ഡിമാന്റില്‍ ഇന്ത്യ നേരിടുന്നത് വന്‍ വെല്ലുവിളികളെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്

ഡിമാന്റില്‍ ഇന്ത്യ നേരിടുന്നത് വന്‍ വെല്ലുവിളികളെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തൊഴിലവസങ്ങളില്‍ ഇടിവുണ്ടായെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും ആത്മവിശ്വാസമുള്ള ഉപഭോക്താക്കളുള്ള രാഷ്ട്രമെന്ന നിലയില്‍ നിന്നും ഇന്ത്യ നീങ്ങുന്നത് ആവശ്യകതയില്‍ വന്‍ ഇടിവ് നേരിടുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയിലേക്കാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ആഗോള എണ്ണ വില ഉയരുന്നതും ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളും 2016 തുടക്കം മുതല്‍ തന്നെ സമ്പദ് വ്യവസ്ഥയില്‍ ചില തിരിച്ചടികള്‍ നല്‍കിയിരുന്നു. നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ നയം ഇന്ത്യന്‍ വിപണിയെ തീര്‍ത്തും വഷളായ സാഹചര്യങ്ങളിലേക്ക് തള്ളിവിട്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ ഹ്രസ്വകാല നിഗമനത്തിന് മങ്ങലേല്‍പ്പിക്കുന്ന നിരവധി അനശ്ചിതത്വങ്ങളുണ്ടെന്ന് ഡ്യൂഷെ ബാങ്ക് എജിയില്‍ മുംബൈ ആസ്ഥാനമായ ചീഫ് ഇക്കണോമിസ്റ്റായ കൗശിക് ദാസ് ചൂണ്ടിക്കാട്ടുന്നു. 2017 ന്റെ ആദ്യ പകുതിയില്‍ മാസ്റ്റര്‍കാര്‍ഡ് ഏഷ്യ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡെക്‌സില്‍ ഇന്ത്യക്കാരുടെ സ്ഥാനം ഇടിഞ്ഞു. വരുമാനം കുറഞ്ഞതായാണ് 27 ശതമാനം ഇന്ത്യക്കാര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ടും പ്രതിസന്ധി വ്യക്തമാക്കുന്നതാണ്. തൊഴിലാണ് ഏറ്റവും ആശങ്ക സൃഷ്ടിക്കുന്ന പ്രശ്‌നമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം മാനുഫാക്ചറിഗ് തൊഴിലുകള്‍ 30 ശതമാനം ഇടിയുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. തൊഴില്‍ നിയമനങ്ങള്‍ 12 വര്‍ഷത്തെ താഴ്ചയിലേക്ക് പോകുമെന്ന് സര്‍വെകളും പറയുന്നു. ‘2014 മാര്‍ച്ചിനും 2016 നും ഇടയില്‍ തൊഴിലവസരങ്ങളില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. ഒരു പക്ഷേ, സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരത്തില്‍ സംഭവിക്കുന്നത് ആദ്യമായിട്ടാണ്’, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി ജേണല്‍ പറയുന്നു.

കടബാധ്യത ഉയര്‍ന്നതും ആവശ്യകത കുറഞ്ഞതുമാണ് കമ്പനികളെ നിയമനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 512 ബില്ല്യണ്‍ രൂപയുടെ (7.8 ബില്യണ്‍ ഡോളര്‍) പദ്ധതികള്‍ പൂര്‍ത്തിയായി. 2014 ല്‍ മോഡി അധികാരത്തില്‍ വന്നതിനു ശേഷം ഏറ്റവും താഴ്ന്നതാണിത്- മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ ഡാറ്റ വ്യക്തമാക്കുന്നു. ഉയര്‍ന്ന പലിശ നിരക്കുകള്‍ സ്വകാര്യ നിക്ഷേപത്തെ തടസ്സപ്പെടുത്തുകയും ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി വര്‍ധിപ്പിക്കുകയുമാണെന്ന് ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സിലെ അഭിഷേക് ഗുപ്ത പറയുന്നു.

മിക്ക സമ്പദ്ഘടനകളിലും ആവശ്യകതയിലെ മാന്ദ്യം, വായ്പാ സംതംഭനം, ദുര്‍ബലമായ വളര്‍ച്ച എന്നിവ സാമ്പത്തിക ഉത്തേജന നടപടികള്‍ പ്രഖ്യാപിക്കാന്‍ നയ നിര്‍മാതാക്കളില്‍ സമ്മര്‍ദം ചെലുത്താറുണ്ട്. എന്നാല്‍ ഇന്ത്യക്ക് ഇക്കാര്യത്തിലും പരമിതികളുണ്ട്. എണ്ണവില ഉയരുന്നത് പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ബജറ്റ് കമ്മിയുള്ള രാജ്യമായി ഇതിനകം ഇതിനകം മാറിയിട്ടുണ്ട്.

നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതിയുമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മാനുഫാക്ചറിംഗ് , സേവന മേഖല കരകയറുകയാണെന്നാണ് സെപ്റ്റംബറില്‍ നടത്തിയ സ്വകാര്യ സര്‍വെ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെങ്കിലും ഒക്ടോബര്‍-മാര്‍ച്ച് കാലയളവില്‍ സാമ്പത്തിക വളര്‍ച്ച ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Slider, Top Stories