ഇലക്ട്രിക് വാഹന വിപണിയില്‍ മാരുതി സുസുകി പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെയെത്തും

ഇലക്ട്രിക് വാഹന വിപണിയില്‍ മാരുതി സുസുകി പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെയെത്തും

ടൊയോട്ടയുടെ ഇവി സിഎ സ്പിരിറ്റ് എന്ന സംരംഭത്തില്‍ ചെറിയ ഓഹരികളുമായി സുസുകി പങ്കാളിയാകും

ന്യൂ ഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇലക്ട്രിക് വാഹന വിപണിയില്‍ എത്രയും വേഗം സാന്നിധ്യമറിയിക്കും. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ തദ്ദേശീയ കമ്പനികളില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിനെതുടര്‍ന്നാണ് മാരുതി സുസുകി സട കുടഞ്ഞെഴുന്നേല്‍ക്കുന്നത്. വിവിധ മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനുകീഴിലെ ഏജന്‍സികള്‍ക്കുമായി എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡാണ് (ഇഇഎസ്എല്‍) ഇലക്ട്രിക് വാഹനങ്ങള്‍ സംഭരിക്കുന്നത്.

1,120 കോടി രൂപ ചെലവഴിച്ച് ടാറ്റ മോട്ടോഴ്‌സില്‍നിന്ന് പതിനായിരം ടിഗോര്‍ ഇലക്ട്രിക് കാറാണ് ഇഇഎസ്എല്‍ വാങ്ങുന്നത്. ടാറ്റ മോട്ടോഴ്‌സ് സമര്‍പ്പിച്ച ബിഡുമായി ഒത്തുപോകുന്നതാണെങ്കില്‍ 40 ശതമാനം ഓര്‍ഡര്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് നല്‍കാമെന്ന് ഇഇഎസ്എല്‍ വ്യക്തമാക്കിയിട്ടുണ്ട്.

2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമായിത്തീരുകയെന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യത്തിനൊപ്പിച്ച് സഞ്ചരിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സുമാണെന്ന് പറയാം. ഇ2ഒ, ഇ-വെരിറ്റോ വാഹനങ്ങളുമായി മഹീന്ദ്ര കുറച്ചുകാലമായി ഇലക്ട്രിക് വിപണിയിലെ സാന്നിധ്യമാണെങ്കില്‍ ടിഗോര്‍ എന്ന കോംപാക്റ്റ് സെഡാന്റെ ഇലക്ട്രിക് പതിപ്പ് നിര്‍മ്മിച്ച് വിപണി പ്രവേശനത്തിന് തയ്യാറെടുക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.

ഈയിടെ ടൊയോട്ടയുമായുണ്ടാക്കിയ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ മാരുതി സുസുകിക്കും ഇലക്ട്രിക് വാഹന വിപണിയില്‍ ഇടംപിടിക്കാന്‍ കഴിയും. മാത്രമല്ല, ഇന്ത്യയില്‍ ബാറ്ററി നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് സുസുകി തയ്യാറായിട്ടുണ്ട്.

ഗുജറാത്തിലെ ബാറ്ററി പ്ലാന്റ്, ടൊയോട്ടയുമായുള്ള സഖ്യം, മസ്ദ, ഡെന്‍സോ എന്നിവയുമായി സഹകരിച്ചുള്ള ടൊയോട്ടയുടെ ഇവി സിഎ സ്പിരിറ്റ് എന്ന ഇലക്ട്രിക് കാര്‍ സംരംഭം എന്നിവയെല്ലാം ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള സുസുകിയുടെ കടന്നുവരവിന്റെ ആക്കം കൂട്ടും. ഇവി സിഎ സ്പിരിറ്റ് എന്ന സംരംഭത്തില്‍ ചെറിയ ഓഹരികളുമായി സുസുകി പങ്കാളികളാകും.

ടാറ്റ മോട്ടോഴ്‌സില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തു വന്നതിനെതുടര്‍ന്നാണ് മാരുതി സുസുകി സട കുടഞ്ഞെഴുന്നേല്‍ക്കുന്നത്

ഇന്ത്യ പോലുള്ള വിപണികളിലേക്കായി ഒരു ഇലക്ട്രിക് വാഹനം നിര്‍മ്മിക്കുന്നതിന് ശ്രമിച്ചുവരികയാണെന്ന് സുസുകി ഇതിനുമുമ്പ് പലതവണ പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് അതിവേഗം മാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് ആളുകള്‍ തയ്യാറാകുന്നു എന്നതിനാല്‍ ഇലക്ട്രിക് വിപണിയില്‍നിന്ന് മാരുതി സുസുകി മുഖംതിരിഞ്ഞു നില്‍ക്കില്ലെന്ന് ആര്‍സി ഭാര്‍ഗവ വ്യക്തമാക്കിയിരുന്നു. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമം തുടര്‍ന്നുകൊണ്ടുപോകണം. വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ വിജയിച്ചിട്ടുണ്ടെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പ്രയാണത്തില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് തുടര്‍ന്നും പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തോഷിബ, ഡെന്‍സോ കമ്പനികളുമായി ചേര്‍ന്നാണ് സുസുകി ഗുജറാത്തില്‍ ലിഥിയം അയണ്‍ ബാറ്ററി പാക്ക് പ്ലാന്റ് സ്ഥാപിക്കുന്നത്. ചെലവുകള്‍ ചുരുക്കുന്നതിനും അതുവഴി ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിനും ബാറ്ററി പ്ലാന്റ് കമ്പനിയെ സഹായിക്കും.

മൂവര്‍ പങ്കാളികള്‍ ചേര്‍ന്ന് 1,151 കോടി രൂപയുടെ നിക്ഷേപം നടത്തിയാണ് ലിഥിയം അയണ്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ഡെന്‍സോയുടെ സാങ്കേതികവിദ്യയില്‍ തോഷിബ സെല്‍ മൊഡ്യൂള്‍ നിര്‍മ്മിക്കും. സുസുകി ഇത് തങ്ങളുടെ കാറുകളില്‍ ഉപയോഗിക്കും.

Comments

comments

Categories: Auto