പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഹാനികരം

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഹാനികരം

സ്ലിം ബ്യൂട്ടിയാകാന്‍ ഒരു നേരം ഭക്ഷണം ഒഴിവാക്കുന്നവര്‍ പ്രഭാത ഭക്ഷണത്തെ ആ ലിസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് ഗവേഷകര്‍. പ്രഭാത ഭക്ഷണത്തിന്റെ അഭാവം രക്ത ധമനികളുടെ കാഠിന്യം കൂടാനും കൊഴുപ്പ് അടിഞ്ഞുകൂടി ചുരുങ്ങുന്നതുവഴി ആത്രോക്ലീറോസിസിന് വഴിവെക്കുന്നതായും മാഡ്രിഡില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ സൂചിപ്പിക്കുന്നു. മാത്രമല്ല രാവിലെ നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും ശരിയായ ശരീരഭാരം നിലനിര്‍ത്താനും കൊളസ്‌ട്രോള്‍ ക്രമീകരിക്കാനും സഹായിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

ആത്രോക്ലീറോസിസ് രോഗമുള്ള ഒട്ടനവധി ആളുകളില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം കാണാന്‍ സാധിച്ചതാണ് ഇത്തരമൊരു പഠനത്തിലേക്ക് ഗവേഷകരെ നയിച്ചത്. പ്രഭാത ഭക്ഷണം വേണ്ടെന്നു വെക്കുന്നവരില്‍ ബിഎംഐ (Body mass Index), രക്ത സമ്മര്‍ദ്ദം, രക്തത്തില്‍ കൊഴുപ്പ്, ഗ്ലൂക്കോസിന്റെ അളവ് എന്നിവയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. നിരന്തരം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അനാരോഗ്യകരമായ ജീവിത ശൈലിയാണെന്നും ഈ ദുസ്വഭാവം ആളുകളെ ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുമെന്നും മൗണ്ട് സിനാരി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്റ്റര്‍ വാലന്റീന്‍ ഫസ്റ്റര്‍ വ്യക്തമാക്കി. അമേരിക്കന്‍ കോളെജ് ഓഫ് കാര്‍ഡിയോളജി എന്ന ജേണലില്‍ പ്രസിദ്ധികരിച്ചിരിക്കുന്ന ലേഖനത്തില്‍ 4052ഓളം സ്ത്രീ, പുരുഷന്‍മാരെ ഈ പഠനത്തിനായി നിരീക്ഷണ വിധേയമാക്കിയതായും വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: FK Special, Life