ്പ ലക്ഷ്യ സംവിധാനമാണ്.

പണപ്പെരുപ്പ ലക്ഷ്യം നാല് ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുന്നതിനാകും ശ്രമമെന്ന് ഉര്‍ജിത് പട്ടേല്‍

എംപിസി ഓരോ നയവും അവതരിപ്പിക്കുന്നതിനു മുന്‍പ് ധനമന്ത്രാലയത്തിന്റെ ആചാരപ്രകാരമുള്ള യോഗങ്ങള്‍ എന്തിന് പിന്തുടരുന്നുവെന്ന ചോദ്യത്തിന് അത് ആചാരപ്രകാരമുള്ളതല്ലെന്നും വിശാലമായ സാമ്പത്തിക മേഖലയെയും മുഴുവന്‍ സ്ഥൂല സാമ്പത്തിക സാഹചര്യങ്ങളെയും കുറിച്ച് ധനമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കും ചര്‍ച്ചകള്‍ നടത്തുന്നതിനും കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനും ഉള്ള അവസരമായാണ് ഇതിനെ കണക്കാക്കുന്നതെന്നുമായിരുന്നു ഉത്തരം. എല്ലാത്തിനും ഉപരിയായി, വളര്‍ച്ചയും പണപ്പെരുപ്പവും മൊത്തത്തിലുള്ള ദേശീയ നയമിശ്രണത്തിന്റെ ഒരു ഫലമാണ്. മിക്ക രാജ്യങ്ങളിലും ഇത്തരത്തിലുള്ള സമ്പര്‍ക്കങ്ങള്‍ പതിവായി നടത്താറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പണപ്പെരുപ്പ നിരക്ക് നാല് ശതമാനമായി നിലനിര്‍ത്തണമെന്ന ലക്ഷ്യത്തിലാണ് ഉറച്ചു നില്‍ക്കുന്നത്. അത് നേടുന്നതിന് കഠിനമായി അധ്വാനിക്കും. വളര്‍ച്ചയെന്ന ലക്ഷ്യം മനസില്‍ വെച്ചു കൊണ്ടായിരിക്കും ഇതിനുള്ള പ്രവര്‍ത്തനങ്ങളൊക്കെയും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വളര്‍ച്ചാ നിരക്കിനായി പണപ്പെരുപ്പലക്ഷ്യത്തെ അട്ടിമറിക്കില്ലെന്ന സൂചനയും ഗവര്‍ണര്‍ നല്‍കി.

ജിഡിപി നിരക്കുകള്‍ ചൂണ്ടിക്കാട്ടി കൊണ്ട് റിസര്‍വ് ബാങ്കും പുറത്തു നിന്നുള്ള സാമ്പത്തിക വിദഗ്ധരും നല്‍കുന്ന വിശദീകരണങ്ങളില്‍ വലിയ വ്യത്യാസമാണല്ലോ ഉള്ളതെന്ന ചോദ്യത്തിന് അത് സ്വാഭാവികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവ കണക്കുകള്‍ മാത്രമാണ്. ഉല്‍പ്പാദനത്തിലെ കുറവ് സംബന്ധിച്ച് വിവിധ തരത്തിലുള്ള കാഴ്ചപ്പാടുകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. നേരിട്ടുള്ളതും കൃത്യമായ അളവിലുള്ളതുമായ കണക്കുകള്‍ കണ്ടെത്താന്‍ പ്രയാസമാണ്. ഇക്കാര്യത്തില്‍ ശക്തമായ സമവായത്തില്‍ നമുക്കെങ്ങനെ എത്താന്‍ കഴിയും? സമ്പദ് വ്യവസ്ഥയുടെ ശക്തിയെ നമുക്കെങ്ങനെ നേരിട്ടും കൃത്യമായും അളക്കാന്‍ കഴിയും? ഇതാണ് ഈ സമയത്തെ വിടവ് എന്ന് പറയാനേ കഴിയൂ. അതിനാലാണ്, വിദഗ്ധരായ ആളുകളുടെ വ്യത്യസ്തമായ അവലോകനങ്ങള്‍ നാം ശ്രദ്ധിക്കുന്നത്. ശേഷം ഇത്തരം കാഴ്ചപ്പാടുകള്‍ പൊതുജനങ്ങളുടെ മുന്‍പില്‍ വയ്ക്കുകയും ചെയ്യുന്നു. കൂടാതെ, എംപിസി യോഗങ്ങളുടെ വിവരണം ഞങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാറുണ്ട്-അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സര്‍ക്കാരാണ് ഇപ്പോഴത്തേത്. പാര്‍ലമെന്റില്‍ വ്യക്തമായ മുന്‍തൂക്കം സര്‍ക്കാരിനുണ്ട്. പുറത്തു നിന്നുള്ള അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി എംപിസി, ജിഎസ്ടി കൗണ്‍സില്‍ തുടങ്ങിയവ ഈ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇവ രണ്ടിലും കേന്ദ്ര സര്‍ക്കാരിന്റെ അംഗങ്ങള്‍ കുറവാണെന്നത് ശ്രദ്ധിക്കണം. ഈ രണ്ട് സംവിധാനങ്ങളും സാമ്പത്തിക നയ രൂപീകരണത്തിലും മറ്റ് ഇടങ്ങളിലും അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്-ഉര്‍ജിത് പട്ടേല്‍ നിരീക്ഷിച്ചു.

Comments

comments

Categories: Business & Economy

Related Articles