പ്രതീകങ്ങള്‍ കൊണ്ടുള്ള ചെപ്പടിവിദ്യകള്‍

പ്രതീകങ്ങള്‍ കൊണ്ടുള്ള ചെപ്പടിവിദ്യകള്‍

സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഗുണഭോക്താക്കള്‍ ഇവിടത്തെ ബൂര്‍ഷ്വ ഫ്യൂഡല്‍ വിഭാഗത്തിലുള്ളവരാണ്. അവരുടെ കയ്യിലാണ് ഇന്ത്യയുടെ ഭരണം, അന്നും ഇന്നും

കുട്ടികള്‍, യുവാക്കള്‍ എന്നിവര്‍ സ്‌കൂളിലും കോളെജിലും പോകുന്നത് പഠിക്കാനാണ്. സമരം ചെയ്യാനല്ല. ഈ ഒരു ചിന്ത നമ്മുടെ മനസിലേക്ക് കയറ്റിവിട്ടത് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇവിടത്തെ വലതുപക്ഷ രാഷ്ട്രീയക്കാരാണ്. സ്വാതന്ത്ര്യം കിട്ടാനായി നടന്ന സമരത്തില്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിക്കരുതാത്തതായിരുന്നു എന്നുവരെ അവര്‍ പറഞ്ഞു. മഹാത്മ ഗാന്ധിയെ തിരുത്തി അവര്‍ സമൂഹത്തിലെ മാന്യന്മാരായി. സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഗുണഭോക്താക്കള്‍ ഇവിടത്തെ ബൂര്‍ഷ്വ ഫ്യൂഡല്‍ വിഭാഗത്തിലുള്ളവരാണ്. അവരുടെ കയ്യിലാണ് ഇന്ത്യയുടെ ഭരണം, അന്നും ഇന്നും. ഈ ഭരണവര്‍ഗം നടത്തുന്ന ചൂഷണത്തിനെതിരായി യുവാക്കളും കുട്ടികളും പ്രതികരിച്ചാല്‍ അടിച്ചമര്‍ത്തുക മാത്രമല്ല, ചോരയില്‍ മുക്കിക്കൊല്ലാനും ഭരണവര്‍ഗം തയാറാവും. അതിനു നിരവധി ഉദാഹരണങ്ങള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുണ്ടായിട്ടുണ്ട്. സമരം ചെയ്യണം എന്നുണ്ടെങ്കില്‍ അതൊക്കെ ഇടത്തരം, പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ ആയിക്കോട്ടെ. എന്റെ വീട്ടിലെ കുട്ടികള്‍ അമ്മാതിരി പൊല്ലാപ്പിനൊന്നും പോകേണ്ട. വരേണ്യ വര്‍ഗത്തിന്റെ ചിന്ത ഈ വഴിക്കാണ്. കുട്ടികളെ പഠിപ്പിച്ച് നല്ലനിലയിലാക്കി, നല്ല ഉദ്യോഗസ്ഥരാക്കുക, സമൂഹത്തില്‍ സുരക്ഷിതരാക്കുക എന്ന് ചിന്തിക്കുക സ്വാഭാവികമാണ്. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തെ നിര്‍മിക്കുകയാണോ ഘടനാപരമായ ദൗത്യം എന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ചലനശേഷി നഷ്ടപ്പെട്ട തലമുറയാണോ ആവശ്യം? സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പും പിന്‍പും സമൂഹം അനിവാര്യമായി നടത്തേണ്ട പ്രതികരണം കുട്ടികളേയും യുവാക്കളെയും ഒഴിവാക്കി നടത്തേണ്ട ഒന്നല്ല.

ആഗോളവല്‍ക്കരണവും നവഉദാരവല്‍ക്കരണവും പുതിയ തലമുറയുടെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വഴിയൊരുക്കി. സ്‌നേഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വെറുക്കാനാവും എന്ന് ഈ തലമുറ നമ്മെ പഠിപ്പിച്ചു. അന്യോന്യം മനസിലാക്കാനല്ല തമ്മില്‍ അറിയാതിരിക്കുകയാണ് അഭികാമ്യം എന്നും അവര്‍ കാണിച്ചുതന്നു. ഉപമക്കു പകരം രൂപകം കാട്ടി നമ്മെ പരിഭ്രമിപ്പിച്ചു. മാര്‍ക്‌സ്, ലെനിന്‍, ഏംഗല്‍സ്, സ്റ്റാലിന്‍, മാവോ എന്നിവരേക്കാള്‍ ഇപ്പോഴത്തെ തലമുറ സ്‌നേഹിച്ചത് കാസ്‌ട്രോ, ചെഗുവേര എന്നിവരെയാണ്. ഇത് മാര്‍ക്‌സിസത്തിലും ലെനിനിസത്തിലും ഉണ്ടായ വ്യതിചലനമല്ല, വസ്തു നിഷ്ഠ സാഹചര്യത്തിനനുസരിച്ച് ഓരോ രാജ്യത്തും അതെങ്ങനെ നടപ്പാക്കണമെന്ന വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ അടിസ്ഥാനമാക്കിയുള്ള രീതിസമ്പ്രദായമായിരുന്നു. ബൂര്‍ഷ്വ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് മറ്റൊരുവിധത്തിലായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ നാടന്‍ മൊഴിവഴക്കത്തില്‍ പറഞ്ഞാല്‍ നാട്ടിലെ കാക്കത്തൊള്ളായിരം അമ്പലങ്ങള്‍, ക്രിസ്ത്യന്‍, മുസഌം പള്ളികള്‍, അത്രയുമോ അതിലധികമോ നിലവിലുള്ള ചിന്മയാനന്ദസ്വാമികള്‍ മുതല്‍ വള്ളിക്കാവിലമ്മവരെയുള്ള ആള്‍ ദൈവങ്ങളൊക്കെ നാട്ടിലെ ചെറുപ്പക്കാരെ ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ നിന്നു തിരിച്ചുവിടാന്‍ ശ്രമിച്ചു. ശ്രമം വിശ്രാന്തിയിലായി. അമ്പലങ്ങളില്‍ പോയ സാധാരണക്കാര്‍ക്ക് തങ്ങള്‍ എവിടെയാണ് നില്‍ക്കേണ്ടത് എന്നതിനെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നു. ഇടതുപക്ഷവും ചുവപ്പു കൊടിയുമല്ലാതെ മറ്റൊന്നിനും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുന്നതല്ല എന്നവര്‍ക്ക് മനസിലായി. ചെറുതല്ല ഈ സമ്മതവിസ്മയം. പക്ഷേ, ആള്‍ ദൈവങ്ങളുടെ സുഗന്ധം പരത്തുന്ന കൊളോണിയല്‍ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ വരുന്നവരിലധികംപേരും സമൂഹത്തിലെ ക്രീമിലെയര്‍ വിഭാഗക്കാരായിരുന്നു. പ്രസംഗത്തിലെ ഭാഷാചാതുര്യം, ശൈലീബദ്ധത തുടങ്ങിയവയെയായിരുന്നു ഈ ശ്രോതാക്കള്‍ പ്രശംസിച്ചത്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരന്‍ സഞ്ജയന്റെ ലേഖനങ്ങള്‍ വായിച്ച് കോള്‍മയിര്‍ക്കൊണ്ട ഒരു ധനിക പ്രമാണി സംഘം അന്ന് ബ്രിട്ടീഷ് മലബാറില്‍ സമാന്തരമായി ഉണ്ടായിരുന്നു എന്നകാര്യം നമുക്ക് ഓര്‍മ്മിക്കാം. ഇവര്‍ അണിഞ്ഞിരുന്ന കോട്ടിന്റെ മേലെ കസവ് നേര്യതും പുതച്ചിരുന്നു. വരേണ്യവിഭാഗത്തിന്റെ താംബൂലാസ്വാദനത്തില്‍ ഭാവപരിമിതിയുണ്ടായിരുന്നു എന്നതായിരുന്നു സത്യം.

സാന്ത്വനചികില്‍സ നന്നാണ്; കാന്‍സറിനും മറ്റും. രോഗാതുരരാണ് ഇന്നത്തെ ഒരു വിഭാഗം യുവാക്കള്‍. അവര്‍ക്കും ഈ ചികില്‍സ ആവശ്യമാണെന്ന് തോന്നുന്നു. കോണ്‍ഗ്രസിലേയും ബി ജെ പിയിലേയും യുവജനങ്ങളെപ്പറ്റിയല്ല പറഞ്ഞത്. അവര്‍ ഒന്നാകെ രോഗാതുരരാണ്. ചികില്‍സകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥ. സംഘടനയിലായാലും സര്‍ക്കാരിലായാലും അധികാരസ്ഥാനങ്ങള്‍ അഭികാമ്യമാണ് അവര്‍ക്ക്. അതില്‍ അഭിരമിക്കാനാണ് മോഹം. പ്രാണവായുപോലെയാണ് ഈ സ്ഥാനങ്ങള്‍. ഇടതുപക്ഷ ജനാധിപത്യ പാര്‍ട്ടികളിലെ ചുരുക്കം ചിലര്‍ അധികാരസ്ഥാനങ്ങള്‍ ലഭിക്കുന്നതിനായുള്ള ഉപജാപങ്ങള്‍ നടത്തുന്നതായി തോന്നുന്നു. നിരുത്സാഹപ്പെടുത്തേണ്ടതാണ് ഈ പ്രവണത. സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് 1947 ന് മുന്‍പ് ഇവിടത്തെ അഭിജാത സമുദായത്തിലെ യുവാക്കളില്‍ ഭൂരിപക്ഷംപേരും മാറിനിന്നു. ഹിറ്റ്‌ലര്‍ ആക്രമണം നടത്തി ഇന്ത്യയിലേക്ക് കടന്നാലോ എന്നു കരുതി ചിലരിവിടെ ജര്‍മന്‍ ഭാഷയും അതിന്റെ ചുരുക്കെഴുത്തും പഠിച്ചതായി കേട്ടിട്ടുണ്ട്. മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ തനിക്കു ലഭിച്ച’ സര്‍ ‘ സ്ഥാനം ബ്രിട്ടീഷുകാര്‍ക്ക് മടക്കിക്കൊടുത്തു, അക്കാലത്ത്. അപ്പോള്‍ നമ്മുടെ ഒരു മഹാകവി വെയില്‍സ് രാജകുമാരനില്‍ നിന്നു പട്ടുംവളയും സ്വീകരിച്ചു. ആ മഹാകവിയെപ്പോലെ മനുഷ്യകഥാനുഗായിയായ, മലയാളത്തിന് അഭിമാനിക്കാവുന്ന, ഒരു കവി ഉണ്ടായിട്ടില്ല എന്നത് മറ്റൊരുകാര്യം. കവിയും വ്യക്തിയും വെവ്വേറെ വ്യക്തിത്വത്തിനുടമകളാവുന്നത് ഇങ്ങനെയാണ്. അപ്പോള്‍’ ഗീതാഞ്ജലിയുടെ കര്‍ത്താവല്ല മൃണാളിനിയുടെ ഭര്‍ത്താവ്’ എന്ന് ടാഗോറിനെപ്പറ്റി ഈ ലേഖകന്‍ പറഞ്ഞതു ഓര്‍മ്മിച്ചുപോകുന്നു.

ആശാന്‍ ‘ ദുരവസ്ഥ ‘എന്ന കവിതയില്‍ സാവിത്രി എന്ന നമ്പൂതിരി പെണ്‍കിടാവിനെ ആദ്യഭാഗത്ത് കൂടുതല്‍ കേന്ദ്രീകരിച്ചു. പിന്നീട് ആകൃതിയില്‍ ശോഷിച്ച ചാത്തനെ സാവിത്രിയേക്കാള്‍ മാന്യത കൊടുത്തു. ഇത് മനപ്പൂര്‍വ്വമാണ്. വിമുക്തതയുടെ പര്യായമാണ് ഇവിടെ ചാത്തനും സാവിത്രിയും. പുരുഷനു മാത്രമേ സ്ത്രീയെ മോചിപ്പിക്കാനാവൂ എന്ന് ആശാന്‍. ദിക്കാലാതിവര്‍ത്തിയായി കാണാന്‍ കവിക്കാവും. ആശാന് കഴിഞ്ഞോ? സംശയമാണ്. അതു കാളിദാസനും ഷേക്‌സ്പിയര്‍ക്കും വള്ളത്തോളിനും വൈലോപ്പിള്ളിക്കും ജി ശങ്കരക്കുറുപ്പിനും മറ്റും കഴിഞ്ഞിരുന്നു. സ്ത്രീയുടെ വിമോചനം സ്ത്രീക്കു മാത്രം സാധ്യമാക്കാനാവുന്ന ഒന്നാണ്.

ഒരു കവി, നോവലിസ്റ്റ് അല്ലെങ്കില്‍ ചെറുകഥാകൃത്ത് എന്നിങ്ങനെയുള്ള സര്‍ഗധനരായ എഴുത്തുകാരുടെ മുഴുവന്‍ കൃതികളും കൂലംകഷമായ വിലയിരുത്തലാണ് ആവശ്യപ്പെടുന്നത്. അപ്പോള്‍ അവരുടെ ജീവിതവീക്ഷണവും വിലയിരുത്തേണ്ടിവരും. ആ രീതിയാണ് കേസരി ബാലകൃഷ്ണപിള്ളയും ആറ്റൂരും മുണ്ടശ്ശേരിയും സുകുമാര്‍ അഴീക്കോടും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുത്തത്. ഖണ്ഡനവും മണ്ഡനവുമായി വിമര്‍ശനം നടത്തുമ്പോള്‍ സമൂഹത്തെ, കൃതികളെ, സമഗ്രരൂപത്തില്‍ തന്നെ കാണണം. എന്റെ, നിന്റെ എന്ന രീതിയില്‍ വിമര്‍ശനം നടത്തുമ്പോള്‍ അസഹിഷ്ണുതയുണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ടാണ് സുകുമാര്‍ അഴീക്കോടിന് ‘ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു’ എന്ന കൃതി എഴുതേണ്ടായിരുന്നു എന്ന് പില്‍ക്കാലത്ത് തോന്നിയത്. ജിയുടെ കവിതകളെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ച അഴീക്കോട് വിമര്‍ശനം വ്യക്തിപരമാക്കി മാറ്റിയതായിരുന്നു അപകടം. അതായിരുന്നു അദ്ദേഹത്തിനു പറ്റിയ അബദ്ധവും.

നമ്മള്‍ സമൂഹത്തിനായി ചെയ്യുന്ന പ്രവര്‍ത്തി എങ്ങനെയെന്നുനോക്കിയാവണം വിലയിരുത്തല്‍ നടത്തേണ്ടത്. എങ്ങനെയാവണം എന്നും തുല്യ പ്രാധാന്യമുണ്ട്. നമുക്കു പറ്റുന്ന പിഴവ്, അത് കൂട്ടുത്തരവാദിത്തമില്ലാതെ ചെയ്താല്‍, അത് സമൂഹത്തെയാകെ ബാധിക്കും. ആ പ്രവര്‍ത്തിയോട് സമൂഹത്തിന് യോജിക്കാനാവില്ല. ഒരു വ്യക്തി, എത്ര സമുന്നതനായാലും, അദ്ദേഹം മുന്നിട്ടിറങ്ങി ചെയ്യുന്ന, ചെയ്ത പ്രവര്‍ത്തി, എത്ര മഹത്തായാലും എത്ര ആത്മാര്‍ത്ഥതയോടെയാണെങ്കിലും അത് സമൂഹത്തിനാകെ ആപത്താണെങ്കില്‍ തള്ളിക്കളയേണ്ടിവരും. അതിനു നേതൃത്വം കൊടുത്തയാളെ, ആള്‍ക്ക് ആളുകളെ, തള്ളിപ്പറയേണ്ടിവരും. അവരുടെ പ്രവര്‍ത്തിയിലെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാണിക്കേണ്ടിവരും. ലോകത്ത് എന്നും ആരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ഇപ്പോഴും നമ്മുടെ ഹൃദയത്തില്‍ കെടാവിളക്കുപോലെ ശോഭിക്കുകയും ചെയ്യുന്ന ചെഗുവേരക്ക് പറ്റിയ അബദ്ധം, ശക്തിയില്‍ ആരേക്കാളും മേലെയുള്ള മുതലാളിത്ത ശക്തിയോട് ഒരു ചെറുസംഘത്തെകൂട്ടി സായുധസമരം നടത്തി എന്നതാണ്. ജനങ്ങളുടെ സംഘടിതമായ സമരം ആവശ്യമായ സമയത്താണ് ഇത് നടത്തിയത്. മാര്‍ക്‌സിസം ലെനിനിസത്തിനു കടകവിരുദ്ധമാണ് ഇത്. ലോകത്തു പലയിടത്തും ഇമ്മാതിരി ഒറ്റയൊറ്റ സംഭവങ്ങള്‍ നടക്കുകയും അതൊക്കെ അതിവേഗത്തില്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു.

നമ്മുടെ ധിഷണ മറ്റൊരാള്‍ക്കോ ഒരാളെഴുതിയ പുസ്തകത്തിനോ കീഴ്‌പ്പെടുത്താവുന്നതാവരുത്. ജീവിതമാണ് തന്റെ സാധനാപാഠം എന്നുപറഞ്ഞ സ്വാമി വിവേകാനന്ദന്‍ നേരെ പോയത് വര്‍ണ്ണാശ്രമധര്‍മ്മങ്ങളിലേക്കാണ്. ഇവിടെ സ്വാമിക്ക് അടിതെറ്റി. കാലടിയില്‍ വന്ന് വിവേകാനന്ദന്‍ ആദിശങ്കരനെ തള്ളിപ്പറഞ്ഞു

ആന്ധ്രയില്‍ നടന്ന സായുധസമരവും തേഭാഗ, വയലാര്‍, പുന്നപ്ര, കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി, മുനയന്‍കുന്ന്, പാടിക്കുന്ന്, സേലം, ഇടപ്പള്ളി, മട്ടാഞ്ചേരി, ശൂരനാട്, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ നടന്ന ഏകോപനമില്ലാത്ത ചെറുത്തുനില്‍പ്പുകളും അതിവേഗം അടിച്ചമര്‍ത്താന്‍ ഭരണവര്‍ഗത്തിനു കഴിഞ്ഞു. ചൈനയില്‍ തൊഴിലാളിവര്‍ഗ സര്‍ക്കാരിനെതിരായി, മാവോയുടെ പത്‌നിയും മറ്റു മൂന്നുപേരും കൂടി നടത്തിയ വിപ്ലവവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇതോടൊപ്പം ചേര്‍ത്തു കാണേണ്ടതില്ല. അതുപോലെത്തന്നെ ‘വസന്തത്തിന്റെ ഇടിമുഴക്കം’ എന്ന് ബൂര്‍ഷ്വ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച നക്‌സല്‍ വിപ്ലവ മാതൃകയും രാജ്യത്തെ വിപ്ലവ മുന്നേറ്റത്തെ പിന്നോട്ടടിക്കാനേ പര്യാപ്തമായുള്ളൂ. ഇതൊക്കെ നമുക്കു തരുന്ന പാഠം ഒന്നുവേറെയാണ്. ഞങ്ങളാണ് ശക്തി. ഒന്നുകൂടി മാറ്റിപ്പറഞ്ഞാല്‍ അധ്വാനം വിറ്റു ജീവിക്കുന്നവരാണ് വിപ്ലവത്തിന്റെ ചാലക ശക്തി. അവരുടെ നേതാക്കള്‍ മല്‍സ്യങ്ങളെപ്പോലെയാണ്. വെള്ളം സമൂഹമാണ്. ഈ വെള്ളത്തില്‍ നിന്നു മാറ്റിയിട്ടാല്‍ അവര്‍ ജീവിക്കില്ല. ഇത് പറഞ്ഞത് മാവോയാണ്. വിപ്ലവ പ്രക്രിയക്ക് ഇത്രയും നല്ല ഒരു പോയറ്റിക് ഇമേജ് കൊടുക്കാന്‍ കവിയായ മാവോക്ക് മാത്രമേ ആവൂ; വിപ്ലവാനന്തര സോവിയറ്റ് യൂണിയനെ ജനങ്ങളുടെ സഹകരണത്തോടെ സ്വന്തം കാലില്‍ നിറുത്തിയ സ്റ്റാലിനാവില്ല. സ്റ്റാലിന്‍ ക്രിയാത്മകതയുടെ ആള്‍രൂപമായിരുന്നു.

നമുക്കൊന്ന് പ്ലേറ്റയുടെ ‘ റിപ്പബഌക്കി’ ലേക്ക് കടന്നാലോ. കലാകാരന്മാരെ അവിടെ നിന്നു പുറന്തള്ളണമെന്ന് പ്ലേറ്റോ പറഞ്ഞു. അവര്‍ക്ക് സമൂഹത്തിനായി ഒന്നും ചെയ്യാനാവില്ല. അവര്‍ സ്വപ്‌നജീവികളാണ്. പരിവര്‍ത്തനത്തിന് അവരെന്നും എതിരു നില്‍ക്കുന്നു. ആനന്ദത്തിനുവേണ്ടി ആനന്ദം സൃഷ്ടിക്കുന്ന അവര്‍ സമൂഹസൃഷ്ടി പ്രക്രിയയില്‍ നിഷിദ്ധരാണ്; വര്‍ജിക്കപ്പെടേണ്ടവരാണ്. പ്ലേറ്റോ പറഞ്ഞു: ‘എല്ലാത്തരത്തിലുംപെട്ട കലാകാരന്മാരെ ഞാന്‍ പരിശോധിക്കുകയുണ്ടായി… കലാപരമായ എല്ലാ പ്രവര്‍ത്തനങ്ങളിലും നീചരാണവര്‍. അനിയന്ത്രിതത്വം, ക്ഷുദ്രത, അരോചകത്വം എന്നിവ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കേണ്ടതല്ലേ ? ഇത് അനുസരിക്കാനാവാത്തവര്‍ക്കു നമ്മുടെ ‘ റിപ്പബഌക്കി ‘ല്‍ സ്ഥാനമില്ല.’ പിന്നീട് കലാകാരനെ ഭരണകൂടം ആദരിക്കുന്ന സ്ഥിതിയെത്തി. അവര്‍ പറയുന്നത് പ്രമാണമായി മാറി. ഭരണകര്‍ത്താവിന്റെ ഒപ്പം അവരെ ഇരുത്തി. രാജപുരോഹിതന്‍ രാജാവിനേക്കാള്‍ മേലെയായി. കലാകാരന് സര്‍വ ആദരങ്ങളും ഭരണകൂടം നല്‍കി.

ജനപ്രതിനിധിയാക്കി, മന്ത്രിയാക്കി, വൈസ്ചാന്‍സലറാക്കി, കലാമണ്ഡലം ചെയര്‍മാനും പി എസ് സി മെംബറുമാക്കി. ഒന്നും ഈ കലാകാരന്‍, അഥവാ സാഹിത്യകാരന്‍ വേണ്ടെന്നുപറഞ്ഞില്ല. എല്ലാം പോരട്ടേ എന്ന മട്ടായി. എം എല്‍ എ ആയപ്പോള്‍ മന്ത്രിയാവണമെന്ന മോഹമായി. എം എല്‍ എ ആയതു ഇ എം എസ് യാചിച്ചതുകൊണ്ടാണെന്ന് വീമ്പിളക്കി. താന്‍ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതു തന്റെ മിടുക്കുകൊണ്ടാണെന്നും പാര്‍ട്ടിയുടെ സഹായമില്ലാതെ ഇതൊക്കെ സാധിക്കുമെന്നും തട്ടിവിട്ടു. തൃശൂരും പണ്ടൊരു സിനിമ സംവിധായകന്‍ ഇതുപോലെ പറഞ്ഞുനടക്കുകയുണ്ടായി. സമൂഹത്തിന്റെ ഉന്നമനത്തിനായി വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഒരു ചെറുവിരലുപോലുമനക്കാത്ത സാഹിത്യകാരന്മാര്‍ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയക്കാരുടെ കാലുപിടിക്കുന്നതും കണ്ടു. മറ്റൊരാള്‍ വിഷവൃക്ഷത്തെപ്പറ്റി എഴുതിയാലും ‘ ദേശാഭിമാനി ‘ക്കു ലേഖനമെഴുതിത്തരില്ല എന്നു പറഞ്ഞു. അദ്ദേഹം ചിറ്റൂര്‍ കോളെജില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം കിട്ടാനായി പണ്ഡിതനായ മുഖ്യമന്ത്രിയെ കാണാന്‍ വരുന്നതും കണ്ടു. മന്ത്രിയും പിന്നീട് എം എല്‍ എയുമായിരുന്ന, രണ്ട് മുഖ്യമന്ത്രിമാരുടെ അധ്യാപകനുമായിരുന്ന, ഒരാളെ വൈസ് ചാന്‍സലറാക്കാനായി എം എല്‍ എ സ്ഥാനം രാജിവെക്കാന്‍ പ്രതിപക്ഷവും ഭരണകക്ഷിയും ഒന്നിച്ചുനില്‍ക്കുന്നതും കണ്ടു. പണം അല്ലെങ്കില്‍ അധികാരം അല്ലെങ്കില്‍ സ്ഥാനം എന്നിവക്കായി സര്‍ഗ്ഗധനരെന്നോ ബുദ്ധിജീവികളെന്നോ അറിയപ്പെടുന്നവര്‍ മുട്ടിലിഴയുന്ന കാഴ്ചയും പരിചിതമാണ്. സ്വന്തം വിദ്യാര്‍ത്ഥിയെ രാഷ്ട്രീയക്കാരനെന്ന ഒറ്റക്കാരണംകൊണ്ട് ക്ലാസില്‍ നിന്ന് അറസ്റ്റു ചെയ്യിപ്പിക്കാന്‍ കൂട്ടുനിന്ന ഒരുമഹാകവിയും നമുക്കുണ്ടായിരുന്നു. ആ മഹാകവി ഇലക്ഷനു നിന്നപ്പോള്‍ പാര്‍ട്ടി അച്ചടക്കം പാലിച്ചുകൊണ്ട് ഈ വിദ്യാര്‍ത്ഥി അഹോരാത്രം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതും കണ്ടു. സ്വീകരണങ്ങളില്‍ മാലയിടുമ്പോള്‍ ഈ മഹാകവി കാണിക്കുന്ന അസഹിഷ്ണുത കാണാനുള്ള സൗഭാഗ്യ (നിര്‍ഭാഗ്യം)വും പലര്‍ക്കുമുണ്ടായി.

നമ്മുടെ ധിഷണ മറ്റൊരാള്‍ക്കോ ഒരാളെഴുതിയ പുസ്തകത്തിനോ കീഴ്‌പ്പെടുത്താവുന്നതാവരുത്. ജീവിതമാണ് തന്റെ സാധനാപാഠം എന്നുപറഞ്ഞ സ്വാമി വിവേകാനന്ദന്‍ നേരെ പോയത് വര്‍ണ്ണാശ്രമധര്‍മ്മങ്ങളിലേക്കാണ്. ഇവിടെ സ്വാമിക്ക് അടിതെറ്റി. കാലടിയില്‍ വന്ന് വിവേകാനന്ദന്‍ ആദിശങ്കരനെ തള്ളിപ്പറഞ്ഞു. ശങ്കരാചാര്യര്‍ ആയിരക്കണക്കിന് ബുദ്ധഭിക്ഷുക്കളെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നു എന്നുപറഞ്ഞു. ഇത് ശരിയാവാം, തെറ്റാവാം. ബീജങ്ങള്‍ എന്നും ബീജങ്ങളായി അവശേഷിച്ചു എന്നു പറഞ്ഞ വിവേകാനന്ദന്‍ വിതച്ച വിത്തുക്കള്‍ മരങ്ങളായി വളര്‍ന്നില്ല എന്നു കണ്ടത് നമുക്ക് മറക്കാതിരിക്കാം.

Comments

comments

Categories: FK Special, Slider