അഞ്ച് എഫ്ഡിഐ നിര്‍ദേശങ്ങള്‍ക്കുകൂടി സര്‍ക്കാര്‍ അനുമതി നല്‍കി

അഞ്ച് എഫ്ഡിഐ നിര്‍ദേശങ്ങള്‍ക്കുകൂടി സര്‍ക്കാര്‍ അനുമതി നല്‍കി

സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ രംഗത്ത് നിക്ഷേപം നടത്തുന്നതിനുള്ള 17 നിര്‍ദേശങ്ങള്‍ക്ക് ഡിഐപിപി ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ മേഖലയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള അഞ്ച് എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) നിര്‍ദേശങ്ങള്‍ക്ക് കൂടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ അനുമതി നല്‍കി. ലൂയിസ് വിട്ടോണ്‍, ഒപ്പോ മൊബീല്‍സ്, ചമ്പക് ഡിസൈന്‍, ഡാനിയല്‍ വെല്ലിംഗ്ടണ്‍, ആക്ടോസെര്‍ബ ആക്ടീവ് ഹോള്‍സെയ്ല്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ എഫ്ഡിഐ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

തങ്ങളുടെ റീട്ടെയ്ല്‍ ശൃംഖലയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയുള്ള നിര്‍ദേശമാണ് ലൂയിസ് വിട്ടോണ്‍ സമര്‍പ്പിച്ചിരുന്നത്. സിവാമി ബ്രാന്‍ഡിനു കീഴില്‍ ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ അനുമതി തേടികൊണ്ടുള്ളതായിരുന്നു ആക്ടോസെര്‍ബ ആക്ടീവ് ഹോള്‍സെയ്‌ലിന്റെ അപേക്ഷ. അതേസമയം, ഈ കമ്പനികള്‍ എത്ര തുക നിക്ഷേപിക്കും എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ചമ്പക് ഡിസൈന്‍ 8.62 മില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡാനിയല്‍ വെല്ലിംഗ്ടണില്‍ നിന്നു പ്രതീക്ഷിക്കുന്ന നിക്ഷേപം പത്ത് മില്യണ്‍ ഡോളറാണ്.

നിലവില്‍ അനുമതി നല്‍കിയ അഞ്ചെണ്ണം ഉള്‍പ്പെടെ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ രംഗത്ത് നിക്ഷേപം നടത്തുന്നതിനുള്ള 17 നിര്‍ദേശങ്ങള്‍ക്ക് ഡിഐപിപി ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞു. സിംഗിള്‍ ബ്രാന്‍ഡ്, ഫൂഡ് റീട്ടെയ്ല്‍ മേഖലയില്‍ മൊത്തം 49,000 കോടി രൂപ മൂല്യം വരുന്ന നിക്ഷേപ നിര്‍ദേശങ്ങളാണ് ഈ കമ്പനികള്‍ നല്‍കിയിട്ടുള്ളത്. ആമസോണ്‍, ഗ്രോഫേഴ്‌സ്, അര്‍ബന്‍ ലാഡര്‍, ഏസര്‍, ഫോസില്‍ ഇന്ത്യ, ബാല്ലി ഇന്റര്‍നാഷണല്‍ എന്നിവയാണ് ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നിട്ടുള്ള മറ്റ് പ്രമുഖ കമ്പനികള്‍.

ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി) റദ്ദാക്കിയതു മുതല്‍, സര്‍ക്കാര്‍ അനുമതി ആവശ്യമുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള ചുമതല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷനാണ്. ഡിഐപിപി സെക്രട്ടറിമാരും സാമ്പത്തികകാര്യ വകുപ്പും ചേര്‍ന്നാണ് എഫ്ഡിഐ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ത്രൈമാസ അവലോകനം നടത്തുന്നത്. എഫ്‌ഐപിബി നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് സിംഗിള്‍ ബ്രാന്‍ഡ്, ഫൂഡ് റീട്ടെയ്ല്‍ രംഗത്തേക്കുള്ള 48ല്‍ അധികം അപേക്ഷകളാണ് ഡിഐപിപി അനുമതിക്കായി കാത്തിരിക്കുന്നത്.

Comments

comments

Categories: Business & Economy