ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 40-45% ഇടിഞ്ഞേക്കും: അസോചം

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 40-45% ഇടിഞ്ഞേക്കും: അസോചം

ചൈനീസ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയില്‍ 15 മുതല്‍ 20 ശതമാനം വരെ ഇടിവ്

ന്യൂഡെല്‍ഹി: ഈ വര്‍ഷം ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന വില്‍പ്പനയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 40 മുതല്‍ 45 ശതമാനം വരെ ഇടിഞ്ഞേക്കുമെന്ന് അസോചം സോഷ്യല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്റെ (എഎസ്ഡിഎഫ്) കണ്ടെത്തല്‍. ചൈനയില്‍ നിന്നുള്ള അലങ്കാര വസ്തുക്കളുടെയും സമ്മാനങ്ങളുടെയും വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവുണ്ടാകുമെന്നാണ് അസോചം പറയുന്നത്.

മൊബീല്‍ ഫോണ്‍ ഉള്‍പ്പെടെ ചൈനീസ് നിര്‍മിത ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും നേരിയ കുറവനുഭവപ്പെട്ടിട്ടുണ്ടെന്നാണ് അസോചം പറയുന്നത്. എല്‍സിഡി, മൊബീല്‍ ഫോണ്‍ പോലുള്ള ചെനീസ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയില്‍ 15 മുതല്‍ 20 ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ടെന്ന് അസോചം സെക്രട്ടറി ജനറല്‍ ഡി എസ് റാവത്ത് ചൂണ്ടിക്കാട്ടി. അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാല്‍, ചെന്നൈ, ഡെറാഡൂണ്‍, ഡെല്‍ഹി, ഹൈദരാബാദ്, ലക്‌നൗ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ കച്ചവടക്കാര്‍ക്കിടയിലാണ് അസോചം സര്‍വെ സംഘടിപ്പിച്ചത്.

2016ല്‍ ദീപാവലിയോടനുബന്ധിച്ച് ഏകദേശം 6,500 കോടി രൂപയുടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അസോചത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരെത്തുന്നത് അലങ്കാരവസ്തുക്കള്‍ക്കും ലക്ഷ്മി, ഗണേശ പ്രതിമകള്‍ക്കും, ചൈനീസ് പടക്കം, രംങ്കോലി തുടങ്ങിയ വസ്തുക്കള്‍ക്കുമാണ്. എന്നാല്‍ ഈ വര്‍ഷം ചൈനീസ് ഉല്‍പ്പന്നങ്ങളേക്കാള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് ജനങ്ങള്‍ പരിഗണന നല്‍കുന്നതെന്ന് അസോചം പറയുന്നു. ഉപഭോക്താക്കള്‍ ഇന്ത്യന്‍ നിര്‍മിത ലൈറ്റുകളും മറ്റ് അലങ്കാര വസ്തുക്കളും ചോദിച്ചു വാങ്ങുന്നതായും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നിലവാരത്തില്‍ സംശയം പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

Comments

comments

Categories: Slider, Top Stories