ഫോര്‍ട്ടം ഇന്ത്യയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചുതുടങ്ങി

ഫോര്‍ട്ടം ഇന്ത്യയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചുതുടങ്ങി

ന്യൂ മോട്ടി ബാഗ് കോളനിയില്‍ 22 കിലോവാട്ട് എസി ചാര്‍ജര്‍ സ്ഥാപിച്ചു

ന്യൂ ഡെല്‍ഹി : ഫിന്നിഷ് ക്ലീന്‍ എനര്‍ജി കമ്പനിയായ ഫോര്‍ട്ടം ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനുകീഴിലെ നവരത്‌ന കമ്പനിയായ എന്‍ബിസിസി ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഫോര്‍ട്ടം രാജ്യമൊട്ടാകെ ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കും.

ഫോര്‍ട്ടം കോര്‍പ്പറേറ്റ് അഫയേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ആര്‍ട്ടോ റാറ്റിയും എന്‍ബിസിസി എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ യോഗേഷ് ശര്‍മ്മയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ ആസൂത്രണം, രൂപകല്‍പ്പന, നിക്ഷേപം, ക്ലൗഡ് സംവിധാനമനുസരിച്ച് പ്രവര്‍ത്തിപ്പിക്കല്‍ എന്നീ വിഷയങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് ധാരണാപത്രം.

ആദ്യപടിയെന്ന നിലയില്‍, എന്‍ബിസിസിയുടെ കീഴിലെ ന്യൂ മോട്ടി ബാഗ് കോളനിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 22 കിലോവാട്ട് എസി ചാര്‍ജര്‍ സ്ഥാപിച്ചു. ക്ലൗഡ് ബേസ്ഡ് സിസ്റ്റമുപയോഗിച്ചാണ് ഫിന്‍ലാന്‍ഡ് കമ്പനി ചാര്‍ജര്‍ പ്രവര്‍ത്തിപ്പിക്കുക. ഫിന്‍ലാന്‍ഡ് ഭവനനിര്‍മ്മാണ, ഊര്‍ജ്ജ, പരിസ്ഥിതി മന്ത്രി കിമ്മോ ടിലികെയ്‌നന്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. എന്‍ബിസിസി ചെയര്‍മാന്‍ ആന്‍ഡ് എംഡി അനൂപ് കുമാര്‍ മിത്തല്‍ സന്നിഹിതനായിരുന്നു.

നവരത്‌ന കമ്പനിയായ എന്‍ബിസിസി ഇന്ത്യയുമായി ഫോര്‍ട്ടം ധാരണാപത്രം ഒപ്പുവെച്ചു

ഫിന്നിഷ് കമ്പനികളുടെ സാങ്കേതിക വൈദഗ്ധ്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെയും ഊര്‍ജ്ജ മേഖലയുടെയും സുസ്ഥിര വികസനത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ചടങ്ങില്‍ കിമ്മോ ടിലികെയ്‌നന്‍ പറഞ്ഞു. ഇന്ത്യ തങ്ങള്‍ക്ക് പ്രധാനപ്പെട്ട വിപണിയാണെന്ന് ആര്‍ട്ടോ റാറ്റി വ്യക്തമാക്കി.

ഒസിപിപി 1.5 (ഓപ്പണ്‍ ചാര്‍ജ് പോയന്റ് പ്രോട്ടോക്കോള്‍ 1.5), ജിപിആര്‍എസ് ആശയവിനിമയ സംവിധാനം എന്നിവ ചാര്‍ജറില്‍ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ചാര്‍ജിംഗ് പോയന്റുകള്‍ ഉള്ളതിനാല്‍ ഒരേസമയം രണ്ട് കാറുകള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ കഴിയും. എസി മോഡിലാണ് ചാര്‍ജര്‍ പ്രവര്‍ത്തിക്കുക. ആര്‍എഫ്‌ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) അല്ലെങ്കില്‍ മൊബീല്‍ ആപ്പ് ഉപയോഗിച്ച് ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാം. വിദൂരത്തിരുന്ന് (റിമോട്ട്) ചാര്‍ജിംഗ് സ്‌റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് പ്രത്യേകത.

Comments

comments

Categories: Auto