സ്‌കോഡ കോഡിയാക്ക് അവതരിപ്പിച്ചു

സ്‌കോഡ കോഡിയാക്ക് അവതരിപ്പിച്ചു

എക്‌സ് ഷോറൂം വില 34.49 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : ഓള്‍ ന്യൂ 7 സീറ്റര്‍ സ്‌കോഡ കോഡിയാക്ക് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 34.49 ലക്ഷം രൂപയാണ് ഇന്ത്യാ എക്‌സ് ഷോറൂം വില. ചെക്ക് കാര്‍ നിര്‍മ്മാതാക്കളുടെ ആദ്യ 7 സീറ്ററാണ് കോഡിയാക്ക്. ടോപ് വേരിയന്റായ കോഡിയാക്ക് സ്റ്റൈല്‍ മാത്രമേ ഇന്ത്യയില്‍ ലഭിക്കൂ. പുതിയ ഫുള്‍സൈസ് കോഡിയാക്ക് വിപണിയിലെത്തിച്ചതോടെ ചെക്ക് കമ്പനിക്ക് ഇനി ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡവര്‍, മിറ്റ്‌സുബിഷി പജീറോ സ്‌പോര്‍ട്, ഇസുസു എംയു-എക്‌സ്, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ എന്നീ വമ്പന്‍മാരെ ഇന്ത്യയില്‍ സധൈര്യം വെല്ലുവിളിക്കാം.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, പുതിയ സ്‌കോഡ കോഡിയാക്ക് എന്നിവ എംക്യുബി എന്ന ഒരേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചതാണ്. ആഗോളതലത്തില്‍ അഞ്ച് സീറ്റുള്ള കോഡിയാക്ക് വാങ്ങാന്‍ കഴിയുമെങ്കിലും ഇന്ത്യയില്‍ 7 സീറ്റര്‍ മാത്രം വില്‍ക്കാനാണ് സ്‌കോഡയുടെ തീരുമാനം. വലിയ ‘ഇന്‍ യുവര്‍ ഫേസ്’ ഗ്രില്ലാണ് സ്‌കോഡിയാക്കിന് സവിശേഷമായ ഭംഗി നല്‍കുന്നത്.

സ്‌കോഡ കോഡിയാക്കിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,697 എംഎം, 1,882 എംഎം, 1,676 എംഎം എന്നിങ്ങനെയാണ്. 2,791 മില്ലി മീറ്ററാണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സാകട്ടെ 187 എംഎം.

2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്റെ ഡിസ്‌പ്ലേസ്‌മെന്റ് 1968 സിസിയാണ്. സ്‌കോഡ ഒക്ടാവിയ, സ്‌കോഡ സൂപ്പര്‍ബ് എന്നിവയിലും ടിഗ്വാന്‍ ഉള്‍പ്പെടെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലെ മറ്റുപല വാഹനങ്ങളിലും ഇതേ എന്‍ജിന്‍ കാണാന്‍ കഴിയും. ഈ എന്‍ജിന്‍ 3,500 ആര്‍പിഎമ്മില്‍ 148 ബിഎച്ച്പി കരുത്തും 1,750-3,000 ആര്‍പിഎമ്മില്‍ 340 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

മാന്വല്‍ ഗിയര്‍ബോക്‌സ്, പെട്രോള്‍ എന്‍ജിന്‍ എന്നിവയെക്കുറിച്ച് കമ്പനി ഒന്നും മിണ്ടുന്നില്ല. എന്നാല്‍ ഒപ്പുറപ്പാണ്. പുറത്തിറക്കിയ കോഡിയാക്ക് ഓള്‍ വീല്‍ ഡ്രൈവാണ്. 16.25 കിലോമീറ്ററാണ് ഇന്ധനക്ഷമതയെന്ന് കമ്പനി അവകാശപ്പെടുന്നു.

16.25 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു

നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഡാഷ്‌ബോര്‍ഡില്‍ കാണാനാകുന്നത്. ഡോര്‍ പോക്കറ്റുകളില്‍ കുട, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ് അസ്സിസ്റ്റ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. മുതിര്‍ന്ന രണ്ടുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ കഴിയുംവിധമാണ് അവസാന നിര സീറ്റിലെ ലെഗ് സ്‌പേസും ഹെഡ്‌റൂമും.

സ്‌കോഡ കോഡിയാക്കിനകത്ത് ‘സ്ലീപ് പാക്കേജ്’ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് റിയര്‍ സീറ്റിന് രണ്ട് ഫഌപ്പുകള്‍ നല്‍കിയിരിക്കുന്നത്. ഹെഡ്‌റെസ്റ്റുകള്‍ തലയിണയായി ഉപയോഗിക്കാം. ഒരു സെറ്റ് ബ്ലാങ്കറ്റുകള്‍ നല്‍കാനും സ്‌കോഡ തയ്യാറാണ്. പ്രത്യേകം ചോദിച്ചാല്‍ മതി.

Comments

comments

Categories: Auto