സ്പുട്‌നിക് @ 60

സ്പുട്‌നിക് @ 60

ബഹിരാകാശ ഗവേഷണ മേഖലയ്ക്കു ചരിത്രമുഹൂര്‍ത്തം സമ്മാനിച്ചു കൊണ്ടാണു സ്പുട്‌നിക് എന്ന കൃത്രിമ ഉപഗ്രഹം അറുപത് വര്‍ഷം മുന്‍പു യുഎസ്എസ്ആര്‍ വിക്ഷേപിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സൈനിക ആവശ്യങ്ങള്‍ക്കു വേണ്ടി റോക്കറ്റുകള്‍ വികസിപ്പിക്കുന്ന തിരക്കിലായിരുന്നു വന്‍ശക്തികളായ സോവിയറ്റ് യൂണിയനും അമേരിക്കയും. ഇത്തരത്തില്‍ റോക്കറ്റുകള്‍ വികസിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ശാസ്ത്രജ്ഞരാണു ബഹിരാകാശരംഗത്തെ വിപ്ലവത്തിനു തുടക്കമിട്ടത്. ബഹിരാകാശ രംഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ മുന്നില്‍നിന്നിരുന്ന അമേരിക്കയ്ക്കു ഞെട്ടല്‍ സമ്മാനിച്ചു കൊണ്ടാണ് സോവിയറ്റ് യൂണിയന്‍ സ്പുട്‌നിക് വിക്ഷേപിച്ചത്.

60 വര്‍ഷം മുമ്പ് ഒരു ഒക്ടോബര്‍ നാലിനാണു ഭൂമിയുടെ ഭ്രമണപഥത്തിലേക്കു മനുഷ്യന്‍ ആദ്യമായി സ്പുട്‌നിക് എന്ന കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചത്. സഹചാരി (ട്രാവലിംഗ് കംപാനിയന്‍) എന്ന് അര്‍ഥമുള്ള റഷ്യന്‍ വാക്കാണു സ്പുട്‌നിക്. 1957 ഒക്ടോബര്‍ നാലിനു ദക്ഷിണ കസാഖ്സ്ഥാനിലെ തവിട്ടുനിറമുള്ള വിശാലമായ പുല്‍പ്രദേശത്തുനിന്നുമാണു ബീച്ച് ബോള്‍ ആകൃതിയിലുള്ള ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ഒരു ബാസ്‌കറ്റ് ബോളിന്റെ വലിപ്പമായിരുന്ന സ്പുട്‌നിക്കിന് 183 പൗണ്ട് തൂക്കമുണ്ടായിരുന്നു. അലുമിനിയം, മഗ്നീഷ്യം, ടൈറ്റാനിയം എന്നിവ കൊണ്ടു നിര്‍മിച്ച ഒരു തിളക്കമുള്ള, 23 ഇഞ്ച് വ്യാസമുള്ള ഗോളമായിരുന്നു സ്പുട്‌നിക്. ഒരു റേഡിയോ ട്രാന്‍സ്മിറ്റര്‍, ബാറ്ററി, ഫാന്‍ എന്നിവ സ്പുട്‌നിക്കില്‍ ഉണ്ടായിരുന്നു. വിക്ഷേപിച്ചു കഴിഞ്ഞു ഭൂമിയുടെ ഭ്രമണപഥത്തിലെത്താന്‍ 98 മിനിറ്റാണെടുത്തത്. റഷ്യക്കാരനായ സെര്‍ജി കോറോലെവ് ആയിരുന്നു സ്പുട്‌നിക്കിന്റെ രൂപകല്‍പന നിര്‍വഹിച്ചവരില്‍ പ്രധാനി.

സ്പുട്‌നിക് വിക്ഷേപിച്ചതിന്റെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി 2017 ഒക്ടോബര്‍ നാല് മുതല്‍ പത്ത് വരെ വേള്‍ഡ് സ്‌പേസ് വാരാഘോഷമായി ആചരിക്കുകയാണ്.

രണ്ടാം ലോകമഹായുദ്ധ കാലത്തു മാരകമായ പ്രഹരശേഷിയുണ്ടാക്കാന്‍ പ്രാപ്തമായ റോക്കറ്റ് വികസിപ്പിക്കുന്നതിലായിരുന്നു ശാസ്ത്രജ്ഞരുടെ ശ്രദ്ധ. എന്നാല്‍ സോവിയറ്റ് യൂണിയനിലെയും അമേരിക്കയിലെയും ചില ശാസ്ത്രജ്ഞര്‍ റോക്കറ്റുകളെ ബഹിരാകാശ ഗവേഷണത്തിന് എന്തു കൊണ്ട് ഉപയോഗിച്ചു കൂടാ എന്നും ചിന്തിച്ചു. ഭൂമിയെ വലയം ചെയ്യുന്ന, ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന വാഹനത്തിന്റെ സാധ്യതകളെ കുറിച്ചു ഗവേഷണം നടത്തി കൊണ്ടിരിക്കുന്നതില്‍ മുന്നിലായിരുന്നു യുഎസ്. സോവിയറ്റ് യൂണിയന്‍ ഏറെ പിന്നിലുമായിരുന്നു. 1955-ല്‍ സോവിയറ്റ് യൂണിയനും, അമേരിക്കയും വെവ്വേറെയായി ഒരു പ്രസ്താവന നടത്തി. 1957-1958 ല്‍ ലോകം അന്താരാഷ്ട്ര ജിയോഫിസിക്കല്‍ വര്‍ഷമായി ആചരിക്കുന്ന വേളയില്‍ ഭ്രമണപഥത്തില്‍ കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കുമെന്നായിരുന്നു ആ പ്രസ്താവന. എന്നാല്‍ സ്പുട്‌നിക് എന്ന പേരില്‍ ഒരു ഉപഗ്രഹം വിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോവിയറ്റ് യൂണിയന്‍ രഹസ്യമായി സൂക്ഷിച്ചിരുന്നു. അതിനാലാവണം സ്പുട്‌നിക്കിന്റെ വിക്ഷേപണം ലോകത്തിനു വിസ്മയം സമ്മാനിച്ചതും.

കാലാവസ്ഥ പ്രവചനം, വാര്‍ത്താവിനിമയം, സൈനിക ആവശ്യങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഇന്നു കൃത്രിമ ഉപഗ്രഹങ്ങളില്‍നിന്നുള്ള സേവനം പ്രയോജനപ്പെടുത്തുന്നു. കൃത്രിമ ഉപഗ്രഹമില്ലാത്തൊരു അവസ്ഥയെ കുറിച്ച് ഇന്നു ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം.

1957 ഒക്ടോബര്‍ നാല് മുതല്‍ സൂര്യനെ വലയം ചെയ്യുന്ന ഭൂമിയോടൊപ്പം സ്പുട്‌നിക്കും യാത്ര തുടര്‍ന്നു. ഭൂമിയോടൊപ്പം യാത്ര ചെയ്യുന്ന ഒരു സഹചാരിയായിരുന്നു സ്പുട്‌നിക്. അതിനാലാവണം സഹചാരി (ട്രാവലിംഗ് കംപാനിയന്‍) എന്ന് അര്‍ഥമുള്ള റഷ്യന്‍ വാക്ക് ആദ്യ കൃത്രിമ ഉപഗ്രഹത്തിന്റെ പേരായി നിര്‍ദേശിച്ചതും. ഭൂമിയില്‍ നിന്നും ആളുകള്‍ സ്പുട്‌നിക്കിനെ ബൈനോക്കുലറിലൂടെയാണു വീക്ഷിച്ചത്. അതിന്റെ മൂളല്‍ ശബ്ദം ഹാം റേഡിയോയിലൂടെ ശ്രവിക്കുകയും ചെയ്തു. 1958 ജനുവരി അഞ്ചോടെ ഭൂമിയോടൊപ്പം സൂര്യനെ വലയം ചെയ്യുന്ന യാത്രയില്‍ പങ്കെടുത്ത സ്പുട്‌നിക് അതിന്റെ ഗ്രഹണപഥത്തില്‍നിന്നും വീഴുകയും അന്തരീക്ഷത്തില്‍ കത്തിയമരുകയും ചെയ്തു. അന്നു പര്യവേക്ഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും സ്പുട്‌നിക് ശേഖരിച്ചിരുന്നില്ല. കാരണം ഉപഗ്രഹത്തില്‍ അതിനുള്ള ആധുനിക സംവിധാനങ്ങളൊന്നുമില്ലായിരുന്നു. 1958 ജനുവരിയില്‍ സ്പുട്‌നിക്കിന്റെ ആയുസ് അവസാനിച്ചെങ്കിലും അധികം താമസിയാതെ 1958 നവംബര്‍ മൂന്നിനു സോവ്യറ്റ് യൂണിയന്‍ സ്പുട്‌നിക് 2 വിക്ഷേപിച്ചു. ജീവനുള്ള ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ലൈക എന്ന പട്ടിക്കുട്ടിയുമായിട്ടായിരുന്നു സ്പുട്‌നിക്ക് 2 വിക്ഷേപിക്കപ്പെട്ടത്. യുഎസ്എസ്ആറിന്റെ സ്പുട്‌നിക്കിനു മറുപടിയായി അമേരിക്ക 1958 ജനുവരി 31ന് എക്‌സ്‌പ്ലോറര്‍ 1 വിക്ഷേപിച്ച് മറുപടി നല്‍കിയിരുന്നു. സ്പുട്‌നിക് വിക്ഷേപിക്കുമ്പോള്‍ അതു ഭാവിയില്‍ യുഎസ്എസ്ആറും യുഎസ്എയും തമ്മില്‍ ശൂന്യാകാശത്ത് ഒരു യുദ്ധത്തിനു തുടക്കമിടുമെന്നു സ്പുട്‌നിക്കിന്റെ വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഒരിക്കലും വിചാരിച്ചു കാണില്ല.

കൃത്രിമ ഉപഗ്രഹങ്ങള്‍

ഉപഗ്രഹങ്ങള്‍ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിര്‍മിതവും. ഇന്‍സാറ്റ് പോലെയുള്ളവ മനുഷ്യനിര്‍മിത ഉപഗ്രഹങ്ങളാണ് അഥവാ സാറ്റ്‌ലൈറ്റുകളാണ്. ചന്ദ്രന്‍ ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹവും. സാറ്റ്‌ലൈറ്റുകള്‍ പലതരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാറുണ്ട്. സൈനിക സൈനികേതര ഭൗമനിരീക്ഷണം, വാര്‍ത്താവിനിമയം, ഗതാഗതം, കാലാവസ്ഥാ നിരീക്ഷണം, ഗവേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് കൃത്രിമ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. ഭ്രമണപഥത്തിലുള്ള ബഹിരാകാശനിലയങ്ങളും ശൂന്യാകാശ വാഹനങ്ങളും കൃത്രിമോപഗ്രഹങ്ങളാണ്. സാറ്റ്‌ലൈറ്റുകള്‍ സ്വയം നിയന്ത്രിക്കാന്‍ ഭാഗികമായി കഴിവുള്ള യന്ത്രങ്ങളാണ്. കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണു കൃത്രിമോപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.

കൃത്രിമ ഉപഗ്രഹമെന്ന ആശയം ആദ്യം അവതരിപ്പിച്ചത് ഐസക് ന്യൂട്ടന്‍

ഐസക് ന്യൂട്ടണ്‍ ആണ് ആദ്യമായി കൃത്രിമോപഗ്രഹം എന്ന ആശയം മുന്നോട്ടു വെക്കുന്നത്. A Treatise of the System of the World എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭൗമോപരിതലത്തില്‍ നിന്നു തൊടുത്തുവിടാവുന്ന ഒരു പീരങ്കിയുണ്ട എന്ന രീതിയിലാണ് ന്യൂട്ടണ്‍ കൃത്രിമോപഗ്രഹത്തെ വിഭാവനം ചെയ്തത്. ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കാവുന്ന കൃത്രിമോപഗ്രഹം എന്ന ആശയം ആദ്യമായി അവതരിക്കപ്പെട്ടത് എഡ്വേഡ് എവരറ്റ് ഹെയില്‍ എഴുതിയ The Brick Moon എന്ന ഫിക്ഷണല്‍ ചെറുകഥയിലുമാണ്.

Comments

comments

Categories: FK Special, Slider
Tags: Sputnik @ 60