ദുബായിലെ റസിഡന്‍ഷ്യല്‍ വില്‍പ്പന വിലയിലും വാടകയിലും ഇടിവ്

ദുബായിലെ റസിഡന്‍ഷ്യല്‍ വില്‍പ്പന വിലയിലും വാടകയിലും ഇടിവ്

വര്‍ഷാവസാനം ആകുമ്പോഴേക്കും റിയല്‍റ്റി മേഖലയില്‍ ഉണര്‍വുണ്ടാകുമെന്ന് പ്രതീക്ഷ

ദുബായ്: ദുബായിലെ അപ്പാര്‍ട്ട്‌മെന്റുകളിലേയും വില്ലകളിലേയും വില്‍പ്പന വിലയിലും വാടകയിലും ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. വര്‍ഷാവസാനം ആകുമ്പോഴേക്കും പ്രവര്‍ത്തനങ്ങളില്‍ മികവുണ്ടാക്കാനാവുമെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷത്തെ ആദ്യത്തെ ഒന്‍പത് മാസങ്ങളിലും തുടര്‍ച്ചയായി മോശം പ്രകടനമാണ് റിയല്‍എസ്റ്റേറ്റ് മേഖല കാഴ്ച വെച്ചത്. കഴിഞ്ഞ വര്‍ഷത്തിലെ മൂന്നാം പാദത്തിലെ വില്ലകളുടെ ശരാശരി നിരക്കിനെ 2016ലെ ഇതേ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ 1.4 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ 1.2 ശതമാനത്തിന്റെ ഇടിവുണ്ടായതായും കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ കവെന്‍ഡിഷ് മാകസ്‌വെല്‍ പറഞ്ഞു.

അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ 1.2 ശതമാനത്തിന്റെ ഇടിവുണ്ടായതായും കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ കവെന്‍ഡിഷ് മാകസ്‌വെല്‍

വില്‍പ്പന വിലയിലുണ്ടായ ഇടിവിനേക്കാള്‍ കൂടുതലാണ് മൂന്നാം പാദത്തിലെ വാടക നിരക്കിലുണ്ടായ ഇടിവ്. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 2.8 ശതമാനവും വില്ലകള്‍ക്ക് 3.5 ശതമാനവും താഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ന്റെ നാലാം പാദത്തിലും അപ്പാര്‍ട്ട്‌മെന്റിന്റേയും വില്ലയുടേയും വില്‍പ്പന വിലയിലും വാടകയിലും ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ വരുന്നവരില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍.

മൂന്നാം പാദത്തില്‍ 8,900 റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഇടപാടുകളാണ് റെക്കോഡ് ചെയ്തത്. മൊത്തം ഇടപാടുകളില്‍ 40 ശതമാനവും നടന്നത് ജൂലൈയിലാണ്. മൂന്നാം പാദത്തിലും ഏറ്റവും കൂടുതല്‍ നടക്കുന്നത് ഓഫ് പ്ലാന്‍ വില്‍പ്പനയാണ്. മൊത്തം വില്‍പ്പനയുടെ 77 ശതമാനം വരും ഇത്.

Comments

comments

Categories: Arabia