ഇന്‍ഷുറന്‍സ് ഐപിഒകള്‍ എന്‍പിഎ പരിഹരിക്കാന്‍ സഹായിക്കും: മൂഡീസ്

ഇന്‍ഷുറന്‍സ് ഐപിഒകള്‍ എന്‍പിഎ പരിഹരിക്കാന്‍ സഹായിക്കും: മൂഡീസ്

ഐപിഒക്ക് ശേഷം എസ്ബിഐ ലൈഫിന്റെ മൂല്യം 70,000 കോടി രൂപയും ഐസിഐസിഐ ലൊംബാര്‍ഡിന്റെ മൂല്യം 29,500 കോടി രൂപയുമായി

ന്യൂഡെല്‍ഹി: സമീപകാലത്ത് ചില ഇന്ത്യന്‍ ബാങ്കുകള്‍ തങ്ങളുടെ ഇന്‍ഷുറന്‍സ് ബിസിനസുകളുടെ ഓഹരി വില്‍പ്പന നടത്തിയത് അവരുടെ നിഷ്‌ക്രിയാസ്തി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഈ ആഴ്ച ആദ്യം എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് (എസ്ബിഐ ലൈഫ്) പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) പൂര്‍ത്തീകരിച്ചിരുന്നു. സ്വകാര്യ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായ ഐസിഐസിഐ ലൊംബാര്‍ഡ് കഴിഞ്ഞ ആഴ്ച ഐപിഒ നടത്തിയിരുന്നു. ബാങ്കുകള്‍ ഇന്‍ഷുറന്‍സ് അനുബന്ധ സ്ഥാപനങ്ങളുടെ ഐപിഒ സംഘടിപ്പിക്കുന്നത് ക്രെഡിറ്റ് പോസിറ്റിന് ആയാണ് വിലയിരുത്തുന്നതെന്നും മൂഡീസ് പറയുന്നു.

ഈ ലിസ്റ്റിംഗ് ഇന്‍ഷുറന്‍സ് സബ്‌സിഡിയറികളുടെ ഭാവി വില്‍പ്പനയ്ക്കും ഗുണം ചെയ്യും. 31.55 കോടി ഇക്വിറ്റി ഓഹരികള്‍ക്ക് വേണ്ടി 3.58 മടങ്ങ് അധിക സ്ബ്‌സ്‌ക്രിപ്ഷനാണ് എസ്ബിഐ ലൈഫ് ഐപിഒയ്ക്ക് ലഭിച്ചത്. 18.35 കോടി ഇക്വിറ്റി ഓഹരികളാണ് ഐസിഐസിഐ ലൊംബാര്‍ഡ് വില്‍പ്പനയ്ക്കായി എത്തിച്ചത്. 2.98 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷനാണ് അവര്‍ക്ക് ലഭിച്ചത്. ഐപിഒ വഴി ലഭിച്ച നേട്ടം നിഷ്‌ക്രിയ വായ്പാ(എന്‍പിഎല്‍) പ്രശ്‌നത്തെ കൈകാര്യം ചെയ്യാന്‍ എസ്ബിഐ ഉപയോഗിക്കുമെന്നും അതുവഴി ലാഭക്ഷമതയിലെ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുമെന്നുമാണ് മൂഡീസ് പ്രതീക്ഷിക്കുന്നത്. 2017 ജൂണ്‍ മുതലുള്ള എസ്ബിഐ യുടെ നിഷ്‌ക്രിയ വായ്പയുടെ 300 അടിസ്ഥാന പോയ്ന്റുകള്‍ക്ക് തുല്യമാണ് ഈ നേട്ടമെന്നും മൂഡിസ് ചൂണ്ടിക്കാണിക്കുന്നു.
വന്‍ തുക വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ 12 അക്കൗണ്ടുകളുടെ വിവരം ജൂണില്‍ ആര്‍ബിഐ പുറത്തുവിട്ടിരുന്നു.5000 കോടി രൂപയിലേറെ തുകയുടെ വായ്പയാണ് ഈ എക്കൗണ്ടുകള്‍ക്കുള്ളത്. പാപ്പരത്ത നിയമ (ഐബിസി) പ്രകാരം ഈ എക്കൗണ്ടുകള്‍ക്കെതിരെ ബാങ്കുകള്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 8 ലക്ഷം കോടി രൂപയിലധികമായിരുന്നു പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം.

ഈ 12 എക്കൗണ്ടുകള്‍ക്കായി നടപ്പ് സാമ്പത്തിക വര്‍ഷം 3,540 കോടി രൂപയുടെ അധിക പ്രൊവിഷനിംഗ് നല്‍കാന്‍ തങ്ങളോട് ആര്‍ബിഐ നിര്‍ദേശിച്ചെന്നാണ് വ്യക്തമാക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഡാറ്റ വ്യക്തമാക്കുന്നത്.

ഐപിഒക്ക് ശേഷം എസ്ബിഐ ലൈഫിന്റെ മൂല്യം 70,000 കോടി രൂപയും(10.8 ബില്യണ്‍ ഡോളര്‍), ഐസിഐസിഐ ലൊംബാര്‍ഡിന്റെ മൂല്യം 29,500 കോടി രൂപ (4.5 ബില്യണ്‍ ഡോളര്‍) യുമായി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളുടെ വായ്പാ ചെലവിടല്‍ ശേഷി ഇത് ശക്തമാക്കും – മൂഡീസ് പറയുന്നു.
ഐപിഒയ്ക്ക് ശേഷം എസ്ബിഐ ലൈഫില്‍ 62.1 ശതമാനം ഓഹരി പങ്കാളിത്തമാണ് എസ്ബിഐക്കുള്ളത്. ഇത് ഏകദേശം 43,500 കോടി രൂപയോളം വരും. 16,500 കോടി രൂപയോളം വിലമതിക്കുന്ന 55.9 ശതമാനം ഓഹരികളാണ് ഐസിഐസിഐ ബാങ്കിന് ഐസിഐസിഐസി ലൊംബാര്‍ഡിലുള്ളത്. മറ്റൊരു ഇന്‍ഷുറന്‍സ് സബ്‌സിഡിയറിയായ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ 54.9 ശതമാനം ഓഹരികളും ഐസിഐസിഐക്കുണ്ട്.

Comments

comments

Categories: Business & Economy