പ്രവാസി തൊഴിലാളികളുടെ ശക്തിയില്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഒമാന്‍

പ്രവാസി തൊഴിലാളികളുടെ ശക്തിയില്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഒമാന്‍

കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള പ്രവാസികളുടെ കുറഞ്ഞ ശമ്പളം 300 ഒമാന്‍ റിയാലായി കുറയ്ക്കാന്‍ ഷൗര കൗണ്‍സില്‍ തീരുമാനമെടുത്തു

മസ്‌കറ്റ്: കൂടുതല്‍ പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ഒമാന്‍. ഒരുമിച്ച് താമസിക്കുന്നതിനായി ഒമാനിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള പ്രവാസി തൊഴിലാളികളുടെ കുറഞ്ഞ ശമ്പള പരിധി പകുതിയായി വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്.

കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള പ്രവാസികളുടെ കുറഞ്ഞ ശമ്പളം 300 ഒമാന്‍ റിയാലായി കുറയ്ക്കാന്‍ ഷൗര കൗണ്‍സില്‍ തീരുമാനമെടുത്തതായി ഷൗര കൗണ്‍സില്‍ അംഗം സുല്‍ത്താന്‍ ബിന്‍ മജീദ് അല്‍ അബ്രിയുടെ ട്വീറ്റിനെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ് 600 ഒമാന്‍ റിയാലായിരുന്നു ശമ്പള പരിധി.

പ്രവാസി തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള വിസ വ്യവസ്ഥയിലെ കുറഞ്ഞ ശമ്പള പരിധി 600 ഒമാന്‍ റിയാലില്‍ നിന്ന് 300 ഒമാന്‍ റിയാലായി കുറച്ച് ഭേദഗതി ചെയ്തതായി അല്‍ അബ്രി ട്വീറ്റിലൂടെ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും വൈവിധ്യവല്‍ക്കരിക്കാനും വേണ്ടി ആവിഷ്‌കരിച്ച തന്‍ഫീദ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പുതിയ തീരുമാനത്തിന്റെ ഭാഗമായി റിയല്‍ എസ്റ്റേറ്റ്, റീട്ടെയ്ല്‍, ഇന്‍ഷുറന്‍സ് മേഖലകള്‍ ഉള്‍പ്പെടുന്ന ആഭ്യന്തര സമ്പദ് വ്യവസ്ഥ ശക്തിപ്പെടുമെന്നും അല്‍ അബ്രി വ്യക്തമാക്കി.

പ്രവാസികള്‍ രാജ്യത്തേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് നിയന്ത്രിക്കാന്‍ റോയല്‍ ഒമാന്‍ പോലീസ് 2013 സെപ്റ്റംബറിലാണ് ആദ്യമായി ഇത് നടപ്പാക്കിയത്. ഒമാനില്‍ നിലവില്‍ 1.74 മില്യണ്‍ പ്രവാസി തൊഴിലാളികളാണുള്ളത്. ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ രണ്ട് മില്യണ്‍ വിദേശിയര്‍ രാജ്യത്ത് താമസിക്കുന്നുണ്ട്.

Comments

comments

Categories: Arabia