നിരക്കിളവുകള്‍ ഉപയോക്താക്കളില്‍ വേഗത്തിലെത്തിക്കുന്നതിന് നിര്‍ദേശവുമായി ആര്‍ബിഐ സമിതി

നിരക്കിളവുകള്‍ ഉപയോക്താക്കളില്‍ വേഗത്തിലെത്തിക്കുന്നതിന് നിര്‍ദേശവുമായി ആര്‍ബിഐ സമിതി

പണപ്പെരുപ്പത്തില്‍ പെട്ടെന്നുണ്ടായ വര്‍ധന സമീപ ഭാവിയില്‍ പലിശ നിരക്കില്‍ ഇളവ് വരുത്താനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: ബാങ്കുകള്‍ക്കെതിരെ വിമര്‍ശനാത്മകമായ നിലപാടുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച സമിതി. വായ്പകള്‍ക്ക് എത്രമാത്രം പലിശനിരക്ക് ഈടാക്കാം എന്നതിനെ സംബന്ധിച്ച് നിയമങ്ങള്‍ക്കനുസരിച്ചല്ല പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനമെന്നാണ് ഈ സമിതിയുടെ വിലയിരുത്തല്‍. ആര്‍ബിഐ നിരക്കുകളില്‍ വരുന്ന ഇളവ് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ പല വായ്പാ ദാതാക്കളും തയാറാകാത്ത അവസ്ഥയാണ്. നിരക്കിളവിലെ ഗുണം ഉപഭോക്താക്കളിലേക്ക് പെട്ടെന്ന് എത്തുന്നതിനായി പുതിയ ചില മാനദണ്ഡങ്ങളും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

ആര്‍ബിഐയുടെ നിരക്ക് നിര്‍ണയത്തെ മുഴുവനായും പിന്തുടരുന്നത് ഒഴിവാക്കി സ്വന്തം വിലയിരുത്തലുകളിലൂടെയാണ് വാണിജ്യ ബാങ്കുകള്‍ പലിശ നിരക്ക് കണക്കാക്കുന്നതെന്നും സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിര്‍ദ്ദിഷ്ട രീതികളില്‍ നിന്നും ബാങ്കുകള്‍ വ്യതിചലിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2015 ജനുവരി മുതല്‍ 2017 ഓഗസ്റ്റ് വരെയുള്ള കാലളവില്‍ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി മൊത്തം 200 ബേസിസ് പോയ്ന്റുകളാണ് നിരക്കില്‍ ആര്‍ബിഐ കുറച്ചത്. എന്നാല്‍ ബാങ്കുകളാകട്ടെ തങ്ങളുടെ വായ്പാ നിരക്കുകള്‍ 120 ബിപിഎസ് മാത്രമാണ് താഴ്ത്തിയത്.

പോളിസി റിപ്പോ നിരക്ക്, ട്രഷറി ബില്‍ നിരക്കുകള്‍, ഡെപോസിറ്റ് നിരക്കുകളുടെ സര്‍ട്ടിഫിക്കറ്റ് എന്നീ മൂന്ന് ബെഞ്ച് മാര്‍ക്കുകളില്‍ ഏതെങ്കിലും ഒന്നിനെ അടിസ്ഥാനമാക്കി മാത്രമേ ബാങ്കുകളെ നിരക്ക് നിശ്ചയിക്കാന്‍ നുവദിക്കാവുവെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. നിലവില്‍ ബാങ്കുകള്‍ക്ക് ഒന്നിലധികം വിപണി നിരക്കുകളില്‍ നിന്ന് സ്വന്തം ബെഞ്ച് മാര്‍ക്ക് നിരക്ക് സ്വീകരിക്കാന്‍ അനുമതിയുണ്ട്.

ബാങ്കുകള്‍ പലിശ നിരക്കുകള്‍ നിര്‍ണയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങള്‍ തയാറാക്കുന്നത് സാമ്പത്തിക വര്‍ഷത്തില്‍ ഒരിക്കല്‍ എന്നതു മാറ്റി ഒരു പാദത്തില്‍ ഒരുക്കല്‍ എന്നായി നിശ്ചയിക്കണമെന്നും അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 108 പേജുള്ള റിപ്പോര്‍ട്ട് ആര്‍ബിഐ അംഗീകരിക്കുകയാണെങ്കില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതില്‍ പരാജയപ്പെട്ട ബാങ്കുകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ആര്‍ബിഐ നയ പ്രഖ്യാപനം നടത്തിയ അതേ ദിവസം തന്നെയാണ് റിപ്പോര്‍ട്ടും പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ധന നയത്തില്‍ ആര്‍ബിഐ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. പണപ്പെരുപ്പത്തില്‍ പെട്ടെന്നുണ്ടായ വര്‍ധന സമീപ ഭാവിയില്‍ പലിശ നിരക്കില്‍ ഇളവ് വരുത്താനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories