ഡിജിറ്റല്‍ ഇന്ത്യയുടെ പ്രസക്തി

ഡിജിറ്റല്‍ ഇന്ത്യയുടെ പ്രസക്തി

ഡിജിറ്റല്‍ പരിണാമം അനിവാര്യതയാണ്. വന്‍തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം ജീവിതക്രമം എളുപ്പമാക്കുകയും ചെയ്യുന്നു ഡിജിറ്റല്‍വല്‍ക്കരണം. ഇന്ത്യ നേരായ ദിശയിലാണ് സഞ്ചരിക്കുന്നതെങ്കിലും വേഗത ഇനിയുമാകാം

2025 ആകുമ്പോഴേക്കും പ്രതിവര്‍ഷം 550 ബില്ല്യണ്‍ ഡോളര്‍ മുതല്‍ ഒരു ട്രില്ല്യണ്‍ ഡോളര്‍ വരെ സാമ്പത്തിക മൂല്യം ചേര്‍ക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ആവസവ്യവസ്ഥ വളരുമെന്നാണ് പല പഠനങ്ങളും പറയുന്നത്. അത്രമാത്രം സാധ്യതകളാണ് ഇന്ത്യപോലൊരു വലിയ രാജ്യത്ത് ഡിജിറ്റല്‍ സങ്കേതങ്ങള്‍ക്കുള്ളത്. ഈ വീക്ഷണകോണില്‍ നോക്കിയാല്‍ നരേന്ദ്രമ മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ക്ക് വളരെയേറെ പ്രസക്തിയുണ്ട്. ഇന്ത്യയുടെ ഡിജിറ്റല്‍ സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ടുള്ള നീക്കങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അഭൂതപൂര്‍വമായ രീതിയില്‍ വളരാനുള്ള സാഹചര്യമൊരുക്കുമെന്നതിലും രണ്ടഭിപ്രായമില്ല. വന്‍സാമ്പത്തിക മൂല്യം സൃഷ്ടിക്കുന്നതിനോടൊപ്പം തന്നെ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ഡിജിറ്റല്‍ സങ്കേതകള്‍ പുതുതായി കൊണ്ടുവരും. ഇനിയും ഡിജിറ്റല്‍ ആകണമോയെന്ന സംശയം ഒരു സംരംഭത്തിനും പാടില്ല. ചിന്തിക്കുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് ഡിജിറ്റല്‍ ആകുക മാത്രമാണ് ചെയ്യാനുള്ളത്.

ഡിജിറ്റല്‍വല്‍ക്കരണത്തില്‍ എത്രമാത്രം ആകര്‍ഷകമായ വിപണിയാണ് ഇന്ത്യയെന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അടുത്തിടെ ഡിജിറ്റല്‍ പേമെന്റ്‌സ് രംഗത്തേക്ക് ടെക് ഭീമന്‍ ഗൂഗിള്‍ കൂടി എത്തിയത്. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഗൂഗിളിന്റെ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) അധിഷ്ഠിത പേമെന്റ് സേവനമായ തേസ് ആപ്പ് പുറത്തിറക്കിയത്. 2020 ആകുമ്പോഴേക്കും ഏകദേശം 500 ബില്ല്യണ്‍ ഡോളറിന്റെ മേഖലയായി മാറുമെന്ന് കണക്കാക്കപ്പെടുന്നതാണ് ഡിജിറ്റല്‍ പേമെന്റ്‌സ് വിപണി. നിരവധി കമ്പനികള്‍ ഈ രംഗത്ത് ഇപ്പോള്‍ സജീവമായി ഇടപെടല്‍ നടത്തുന്നുണ്ട്. നോട്ട് അസാധുവാക്കലിലൂടെ ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള പരിണാമം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ഈ രംഗത്തേക്ക് വമ്പന്‍മാര്‍ എത്തുന്ന പ്രവണത.

വാട്‌സാപ്പ്, ഹൈക്ക്, എയര്‍ടെല്‍ തുടങ്ങിയ കമ്പനികളെല്ലാം തന്നെ ഈ രംഗത്ത് സജീവമാകുകയാണ്. ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ഫഌപ്കാര്‍ട്ടും ആമസോണും നിരവധി കുഞ്ഞന്‍ പേമെന്റ്‌സ് സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുത്തുള്ള ഏകീകരണ പദ്ധതികള്‍ക്കും ശ്രമിക്കുന്നുണ്ട്. വമ്പന്‍ കമ്പനികള്‍ ഈ രംഗത്ത് ആധിപത്യമുറപ്പിച്ചാല്‍ ഡിജിറ്റല്‍ ഇടപാടുകളുടെ തോത് അഭൂതപൂര്‍വമായ രീതിയില്‍ വര്‍ധിക്കുമെന്ന് തീര്‍ച്ച. ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള പ്രധാന ചുവടുവെപ്പായി ഇത് മാറുകയും ചെയ്യും. ഇന്ത്യ ഏറ്റവും ആകര്‍ഷകവും മൂല്യവത്തുമായ ഡിജിറ്റല്‍ വിപണിയാണെന്ന വസ്തുത അടിവരയിടുന്നു ഇത്.

എന്നാല്‍ ഡിജിറ്റല്‍ ആകുന്നതോടൊപ്പം അത് എത്രമാത്രം മൂല്യവര്‍ധന ഒരു സംരംഭത്തിന് നല്‍കുന്നുണ്ടെന്നത് ചിന്തിക്കണം. ചര്‍ച്ച ചെയ്യേണ്ടതുമുണ്ട്. ചെലവ് കൂടി ഡിജിറ്റല്‍ ആയിട്ട് കാര്യമില്ലല്ലോ. ഡിജിറ്റല്‍ ആകുമ്പോള്‍ അത് ചെലവിടലില്‍ കുറവുവരുത്തണം. അത് നിര്‍ബന്ധമാണ്. മാനവവിഭവശേഷിയുടെ ഏറ്റവും മികച്ച ഉപയോഗത്തിലേക്കും നയിക്കണം. ഏറ്റവും പ്രാഥമികമായ അതിന്റെ ഫലം ചെലവില്‍ കാര്യമായ കുറവ് വരുകയെന്നതു തന്നെയാകണം. അതുകൊണ്ടുതന്നെ ഡിജിറ്റല്‍വല്‍ക്കരണമെന്ന പ്രക്രിയയുടെ നടപ്പാക്കല്‍ അതീവപ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഓരോ കമ്പനിയും വ്യക്തമായ പ്ലാനിംഗിന്റെ അടിസ്ഥാനത്തിലായിരിക്കണം അത് നടപ്പാക്കേണ്ടത്. ഫലവത്താണെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളും വേണം. വരുമാനത്തില്‍ സുസ്ഥിരമായ വളര്‍ച്ചയും ലാഭത്തില്‍ കുതിപ്പും ഡിജിറ്റല്‍വല്‍ക്കരണം കൊണ്ട് ഉണ്ടാകണം. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, മഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക് ചെയ്ന്‍, ബിഗ് ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ സങ്കേതങ്ങള്‍ എങ്ങനെ കമ്പനിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് വ്യക്തമായതും ദീര്‍ഘവീക്ഷണത്തിലധിഷ്ഠിതമായതുമായ ബോധം ഉണ്ടാകണം, തന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക്. 

Comments

comments

Categories: Editorial, Slider