നഷ്ടം സഹിച്ചും ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് മഹീന്ദ്ര

നഷ്ടം സഹിച്ചും ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് മഹീന്ദ്ര

ആദ്യ ഘട്ടത്തില്‍ 500 ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും വിപണിയിലെത്തിക്കുക

മുംബൈ: എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡി (ഇഇഎസ്എല്‍)ന് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള കരാര്‍ കമ്പനിക്ക് നഷ്ടം വരുത്തുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ പദ്ധതിയില്‍ തങ്ങള്‍ പങ്കാളികളാകുമെന്നും മഹീന്ദ്ര വ്യക്തമാക്കി.

പതിനായിരം ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുകയാണ് ഇഇഎസ്എല്‍ പദ്ധതിയുടെ ലക്ഷ്യം. ഇതിലേക്കായി വിളിച്ച ബിഡ്ഡില്‍ യൂണിറ്റിന് 11.2 ലക്ഷം രൂപ എന്ന ഏറ്റവും കുറഞ്ഞ തുക സമര്‍പ്പിച്ചത് ടാറ്റ മോട്ടോഴ്‌സായിരുന്നു. മഹീന്ദ്ര മുന്നില്‍വെച്ചതിനെക്കാള്‍ 2.35 ലക്ഷം രൂപ കുറവാണിത്. ഈ സാഹചര്യത്തില്‍ ടാറ്റ പറഞ്ഞ അതേ തുകയ്ക്ക് വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ മഹീന്ദ്രയും സമ്മതിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ 500 ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും വിപണിയിലെത്തിക്കുക. 150 ഇലക്ട്രിക് വാഹനങ്ങള്‍ മഹീന്ദ്രയും 250 എണ്ണം ടാറ്റ മോട്ടോഴ്‌സും നവംബറില്‍ ഇഇഎസ്എല്ലിന് കൈമാറും. ബാക്കി വരുന്ന 100 വാഹനങ്ങളുടെ കാര്യം പിന്നീട് അറിയിക്കും.

പ്രതി യൂണിറ്റിന് 11.2 ലക്ഷം എന്ന വില നീതീകരിക്കാനാവില്ല. ആദ്യത്തെ 150 വാഹനങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ 3.5 കോടിയോളം രൂപ നഷ്ടംവരും. ടാറ്റ നല്‍കുന്ന കാറിനേക്കാള്‍ വലിയ വാഹനമാണ് ഞങ്ങള്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇ വെറിറ്റോ മോഡല്‍- മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക പറഞ്ഞു.
കരാര്‍ കമ്പനിക്ക് നഷ്ടങ്ങളുണ്ടാക്കുന്നു. അത് എത്രയാണെന്ന വെളിപ്പെടുത്താന്‍ പറ്റില്ല. പക്ഷേ, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുവയ്പ്പില്‍ ഞങ്ങളും ഭാഗമാകും. ടാറ്റ മോട്ടോഴ്‌സിനും മഹീന്ദ്രയ്ക്കും പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. രണ്ടാം ഘട്ടത്തില്‍ 4,750 വാഹനങ്ങള്‍ നിര്‍മിക്കാമുള്ള അവസരമാണ് മഹീന്ദ്രക്കുള്ളത്. എന്നാല്‍ നഷ്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പദ്ധതിയില്‍ തുടര്‍ന്ന് പങ്കാളികളാകില്ല. നിര്‍മാണ ഘടകങ്ങളുടെ വിലയില്‍ കുറവ് വരുത്തുകയാണെങ്കില്‍ 4750 ഇലക്ട്രിക് വാഹനങ്ങളില്‍ കുറച്ചെങ്കിലും നിര്‍മിച്ച് നല്‍കാനാകുമെന്നും ഗോയങ്ക കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy