ഷെഫ് (ഹിന്ദി)

ഷെഫ് (ഹിന്ദി)

സംവിധാനം: രാജാ കൃഷ്ണ മേനോന്‍
അഭിനേതാക്കള്‍: സെയ്ഫ് അലി ഖാന്‍, പത്മപ്രിയ, ദാനിഷ് കാര്‍ത്തിക്
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 13 മിനിറ്റ്

നിങ്ങള്‍ ബോളിവുഡ് സിനിമകളുടെ ഒരു ആരാധകനാണെങ്കില്‍, അമീര്‍ ഖാന്‍ അഭിനയിച്ച ദില്‍ ചാഹ്താ ഹേ ഉറപ്പായും കണ്ടു കാണും. അതല്ല, ബോളിവുഡ് സിനിമകളുടെ ആരാധകനല്ലെങ്കില്‍ സെയ്ഫ് അലി ഖാന്‍, ഷെഫ് എന്ന പുതിയ ചിത്രത്തിലൂടെ നിങ്ങളെ ദില്‍ ചാഹ്താ ഹേ എന്ന ജനപ്രീതിയാര്‍ജ്ജിച്ച സിനിമയെ കുറിച്ച് ഓര്‍മിപ്പിക്കും.

ന്യൂയോര്‍ക്കിലെ റെസ്റ്റോറന്റില്‍ ത്രീ-സ്റ്റാര്‍ മിഷേലിന്‍ ഷെഫാണ് റോഷന്‍ കല്‍റ (സെയ്ഫ് അലി ഖാന്‍). (ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ റെസ്റ്റോറന്റുകള്‍ക്കു നല്‍കുന്ന റേറ്റിംഗ് സംവിധാനത്തെയാണു മിഷേലിന്‍ സ്റ്റാര്‍ എന്നു പറയുന്നത്). റെസ്റ്റോറന്റില്‍ വച്ച് ഒരു കസ്റ്റമറെ മര്‍ദ്ധിച്ചതിനെ തുടര്‍ന്ന് റോഷനു ജോലി നഷ്ടപ്പെടുന്നു. ഈ സംഭവം അദ്ദേഹത്തെ തൊഴിലില്‍നിന്നും ദീര്‍ഘനാളത്തേയ്ക്ക് അവധിയെടുക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ റോഷന്‍ കൊച്ചിയിലെത്തുന്നു. അവിടെ, അകന്നു കഴിയുന്ന ഭാര്യ രാധാ മേനോനും (പത്മപ്രിയ), മകന്‍ അര്‍മാനുമൊപ്പം (സ്വര്‍ കാംബ്ലെ) സമയം ചെലവഴിക്കാന്‍ റോഷന്‍ തീരുമാനിക്കുന്നു. ഈ ട്രിപ്പ് റോഷനു ഗുണകരമാകുന്നു. കാരണം തകര്‍ന്ന കുടുംബബന്ധങ്ങളെ വീണ്ടെടുക്കാന്‍ റോഷനു സാധിക്കുന്നു. റോഷനു തന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുന്ന ഭാര്യ, റോഷനോടു ഭക്ഷണം പാചകം ചെയ്തു വില്‍പന നടത്തുന്ന ഫുഡ് ട്രക്കിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നിര്‍ദേശിക്കുന്നു.

ഹോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട ജോണ്‍ ഫാവ്‌റിയോയുടെ 2014-ല്‍ പുറത്തിറങ്ങിയ ഷെഫ് എന്ന ചിത്രത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണു സംവിധായകന്‍ രാജാ കൃഷ്ണ മേനോന്‍ ചിത്രമെടുത്തിരിക്കുന്നത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന പാചകക്കാരനായ റോഷന്റെ ജീവിതമാണു ചിത്രം പറയുന്നത്. അദ്ദേഹത്തിന്റെ തകര്‍ന്ന ദാമ്പത്യവും മറ്റു പൂര്‍വകാല ചരിത്രവുമൊക്കെ ചിത്രത്തില്‍ ഒഴുക്കോടെ പറഞ്ഞു പോവുകയാണ്. ആദ്യ പകുതിയില്‍ ചിത്രം പ്രേക്ഷകനു വൈകാരിക മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതിയില്‍ ഷെഫ് എന്ന നിലയില്‍ അര്‍ഥം കണ്ടെത്തിയ ജീവിതത്തെ കുറിച്ചും അതില്‍ എപ്രകാരം വിജയിച്ചെന്നും വിവരിക്കുന്നു. റോഡ് ട്രിപ്പുകളുടെ ഒരു പരമ്പരയാണ് രണ്ടാം പകുതിയെന്നും പറയാം. ചിത്രത്തിന്റെ ശക്തിയെന്നു പറയുന്നത് അതില്‍ അഭിനയിച്ചവരുടെ സ്വാഭാവിക പ്രകടനമാണെന്നു നിസംശയം പറയാം. ഇക്കാര്യം ഉറപ്പുവരുത്താന്‍ സംവിധായകന്‍ രാജാ മേനോന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. ഡ്രാമയുടേതെന്നു പറയാവുന്നൊരു ഘടകമോ, ഉദ്വേഗജനകമായ ട്വിസ്റ്റുകളോ ഒന്നുമില്ല. ഒഴുകുന്ന ഒരു നദി പോലെയാണു കഥയുടെ ആഖ്യാന രീതി. ചിത്രത്തില്‍ സെയ്ഫിന്റെ വണ്‍ ലൈനര്‍ ഹാസ്യം സൃഷ്ടിക്കുന്നുമുണ്ട്.

ഷെഫ് റോഷന്‍ കല്‍റ എന്ന വേഷത്തില്‍ സെയ്ഫ് പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നുണ്ട്. അടുക്കളയില്‍ ഒരു പാചകക്കാരന്‍ എങ്ങനെയായിരിക്കും അതു പോലെ തന്നെ നോട്ടത്തിലും പെരുമാറ്റത്തിലും തനിമ നിലനിര്‍ത്താന്‍ സെയ്ഫിനു സാധിച്ചിട്ടുണ്ട്. ചിത്രത്തില്‍ സെയ്ഫ് അവതരിപ്പിച്ച കല്‍റ എന്ന കഥാപാത്രവും അയാളുടെ മകന്‍ അര്‍മാനായി അഭിനയിച്ച സ്വര്‍ കാംബ്ലെയുമൊത്തുള്ള രംഗങ്ങള്‍ അതീവ ഹൃദ്യമായിട്ടുണ്ട്. ഇതു ചിത്രത്തെ കൂടുതല്‍ ആകര്‍ഷണീയവുമാക്കിയിട്ടുണ്ട്. അര്‍മാന്‍ എന്ന റോള്‍ സ്വര്‍ കാംബ്ലെ ആത്മവിശ്വാസത്തോടെ ചെയ്തിരിക്കുന്നു. കഥാപാത്രം റിയലിസ്റ്റിക്കായി ചെയ്തിട്ടുമുണ്ട്. റോഷന്‍ കല്‍റയുടെ മുന്‍ഭാര്യയായി അഭിനയിച്ചിരിക്കുന്ന പത്മപ്രിയ തന്റെ റോള്‍ മികവുറ്റതാക്കി.

ചിത്രത്തില്‍ രഘു ദീക്ഷിതിന്റെയും അമല്‍ മാലിക്കിന്റെയും സംഗീതം ശ്രവണമധുരമാണ്. ഛായാഗ്രാഹകന്‍ പ്രിയ സേഥ് തന്റെ കാമറകളിലൂടെ നയനമനോഹര രംഗങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നു, പ്രത്യേകിച്ചു ഫോര്‍ട്ടുകൊച്ചിയുടെ മനോഹാരിത.

2016-ല്‍ അക്ഷയ് കുമാര്‍ നായകനായ എയര്‍ലിഫ്റ്റ് എന്ന ആക്ഷന്‍ ചിത്രമായിരുന്നു ഷെഫിനു മുന്‍പ് രാജാ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്തത്. മലയാളി കൂടിയായ ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ് ഷെഫ്.

Comments

comments

Categories: FK Special, Movies