സൗദി ആരാംകോ ഇന്ത്യയിലേക്ക്

സൗദി ആരാംകോ ഇന്ത്യയിലേക്ക്

ലോകത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയിലെ ഡിമാന്‍ഡിലും നിക്ഷേപത്തിലുമുള്ള വര്‍ധനവ് മുന്നില്‍ കണ്ടുകൊണ്ടാണ് നീക്കം

റിയാദ്: ഓയില്‍ ഭീമനായ സൗദി ആരാംകോ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത ആഴ്ച ഇന്ത്യയില്‍ പുതിയ യൂണിറ്റ് ആരംഭിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയിലെ ഡിമാന്‍ഡിലും നിക്ഷേപത്തിലുമുള്ള വര്‍ധനവ് മുന്നില്‍ കണ്ടുകൊണ്ടാണ് നീക്കം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പനയുടെ മുന്നോടിയായി ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ പ്രധാന മാര്‍ക്കറ്റുകളിലെ റിഫൈനറികളില്‍ ആരാംകോ നിക്ഷേപം നടത്തുകയാണ്. മികച്ച വില്‍പ്പന കാഴ്ചവെക്കുന്ന ഇന്ത്യന്‍ യൂണിറ്റ് രാജ്യത്തെ റിഫൈനിംഗ്, പെട്രോക്കെമിക്കല്‍ പദ്ധതികളില്‍ നിക്ഷേപം നടത്താനുള്ള അവസരം അന്വേഷിക്കുകയാണ്. ഇന്ത്യയിലെ പ്രധാന ഓയില്‍ വിതരണക്കാരാവാന്‍ ഇറാഖുമായാണ് സൗദി അറേബ്യ മത്സരിക്കുന്നത്.

ഐഎച്ച്എസ്-സിഇആര്‍എ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അടുത്ത ആഴ്ച ന്യൂഡെല്‍ഹിയില്‍ എത്തുന്ന ആരാംകോ ചീഫ് എക്‌സിക്യൂട്ടീവ് അമിന്‍ നാസ്സര്‍ കമ്പനിയുടെ സഹസ്ഥാപനമായ ആരാംകോ ഏഷ്യ ഇന്ത്യ ഉദ്ഘാടനം ചെയ്യും. ഒപെക് സെക്രട്ടറി ജനറല്‍ മൊഹമ്മെദ് ബാര്‍കിന്‍ഡോയും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. എണ്ണ, വാതക മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നാസ്സര്‍ സന്ദര്‍ശിക്കുമെന്ന് ഇതിനെക്കുറിച്ച് അറിയാവുന്നവര്‍ വ്യക്തമാക്കി. ആരാംകോയും പ്രധാനമന്ത്രിയുടെ ഓഫീസും റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചില്ല.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പനയുടെ മുന്നോടിയായി ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ പ്രധാന മാര്‍ക്കറ്റുകളിലെ റിഫൈനറികളില്‍ ആരാംകോ നിക്ഷേപം നടത്തുകയാണ്

കമ്പനിയുടെ അസംസ്‌കൃത എണ്ണ വില്‍പ്പന കൈകാര്യം ചെയ്യുന്ന വിദഗ്ധനായ മൊഹമ്മെദ് അല്‍ മുഗിറയായിരിക്കും ആരാംകോ ഏഷ്യ ഇന്ത്യയുടെ മേധാവിയെന്നും അടുത്തവൃത്തങ്ങള്‍ പറഞ്ഞു. ആരാംകോ ഏഷ്യ കൊറിയയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായും അദ്ദേഹം മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യയിലെ ഡിമാന്‍ഡിന് അനുസരിച്ച് യുഎസ് ഷെയില്‍ ഓയിലിന്റെ ഉപയോഗം വര്‍ധിപ്പിച്ചതോടെ പ്രധാന ഓയില്‍ ഉല്‍പ്പാദകരായ ആരാംകോയുടെ മാര്‍ക്കറ്റ് ഷെയറില്‍ കാര്യമായ ഇടിവുണ്ടായി.

ദീര്‍ഘകാല എണ്ണ വിതരണ കരാര്‍ ഉറപ്പാക്കുന്നതിനായി ഇന്തോനേഷ്യയിലേയും മലേഷ്യയിലേയും പദ്ധതികളില്‍ ലക്ഷം കോടികളുടെ നിക്ഷേപം നടത്തുമെന്ന് ഈ വര്‍ഷം ആദ്യം സൗദി പറഞ്ഞിരുന്നു. ഏഷ്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ആരാംകോയുടെ തീരുമാനത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഇന്ത്യയെയാണെന്ന് സൗദി അറേബ്യയുടെ ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

ഇന്ത്യയുടെ റിഫൈനിംഗ് കപ്പാസിറ്റി മുന്നോട്ടു കുതിക്കുന്ന ഡിമാന്‍ഡിന് തിരിച്ചടിയാകുമെന്നും അതിനാല്‍ പുതിയ പ്ലാന്റുകളില്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്നുമാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി വിലയിരുത്തുന്നത്. നിക്ഷേപ സാധ്യതകളെക്കുറിച്ച് വിശകലനം ചെയ്യുന്നതിനായി ആരാംകോ പ്രതിനിധികള്‍ പശ്ചിമബംഗാള്‍, അന്ധപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

Comments

comments

Categories: Arabia

Related Articles