സൗജന്യ ഡാറ്റ ശുപാര്‍ശ പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ട്രായ്

സൗജന്യ ഡാറ്റ ശുപാര്‍ശ പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ട്രായ്

ന്യൂഡെല്‍ഹി: ‘ സൗജന്യ ഡാറ്റ’ സംബന്ധിച്ച തങ്ങളുടെ ശുപാര്‍ശ പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഇന്‍ര്‍നെറ്റ് കൂടുതല്‍ പ്രാപ്തമാക്കാനാണ് സൗജന്യ ഡാറ്റ വഴി ട്രായ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഇപ്പോഴും ചെലവേറിയതാണെന്നും അതിനാല്‍ ഡിജിറ്റല്‍ ശാക്തീകരണത്തിന് ഇത്തരം ഇടപെടലുകള്‍ അനിവാര്യമാണെന്നാണ് ട്രായ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

‘ഗ്രാമീണ ജനസംഖ്യയില്‍ ഭൂരിഭാഗത്തിനും ഇന്റര്‍നെറ്റ് പ്രാപ്തമല്ലെന്നത് തന്നെയാണ് സൗജന്യ ഡാറ്റ നയത്തിലേക്ക് എത്തിച്ചേരാന്‍ കാരണമായത്. രാജ്യത്തെ മിക്ക ഗ്രാമീണ, വിദൂര മേഖലകളിലും അടിസ്ഥാന ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അപര്യാപ്തത നിലനില്‍ക്കുന്നു’, ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ പറഞ്ഞു. സൗജന്യ ഡാറ്റ സംബന്ധിച്ച് റെഗുലേറ്റര്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ ടെലികോം വകുപ്പിന്റെ ഉന്നത നയരൂപീകരണ സമിതിയായ ടെലികോം കമ്മീഷന്‍ കൂടുതല്‍ വ്യക്തത തേടിക്കൊണ്ട് കഴിഞ്ഞ മാസം തിരിച്ചയച്ചിരുന്നു.

ടെലികോം ഓപ്പറേറ്റര്‍മാരുടെ ബിസിനസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ സൗജന്യ ഡാറ്റ എങ്ങിനെ പ്രവര്‍ത്തനക്ഷമമാക്കാം എന്നത് വിശദമാക്കാന്‍ ടെലികോം കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ നൂതനമായ പരിഹാര മാര്‍ഗങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്നാണ് ശര്‍മ പറയുന്നത്. വിശ്വസനീയവും വ്യാപകവുമായ നെറ്റ്‌വര്‍ക്കുകള്‍ വഴി ഏറ്റവും സമീപത്തു തന്നെ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കേണ്ടതുണ്ടെന്നും ശര്‍മ പറഞ്ഞു.

നിലവില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്ന മേഖലകളില്‍ ഉപഭോക്തൃ അടിത്തറ 33 ശതമാനമാണെങ്കില്‍ ഗ്രാമീണ മേഖലയില്‍ ഇത് 16 ശതമാനം മാത്രമാണെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഒാഫ് ഇന്ത്യ (സിഒഎഐ) ഐഎംസി-ഡെലോയിറ്റ് റിപ്പോര്‍ട്ട് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ഡിജിറ്റല്‍ പരിവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റര്‍ സമ്പദ്‌വ്യവസ്ഥ സുഗമമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് ട്രായ് മുന്നോട്ടുവെക്കുന്നത്.

Comments

comments

Categories: Tech