വിശ്വസ്തതയുടെ ഏഴ് വര്‍ഷങ്ങള്‍

വിശ്വസ്തതയുടെ ഏഴ് വര്‍ഷങ്ങള്‍

സ്വര്‍ണ വ്യാപാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിമരുന്നിട്ട സ്ഥാപനമാണ് ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ്. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഉപഭോക്താക്കളുടെ ശക്തമായ വിശ്വാസം നേടാനും ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡിനു കഴിഞ്ഞു. 2010- ല്‍ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ച ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് സാന്നിധ്യമറിയിക്കുന്നു. ഉപഭോക്താവിന്റെ വിശ്വാസമാണ് തങ്ങളുടെ വിജയ രഹസ്യമെന്നും വിദേശ രാജ്യങ്ങളിലേക്കു ബിസിനസ് വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ പി ഇബ്രാഹിം ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

ബ്യൂട്ടി മാര്‍ക്ക് കേരളത്തില്‍ അറിയപ്പെടുന്ന ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. 7 വര്‍ഷം പിന്നിടുമ്പോള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ എങ്ങനെ വിലയിരുത്തുന്നു?

സന്തോഷം തോന്നുന്നു. ബിസിനസ് തുടക്കംമുതല്‍ മനസിലുണ്ടായിരുന്നു. എംബിഎ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍തന്നെ ഇതേ മേഖലയിലുള്ള ഒരു സ്ഥാപനത്തില്‍ ഡയറക്റ്ററായി ജോലി ലഭിച്ചു. അങ്ങനെയാണ് സ്വര്‍ണ മേഖലയിലേക്ക് കടന്നുവന്നത്. കുറച്ചുകാലം മാത്രമാണ് അവിടെ ജോലി ചെയ്തത്. അന്നു മുതല്‍ സ്വന്തമായൊരു ബിസിനസെന്ന സ്വപ്‌നം മനസിലുണ്ടായിരുന്നു. ഉല്‍പ്പാദനവും വിപണനവും ചെയ്യാനാവുന്ന ഉല്‍പ്പന്നമെന്നതായിരുന്നു തുടക്കം മുതലുള്ള തീരുമാനം. അങ്ങനെയാണ് ഗോള്‍ഡ് തെരഞ്ഞെടുത്തത്. തുടക്കത്തില്‍ മുടക്കു മുതലായി കൈയില്‍ ചെറിയൊരു തുക മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ മികച്ചൊരു പ്ലാനിംഗ് ഇതിനു പിന്നിലുണ്ടായിരുന്നു. അത് വിജയം കാണുകയും ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ആളുകളില്‍ മികച്ച സ്വാധീനം ചെലുത്താന്‍ ഞങ്ങളുടെ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച മത്സരാധിഷ്ഠിത മാര്‍ക്കറ്റായ കൊണ്ടോട്ടിയില്‍ ആദ്യ ഷോറൂം തുടങ്ങിയതുകൊണ്ടുതന്നെ മറ്റു സ്ഥലങ്ങളിലേക്കും വളരെ വേഗം ബിസിനസ് വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. ഓരോ ബിസിനസിനും അതാതുകാലത്ത് വേണ്ടി വരുന്ന മാറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കാനാവുന്ന ഒരു വ്യക്തിക്കു മാത്രമേ ബിസിനസ് രംംഗത്തു പിടിച്ചുനില്‍ക്കാനാവൂ. ഇത് സ്വന്തമാക്കാന്‍ കുറഞ്ഞ കാലയളവിനുള്ളില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡിന് ഇനിയും വളരാന്‍ ഒരുപാട് ദൂരമുണ്ട്. ബിസിനസ് വിദേശ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാനും ആലോചിക്കുന്നു.

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ പോലുള്ളവ ഞങ്ങളെ നെഗറ്റീവായി ബാധിച്ചിട്ടില്ല. നികുതി അടയ്ക്കണമെന്നതിനെക്കുറിച്ചു ജനങ്ങള്‍ ബോധവാന്മാരായത് സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളിലൂടെയാണ്. നോട്ട് അസാധുവാക്കല്‍, സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി നല്ലതാണെങ്കില്‍ മികച്ച തീരുമാനമാണ്. ആളുകളില്‍ നികുതിയെകുറിച്ചും രേഖകളെക്കുറിച്ചുമുള്ള അവബോധം വളര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നാണ് വിശ്വാസം

പി ഇബ്രാഹിം

ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ്

ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍

ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍?

സ്വര്‍ണ വ്യാപാര മേഖലയില്‍ യാതൊരുതരത്തിലുള്ള സുതാര്യതയുമില്ലാത്ത കാലത്തായിരുന്നു ഈ മേഖലയിലേക്ക് ബ്യൂട്ടിമാര്‍ക്കിന്റെ കടന്നുവരവ്. 916 എന്ന പേരില്‍ എന്തും വില്‍ക്കാമെന്ന അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉപഭോക്താക്കളെ ബോധ്യപ്പെടുത്താനുള്ള മെഷീന്‍ സംവിധാനം പ്രചാരമായ സാഹചര്യത്തില്‍ അതാദ്യം കൊണ്ടു വന്നത് കൊണ്ടോട്ടിയിലെ ഞങ്ങളുടെ ഷോറൂമിലാണ്. ഇത് സ്വര്‍ണ വിപണിയില്‍ മാറ്റമുണ്ടാക്കി. മികച്ച സ്വര്‍ണം അതിന്റെ പരിശുദ്ധി മനസിലാക്കി ഉപഭോക്താക്കളിലെത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. അത് ആളുകള്‍ അംഗീകരിക്കുകയും ചെയ്തു. ഉപഭോക്താവിന്റെ വിശ്വാസമാണ് ഞങ്ങളുടെ വിജയത്തിനു പിന്നിലുള്ള പരസ്യമായ രഹസ്യം. ആ വിശ്വാസം തന്നെയാണ് ഞങ്ങളുടെ ബിസിനസില്‍ പങ്കാളികളാവാന്‍ ആളുകള്‍ക്കു ധൈര്യം പകരുന്നതും.

സ്വര്‍ണം ഒരു ആഭരണമെന്നതില്‍ നിന്നു മാറി നിക്ഷേപം മാത്രമായി ഒതുങ്ങുകയാണോ?

സ്വര്‍ണമെന്നത് എക്കാലവും ആളുകള്‍ ആഭരണത്തിനപ്പുറം നിക്ഷേപവുമായാണ് കണ്ടിരുന്നത്. സാധാരണക്കാരന് എളുപ്പത്തില്‍ പണമാക്കി മാറ്റാനാവുന്ന ഒന്നാണ് സ്വര്‍ണം. ഇതോടൊപ്പം സ്വര്‍ണമെന്നത് സമ്പദ് വ്യവസ്ഥയുടെ ഒരു ഭാഗത്ത് നിലനില്‍ക്കുന്നതിനാലാണേല്ലോ അത് നല്ല രീതിയില്‍ മുന്നോട്ടു പോകുന്നത്. ആഭരണമായി സ്വര്‍ണം ഉപയോഗിക്കുന്നതിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. അതേസമയം സ്വര്‍ണ നാണയങ്ങള്‍ വാങ്ങി സൂക്ഷിക്കുന്ന പതിവും കാണുന്നുണ്ട്. ഇതോടൊപ്പം ന്യൂജന്‍ ആളുകള്‍ക്ക് കൂടുതല്‍ ആഭരണങ്ങള്‍ അണിയാന്‍ താല്‍പര്യമില്ലെന്നാണ് എന്റെ വിലയിരുത്തല്‍.

സംരംഭങ്ങളോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ എങ്ങനെ വിലയിരുത്തുന്നു? മറ്റ് മേഖലകളിലെ നിലപാടുകള്‍?

ഓരോ തവണയും മാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടേതായ രീതിയില്‍ പല മാറ്റങ്ങളും മേഖലയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഒന്നും ഒന്നിനേക്കാള്‍ മികച്ചതെന്നു പറയാനാവില്ല. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടായിട്ടുണ്ട്. അതേസമയം പല മേഖലകളെയും ബാധിച്ചിട്ടുള്ള ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ പോലുള്ളവയെ നല്ല രീതിയിലാണ് ഞങ്ങളുടെ സ്ഥാപനം നോക്കിക്കാണുന്നത്. അത് ഞങ്ങളെ നെഗറ്റീവായി ബാധിച്ചിട്ടേയില്ല. നികുതി അടയ്ക്കണമെന്നതിനെക്കുറിച്ചു ജനങ്ങള്‍ ബോധവാന്മാരായത് സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളിലൂടെയാണ്. അത് പോസിറ്റീവായാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. നോട്ട് അസാധുവാക്കല്‍, സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി നല്ലതാണെങ്കില്‍ മികച്ച തീരുമാനമാണ്. ആളുകളില്‍ നികുതിയെകുറിച്ചും രേഖകളെക്കുറിച്ചുമുള്ള അവബോധം വളര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നാണ് വിശ്വാസം.

ന്യൂജനറേഷന്‍ പെണ്‍കുട്ടികള്‍ സ്വര്‍ണത്തേക്കാള്‍ ഇഷ്ടപ്പെടുന്നത് സില്‍വര്‍ ആഭരണങ്ങളാണ്. ഇത് സ്വര്‍ണ മേഖലയെ ബാധിക്കുമോ?

ന്യൂജെന്‍ പെണ്‍കുട്ടികളുടെ താല്‍പര്യം സാധാരണ സില്‍വര്‍ ആഭരണങ്ങളോടല്ല. ഇറ്റാലിയന്‍ സില്‍വറുകളോടാണ്. ഇന്റര്‍നെറ്റില്‍ കാണുന്ന പലതരത്തിലുള്ള പുതിയ മോഡല്‍ സില്‍വര്‍ ആഭരണങ്ങളോടാണ് അവര്‍ക്കേറെ താല്‍പര്യം. അത് സ്വര്‍ണ മേഖലയെ യാതൊരു തരത്തിലും ബാധിക്കില്ല. ഇന്റര്‍നെറ്റിന്റെ അതിപ്രസരം മൂലമുള്ള താല്‍പര്യമായാണ് ഞാന്‍ ഇതിനെ വിലയിരുത്തുന്നത്. സ്വര്‍ണത്തിന്റെ പ്രാധാന്യം കുറച്ച് കാലത്തേക്ക് എന്തുകൊണ്ടും ഇതേ പോലെ നിലനില്‍ക്കും. സ്വര്‍ണമെന്നത് മികച്ച നിക്ഷേപമായാണ് ആളുകള്‍ കാണുന്നത്. സേഫ്റ്റി, ലിക്വിഡിറ്റി, പ്രോഫിറ്റബിലിറ്റി എന്നീ മൂന്നു കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആളുകള്‍ സ്വര്‍ണം വാങ്ങുന്നത്.

സ്വര്‍ണ വ്യാപാര മേഖലയിലെ പുതിയ ട്രെന്‍ഡ് ഏത് തരം ആഭരണങ്ങളോടാണ്?

സിംപിള്‍ ആന്റ് ബ്യൂട്ടിഫുള്‍ എന്ന ഒറ്റ വാക്കിലാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. സിമ്പിള്‍ ആന്‍ഡ് ഹംബിള്‍ എന്നും ചിലര്‍ പറയാറുണ്ട്. ഒരോ കളക്ഷനിലും എക്‌സ്‌ക്ലൂസീവായി എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ഉപഭോക്താക്കളും. ആര്‍ഭാടമായി ആഭരണം അണിഞ്ഞിരുന്ന രീതിക്കു മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. വിവാഹ പാര്‍ട്ടികള്‍ കുറച്ചുകാലം മുമ്പുവരെ തെരഞ്ഞെടുത്തിരുന്ന വണ്‍ ടു ത്രീ മോഡലെല്ലാം ഇന്ന് മാര്‍ക്കറ്റില്‍ നിന്നും ഔട്ടായി കൊണ്ടിരിക്കുകയാണ്. ഇന്ന് വണ്‍ സിംപിള്‍ ചെയിനിലേക്കു മാറുകയാണ്. ഇതോടൊപ്പം ഡയമണ്ട് ട്രെന്‍ഡും വര്‍ധിച്ചു വരുന്നുണ്ട്. ഒരോ കാലത്തും ഓരോ ട്രെന്‍ഡുകളാണ് സ്വര്‍ണ വ്യാപാര മേഖലയിലുള്ളത്.

ബിസിനസ് മേഖലയോടും പുതു സംരംഭങ്ങളോടുമുള്ള കെഎസ്‌ഐഡിസിയുടെ നിലപാടിനെ എങ്ങനെ വിലയിരുത്തുന്നു?

ഓരോ പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ കെഎസ്ഡിസി ശ്രമിക്കുന്നുണ്ടെങ്കിലും അത് യഥാസമയം എത്തേണ്ട കൈകളില്‍ എത്തുന്നുണ്ടോയെന്നതില്‍ സംശയമുണ്ട്. സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫണ്ടുകളും മറ്റുമായി കെഎസ്‌ഐഡിസി യുടെ ഭാഗത്തു നിന്നും പ്രോത്സാഹനം ഉണ്ടാകുന്നുണ്ടെങ്കിലും പലപ്പോഴും അത് ശരിയായ തലത്തിലെത്തുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം.

ഡയമണ്ടിനോട് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ എത്രത്തോളം താല്‍പര്യമുണ്ട്?

ഡയമണ്ടിനോട് താല്‍പര്യം കൂടിവരികയാണ്. പ്രത്യേകിച്ച് ന്യൂജന്‍ തലമുറക്കാര്‍ സ്വര്‍ണത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ഡയമണ്ടുകള്‍ക്കാണ്. ഡയമണ്ട് എന്നത് ഒരു അസറ്റ് എന്നതിനേക്കാളുപരിയായി ഒരു പ്രത്യേക അനുഭവമാണ് നല്‍കുന്നത്.

Comments

comments