തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കും: തെരഞ്ഞെടുപ്പ് കമ്മിഷണര്‍

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കും: തെരഞ്ഞെടുപ്പ് കമ്മിഷണര്‍

പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടായാല്‍ മാത്രമേ നടപ്പാക്കാനാകൂ

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷത്തോടെ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ പി റാവത്ത്. 2018 സെപ്റ്റംബര്‍ മാസത്തോടെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ണ സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു. ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു റാവത്ത്.

അതേസമയം, ഇതു സബംന്ധിച്ച തീരുമാനമെടുക്കേണ്ടത് രാജ്യത്തെ വിവിധ രാഷ്ടീയ പാര്‍ട്ടികളാണ്. ഇതിനായി സമവായം ഉണ്ടാവുകയാണ് വേണ്ടതെന്നും റാവത്ത് പറഞ്ഞു.സംയുക്തമായി തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ കൂടുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും, വിവിപാറ്റ് മെഷീനുകളും ആവശ്യമായി വരുമെന്നും, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം ലഭിച്ചതിനുശേഷം കൂടുതല്‍ മെഷീനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തവര്‍ഷം സെപ്റ്റംബര്‍ ആവുമ്പോഴേക്കും തെരഞ്ഞെടുപ്പ് കമ്മിഷന് 40 ലക്ഷം വിവിപാറ്റ് മെഷീന്‍ ഉണ്ടാവുമെന്നും ഒപി റാവത്ത് അറിയിച്ചു.

പലപ്പോഴായി തെരഞ്ഞെടുപ്പ് വരുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാകും എന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക എന്ന ആശയം മുന്നോട്ടുവെച്ചത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 2009ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനായി രാജ്യം ചെലവഴിച്ചത് 1,100 കോടി രൂപയാണ്. 2014ല്‍ ഇത് 4,000 കോടിയായി വര്‍ധിച്ചു. ഭാവിയിലെ പൊതു തെരഞ്ഞെടുപ്പുകളില്‍ ഈ ചെലവിടല്‍ ഇരട്ടിയായേക്കുമെന്നും സംയുക്തമായി തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഇത്തരം അനാവശ്യ ചെലവിടല്‍ ഒഴിവാക്കാമെന്നും നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ആശയത്തെ നിതി ആയോഗും അനുകൂലിച്ചിട്ടുണ്ട്.

എന്നാല്‍, തെരഞ്ഞെടുപ്പ് ഒരുമിച്ച് ആക്കുമ്പോള്‍ ചിലര്‍ക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. മറ്റു ചിലര്‍ക്ക് കാലാവധി നീട്ടി കിട്ടുകയും ചെയ്യും. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ സമവായം ഉണ്ടാവുക അസാധ്യമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Comments

comments

Categories: Slider, Top Stories