മാരുതിയുടെ ഗുരുഗ്രാം പ്ലാന്റില്‍ പുലി ; ഉല്‍പ്പാദനം തടസ്സപ്പെട്ടു

മാരുതിയുടെ ഗുരുഗ്രാം പ്ലാന്റില്‍ പുലി ; ഉല്‍പ്പാദനം തടസ്സപ്പെട്ടു

പുലി പാത്തുപതുങ്ങി നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് വ്യക്തമായത്

ഗുരുഗ്രാം : മാരുതി സുസുകിയുടെ മനേസര്‍ പ്ലാന്റില്‍ പുലി. വ്യാഴാഴ്ച്ച പുലര്‍ച്ചെ 4 മണിയോടെയാണ് ഫാക്ടറിയില്‍ പുലിയെ കണ്ടത്. ഈ സമയത്ത് ഫാക്ടറിയില്‍ തൊഴിലാളികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ പ്ലാന്റിന്റെ സുരക്ഷാ ഗാര്‍ഡുകളും ഗതാഗത വിഭാഗത്തിലെ ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു.

പ്ലാന്റിനകത്ത് പുലി പാത്തുപതുങ്ങി നടക്കുന്നതായി രാത്രിയില്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് വ്യക്തമായത്. പുലര്‍ച്ചെ നാല് മണിയോടെ കാമറയില്‍ പുലിയെ കണ്ട സുരക്ഷാ ജീവനക്കാര്‍ അധികൃതരെ വേഗം വിവരമറിയിപ്പിക്കുകയായിരുന്നു. പൊലീസും സ്ഥലത്തെത്തി.

സമീപത്തെ ആരവല്ലി മലനിരകളിലെ പുലികള്‍ പലപ്പോഴും നാട്ടിലിറങ്ങാറുണ്ട്

ഫാക്ടറിയുടെ എന്‍ജിന്‍ മുറിയുടെ പരിസരത്ത് പുലിയുള്ളതായാണ് അവസാനം കണ്ടെത്തിയത്. സിസിടിവി സംവിധാനമുപയോഗിച്ചാണ് പുലി ഫാക്ടറിയുടെ ഏതുഭാഗത്താണെന്ന് കൃത്യമായി മനസ്സിലാക്കുന്നത്.

പ്ലാന്റിനകത്ത് പുലി താവളമുറപ്പിച്ചതായി വ്യക്തമായതോടെ മോണിംഗ് ഷിഫ്റ്റ് ഒഴിവാക്കി. പ്ലാന്റിനകത്ത് ജീവനക്കാര്‍ ആരും പ്രവേശിക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശവും നല്‍കി. രണ്ടായിരത്തോളം ജീവനക്കാരാണ് ജോലിക്ക് അകത്തുകയറാനാകാതെ കുഴങ്ങിയത്.

വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (സൗത്ത്) അശോക് ബക്ഷി പറഞ്ഞു. തുടര്‍ന്ന് നൂറിലധികം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചത്. സമീപത്തെ ആരവല്ലി മലനിരകളിലെ പുലികള്‍ പലപ്പോഴും നാട്ടിലിറങ്ങാറുണ്ട്.

Comments

comments

Categories: Auto