സിഎസ്ആര്‍ ലംഘനം: 160 കമ്പനികള്‍ക്കെതിരെ കേന്ദ്രത്തിന്റെ നടപടി

സിഎസ്ആര്‍ ലംഘനം: 160 കമ്പനികള്‍ക്കെതിരെ കേന്ദ്രത്തിന്റെ നടപടി

കേന്ദ്രമന്ത്രി പി പി ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

ന്യൂഡെല്‍ഹി: സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ പടവാളെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സിഎസ്ആര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പി പി ചൗധരി വ്യക്തമാക്കി.

160 കമ്പനികള്‍ക്കെതിരെയാണ് സിഎസ്ആര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കോര്‍പ്പറേറ്റുകള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ് സിഎസ്ആര്‍ മാനദണ്ഡങ്ങള്‍. കമ്പനീസ് ആക്റ്റ് 2013ന് കീഴില്‍ സിഎസ്ആറിന് വേണ്ടി നീക്കി വെച്ചിരിക്കുന്ന തുകയെത്രയെന്ന് നിര്‍ബന്ധമായും വെളിപ്പെടുത്തേണ്ടതുണ്ട്. ഇത് സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. സിഎസ്ആര്‍ ഫണ്ടുകളെ സംബന്ധിച്ച് സര്‍ക്കാര്‍ കമ്പനികള്‍ക്ക് മുന്നില്‍ ആവശ്യങ്ങളും നിര്‍ദേശങ്ങളുമൊന്നും നല്‍കിയിട്ടില്ലെങ്കിലും, മൂന്നു വര്‍ഷത്തെ കാലാവധിയില്‍ തങ്ങളുടെ ശരാശരി വാര്‍ഷിക അറ്റലാഭത്തിന്റെ രണ്ട് ശതമാനം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കണമെന്നത് ഓരോ കമ്പനിയുടെയും ചുമതലയാണ്.

സിഎസ്ആര്‍ ചെലവിടല്‍ കണക്കുകളില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നും ആവശ്യത്തിനുള്ള തുക ഈ വിഭാഗത്തില്‍ ചെലവഴിച്ചിട്ടില്ലെന്നും കണ്ടെത്തിയതിനാല്‍ ഇതുവരെ 1018 കമ്പനികള്‍ക്ക് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

സാമൂഹ്യ പ്രതിബദ്ധ നിറവേറ്റാത്ത കമ്പനികള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമായിരിക്കും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുക

റീജണല്‍ ഡയറക്റ്ററും റജിസ്ട്രാര്‍ ഓഫ് കമ്പനീസും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഎസ്ആര്‍ ഫണ്ടിംഗില്‍ തിരിമറി നടത്തിയ കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 530തോളം കമ്പനികള്‍ സിഎസ്ആര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കമ്പനികള്‍ പരാജയപ്പെടുന്ന പക്ഷം അവയ്‌ക്കെതിരെ നടപടികള്‍ കൈക്കൊള്ളും. 160 കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് മന്ത്രാലയം അനുമതി നല്‍കിയതായി പി പി ചൗധരി പിടിഐയെ അറിയിച്ചു.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ ആകെയുള്ള 7334 കമ്പനികളില്‍ 4195 എണ്ണം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി യാതൊരു വിധത്തിലുള്ള തുകയും ചെലവഴിച്ചതായി അറിയിച്ചിട്ടില്ലെന്നും ശേഷിക്കുന്ന 3,139 കമ്പനികള്‍ ഈ വിഭാഗത്തില്‍ 8,803 കോടി രൂപ ചെലവഴിച്ചതായും രാജ്യസഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സിഎസ്ആര്‍ ഫണ്ടിംഗില്‍ വീഴ്ച വരുത്തിയാല്‍ വകുപ്പ് 134 (എട്ട്) പ്രകാരം കുറഞ്ഞത് 50,000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ കമ്പനികളില്‍ നിന്ന് പിഴ ഈടാക്കും.

Comments

comments

Categories: Business & Economy