ഹൈപ്പര്‍സിറ്റി ഏറ്റെടുക്കാനൊരുങ്ങി ഫ്യൂച്ചര്‍ റീട്ടെയ്ല്‍

ഹൈപ്പര്‍സിറ്റി ഏറ്റെടുക്കാനൊരുങ്ങി ഫ്യൂച്ചര്‍ റീട്ടെയ്ല്‍

ഹെപ്പര്‍സിറ്റി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പിനു കീഴിലുള്ള മൊത്തം സ്റ്റോറുകളുടെ എണ്ണം 900ല്‍ അധികമാകും

മുംബൈ: ഷോപ്പേഴ്‌സ് സ്റ്റോപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലായായ ഹൈപ്പര്‍സിറ്റി ഏറ്റൈടുക്കാന്‍ കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് തയാറെടുക്കുന്നു. 700 കോടി രൂപയാണ് ഏറ്റെടുക്കല്‍ മൂല്യം കണക്കാക്കിയിരിക്കുന്നത്. കാഷ്, ഓഹരി ഇടപാടുകളിലൂടെയായിരിക്കും ഹൈപ്പര്‍സിറ്റിയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. ഇതു സംബന്ധിച്ച ഓദ്യോഗിക പ്രഖ്യാപനം ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ ഉന്നതതലസമിതി യോഗത്തിനു ശേഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹൈപ്പര്‍സിറ്റി ഏറ്റെടുക്കുന്നതിലൂടെ പശ്ചിമേന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലക്ഷ്യമിടുന്നത്. 19 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ഹൈപ്പര്‍സിറ്റിക്കു കീഴിലുള്ളത്. 2006ലാണ് ഹൈപ്പര്‍സിറ്റിയുടെ ആദ്യ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചത്. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഹെപ്പര്‍സിറ്റി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,077 കോടി രൂപയുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഹെറിറ്റേജ് ട്രാന്‍സാക്ഷന് സമാനമായ രീതിയിലായിരിക്കും ഹൈപ്പര്‍സിറ്റിയും ഫ്യൂച്ചര്‍ റീട്ടെയ്‌ലും തമ്മിലുള്ള ഇടപാട്. ഹൈപ്പര്‍സിറ്റി ഓഹരി ഉടമകള്‍ക്ക് ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ ഓഹരികള്‍ സ്വന്തമാക്കാനാകും. വന്‍ കടബാധ്യത നേരിടുന്ന ഹൈപ്പര്‍സിറ്റിയുടെ ഒരു ഭാഗം കടവും ഇതുവഴി കൈമാറ്റം ചെയ്യാന്‍ സാധ്യതയുണ്ട്.

ഫ്യൂച്ചര്‍ റിട്ടെയ്‌ലിന്റെ ബിഗ് ബസാറിനു കീഴിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഏറ്റെടുക്കല്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ് ബസാറിനു പുറമെ പാന്റലൂണ്‍സ് ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍, നില്‍ഗിരിസ്, സെന്‍ട്രല്‍ തുടങ്ങിയ അനുബന്ധ സംരംഭങ്ങളാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനുള്ളത്. 124 നഗരങ്ങളിലായി 259 സ്റ്റോറുകളാണ് ബിഗ്ബസാറിനുള്ളത്. യൂറോമോണിറ്ററില്‍ നിന്നുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ ബിഗ് ബസാര്‍ ആധിപത്യമുറപ്പിച്ചുകഴിഞ്ഞു. 2016ല്‍ 22.4 ശതമാനം വിപണി വിഹിതമാണ് ബിഗ് ബസാറിന് നേടാനായത്. ഹൈപ്പര്‍സിറ്റി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പിനു കീഴിലുള്ള മൊത്തം സ്റ്റോറുകളുടെ എണ്ണം 900ല്‍ അധികമാകും.

Comments

comments

Categories: Business & Economy