വ്യാപാരികള്‍ അമിതലാഭമെടുക്കുന്നത് തടയാന്‍ സംവിധാനം വേണമെന്ന് കേരളം

വ്യാപാരികള്‍ അമിതലാഭമെടുക്കുന്നത് തടയാന്‍ സംവിധാനം വേണമെന്ന് കേരളം

ഇന്‍ഫോസിസില്‍ നിന്ന് ഒരു സാങ്കേതിക ഓഫീസറെ കേരളത്തില്‍ ജിഎസ്ടിഎന്‍ നിയോഗിക്കണമെന്ന് ആവശ്യപ്പെടും

തിരുവനന്തപുരം: ജിഎസ്ടിയുടെ മറവില്‍ കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ജിഎസ്ടിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ്‌വെയറിന്റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.
വ്യാപാരികള്‍ക്ക് നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിന് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് നെറ്റ്‌വര്‍ക്ക് (ജിഎസ്ടിഎന്‍) എന്ന സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചിട്ടുളളത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്.

സോഫ്റ്റ്‌വെയര്‍ സംവിധാനം പൂര്‍ണ സജ്ജമാകാത്ത സാഹചര്യത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകുന്നതിന് പിഴ ഈടാക്കരുതെന്ന് കേരളം ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെടും. ചില വസ്തുക്കള്‍ക്കുളള നികുതി പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ഇത്തരം നികുതി നിരക്കുകള്‍ യുക്തിസഹമാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടും. സോഫ്റ്റ്‌വെയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍ഫോസിസില്‍ നിന്ന് ഒരു സാങ്കേതിക ഓഫീസറെ കേരളത്തില്‍ ജിഎസ്ടിഎന്‍ നിയോഗിക്കണം.

വ്യാപാരികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാനതലത്തില്‍ വിവിധ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി വ്യാപാരികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന സംവിധാനം ശക്തിപ്പെടുത്തും. ജിഎസ്ടി ദാതാക്കളുടെ പരാതി പരിഹാര കേന്ദ്രമായി അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിക്കും. ജിഎസ്ടി വകുപ്പിന്റെ 180 സര്‍ക്കിളുകളിലും നികുതിദായകര്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് നികുതിദായകരെ സഹായിക്കാന്‍ ജിഎസ്ടി വകുപ്പ് തന്നെ സൗജന്യമായി എക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിക്കൊടുക്കും.

ജിഎസ്ടി പ്രാബല്യത്തില്‍ വന്നിട്ട് മൂന്ന് മാസം കഴിഞ്ഞെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്ന് മന്ത്രിസഭ വിലയിരുത്തി. നികുതിദായകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.

സോളാര്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ടിന്മേല്‍ നിയമോപദേശം തേടാനും മന്ത്രിസഭ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറലിന്റെയും പ്രോസിക്യൂഷന്‍ ഡയറക്റ്റര്‍ ജനറലിന്റെയും നിയമോപദേശം കിട്ടിക്കഴിഞ്ഞാല്‍ റിപ്പോര്‍ട് മന്ത്രിസഭയില്‍ സമര്‍പ്പിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും.

Comments

comments

Categories: Slider, Top Stories