നികുതി റീഫണ്ടുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും

നികുതി റീഫണ്ടുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും

ഈ മാസം അവസാനത്തോടെ മണിക്കൂറില്‍ 130,000 റിട്ടേണുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ജിഎസ്ടിഎനിനെ മെച്ചപ്പെടുത്തും

ന്യൂഡെല്‍ഹി: സംയോജിത ചരക്ക് സേവന നികുതിയിലെ റീഫണ്ടുകള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുക്കും. ജിഎസ്ടിക്ക് കീഴിലുള്ള ഐടി സംവിധാനത്തിന്റെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടി രൂപീകരിച്ച മന്ത്രിതല സമിതി (ജിഒഎം)യുടെ അധ്യക്ഷനായ സുശീല്‍ കുമാര്‍ മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംയോജിത ജിഎസ്ടി റീഫണ്ട് സംബന്ധിച്ചും ചെറുകിട നികുതിദാതാക്കള്‍ക്ക് ബിസിനസ് സുഗമമായി ചെയ്യുന്നതിനുള്ള കാര്യങ്ങളിലും കൗണ്‍സില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജിഎസ്ടി നെറ്റ്‌വര്‍ക്ക് സംബന്ധിച്ച മന്ത്രിതല സമിതിയുടെ രണ്ടാം യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിക്ക് പുറമെ ഛത്തീസ്ഗഡ് വാണിജ്യ നികുതി വകുപ്പ് മന്ത്രി അമര്‍ അഗര്‍വാള്‍, കര്‍ണാടക കൃഷി മന്ത്രി കൃഷ്ണ ബൈര്‍ ഗൗഡ, കേരള ധനമന്ത്രി ടി എം തോമസ് ഐസക്, തെലങ്കാന ധനമന്ത്രി ഇറ്റെല രാജേന്ദര്‍ എന്നിവരാണ് സമിതിയിലുള്ളത്. സെപ്റ്റംബര്‍ 16നായിരുന്നു മന്ത്രിതല സമിതിയുടെ ആദ്യ യോഗം. ജിഎസ്ടിഎന്‍ ചെയര്‍മാന്‍ അജയ് ഭൂഷണ്‍ പാണ്ഡെ, ജിഎസ്ടിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രകാശ് കുമാര്‍ എന്നിവരാണ് ജിഎസ്ടി നെറ്റ് വര്‍ക്കിലെ സാങ്കേതിക തടസങ്ങളെ പരിശോധിക്കുന്നതിന് മന്ത്രിതല സമിതിയെ സഹായിക്കുന്നത്.

ജിഎസ്ടി സംവിധാനത്തിലെ ഘടനാപരമായ മാറ്റങ്ങള്‍ അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഇക്കാര്യങ്ങള്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിക്കുമെന്നും മോദി വ്യക്തമാക്കി.
സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഭൂരിഭാഗം തടസങ്ങളും പരിഹരിച്ചിട്ടുണ്ട്. റിട്ടേണുകള്‍ ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യാമെന്നതു സംബന്ധിച്ച് വ്യാപാരികള്‍ക്ക് ഇപ്പോള്‍ ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നവീകരിച്ച ജിഎസ്ടിഎന് ഒരു മണിക്കൂറില്‍ 80,000 റിട്ടേണുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഈ മാസം അവസാനത്തോടെ മണിക്കൂറില്‍ 130,000 റിട്ടേണുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ജിഎസ്ടിഎനിനെ മെച്ചപ്പെടുത്തും. വാങ്ങല്‍,വില്‍പ്പന എന്നിവയില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത 20 ലക്ഷത്തോളം വ്യാപാരികള്‍ക്ക് എസ്എംഎസ് വഴി മുന്നറിയിപ്പ് നല്‍കും.

ജിഎസ്ടിഎന്‍ ഇന്‍ഫ്രാസ്ട്രക്ടചര്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഫോസിസ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജിഎസ്ടിഎന്‍ ഉപയോഗത്തില്‍ സഹായിക്കുന്നതിനായി സാങ്കേതിക ജീവനക്കാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിട്ടേണ്‍ ഫയലിംഗില്‍ നികുതിദായകര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം സാങ്കേതിക തടസങ്ങളാണെന്ന് പല സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ജിഎസ്ടി കൗണ്‍സില്‍ തലവനായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് മുന്നില്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് മന്ത്രിതല സമിതി രൂപീകരിച്ചത്.ജൂലൈ 1 മുതല്‍ കോംപോസിഷന്‍ പദ്ധതിക്ക് കീഴിലെ 11 ലക്ഷം പേര് ഉള്‍പ്പെടെ 23,18,000 ത്തിലധികം പുതിയ വ്യാപാരികളാണ് ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തത്. മുമ്പുണ്ടായിരുന്ന വാറ്റ്, സേവന നികുതികളില്‍ നിന്നും കുടിയേറിയ 62.25 ലക്ഷം വ്യാപാരികളുള്‍പ്പെടെ 85 ലക്ഷത്തിലധികം പേരാണ് നിലവില്‍ ജിഎസ്ടിക്ക് കീഴിലുള്ളത്. ഒരു സാമ്പത്തിക വര്‍ഷം 75 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ളവര്‍ക്കാണ് കോംപസിഷന്‍ സമ്പ്രദായം ബാധകമായിട്ടുള്ളത്. ഇവര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഒരു നികുതിയും ഈടാക്കാന്‍ സാധിക്കില്ല.

Comments

comments

Categories: Top Stories