4ജി, ഫൈബര്‍ നെറ്റ്‌വര്‍ക്കില്‍ നിക്ഷേപങ്ങള്‍ കേന്ദ്രീകരിക്കുമെന്ന് എയര്‍ടെല്‍

4ജി, ഫൈബര്‍ നെറ്റ്‌വര്‍ക്കില്‍ നിക്ഷേപങ്ങള്‍ കേന്ദ്രീകരിക്കുമെന്ന് എയര്‍ടെല്‍

700 മെഗാഹെര്‍ഡ്‌സ് സ്‌പെക്ട്രത്തിന്റെ വില ഏറെ ഉയര്‍ന്നതെന്ന് വിത്തല്‍

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം 4ജി സാങ്കേതികവിദ്യയിലും ഫൈബര്‍ അധിഷ്ഠിത നെറ്റ്‌വര്‍ക്കിലുമായി 20,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍. 2ജി, 3ജി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ചെലവിടല്‍ കുറച്ച് 4ജി വ്യാപിപ്പിക്കാനാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നത്. നിക്ഷേപത്തിന്റെ ഭൂരിഭാഗവും 4ജിയിലും ഫൈബറിലുമായിരിക്കുമെന്നും 2ജി, 3ജി നെറ്റ്‌വര്‍ക്കുകള്‍ ഇനി വ്യാപിപ്പിക്കില്ലെന്നും എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗോപാല്‍ വിത്തല്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ 500,000ത്തിലധികം ഗ്രാമങ്ങളില്‍ 2ജി നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇനി കൂടുതല്‍ 2ജി നെറ്റ്‌വര്‍ക്ക് നടപ്പിലേക്കണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 18,000 കോടി രൂപ മുതല്‍ 20,000 കോടി രൂപ വരെ നിക്ഷേപം നടത്താന്‍ എയര്‍ടെല്‍ പദ്ധതിയിടുന്നതായി ഭാരതി ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. 4ജി വോള്‍ട്ടി സേവനങ്ങള്‍, മിമൊ (മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട്,മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട്) സാങ്കേതികവിദ്യയോടെ 4.5ജിയുടെ വിന്യാസം, തടസമില്ലാത്ത ഡാറ്റ സേവനത്തിനായി ഫൈബര്‍ അധിഷ്ഠിത ബാക്ക്‌ഹോള്‍ എന്നിവയ്ക്കായുള്ള ശക്തമായ പരിശ്രമത്തിലാണ് എയര്‍ടെലെന്ന് വിത്തല്‍ പറയുന്നു. ചൈനീസ് കമ്പനിയായ ഹ്വാവെയുമായി ചേര്‍ന്ന് കൊല്‍ക്കത്തയിലും ബെഗളുരുവിലും മിമൊ സാങ്കേതികവിദ്യ എയര്‍ടെല്‍ വിന്യസിച്ചിട്ടുണ്ട്. മറ്റ് ഭാഗങ്ങളിലേക്കുള്ള വിന്യാസം ഈ ആഴ്ച തന്നെ ആരംഭിക്കും.

5ജിക്ക് മുന്നോടിയായുള്ള സാങ്കേതിക വിദ്യയാണ് മിമൊ. അതിനായി കൂടുതല്‍ ബാക്ക്‌ഹോളുകളും ഫൈബറുകളും ആവശ്യമാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ഐഡിയ സെല്ലുലാര്‍ അവരുടെ ടൈം ഡിവിഷന്‍ ഡ്യുപ്ലക്‌സ് (ടിഡിഡി) നെറ്റ്‌വര്‍ക്കില്‍ ഇതിനകം തന്നെ മിമൊ വിന്യസിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യ തങ്ങളുടെ ഫ്രീക്വന്‍സി ഡിവിഷന്‍ ഡ്യൂപ്ലക്‌സ് (എഫ്ഡിഡി) നെറ്റ്‌വര്‍ക്കിലും സമീപ ഭാവിയില്‍ എത്തുമെന്ന് ഐഡിയ അറിയിച്ചിട്ടുണ്ട്.

ഏറെ വിലയേറിയതും എന്നാല്‍ മികച്ച കാര്യക്ഷമതയുള്ളതുമായ 700 മെഗാഹെര്‍ഡ്‌സ് സ്‌പെക്ട്രം വാങ്ങുന്നതിനുള്ള താല്‍പ്പര്യവും വിത്തല്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ശരിയായ വിലയില്‍ നല്ല സ്‌പെക്ട്രം ലഭ്യമാക്കിയാല്‍ വാങ്ങുന്നവരെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിത്തല്‍ പറയുന്നത്. 2016 ഒക്‌റ്റോബറില്‍ പ്രീമിയം 700 മെഗാഹെട്‌സ് ബാന്‍ഡ് എയര്‍വേവുകള്‍ സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ ഒരു യൂണിറ്റിന് 11,485 കോടി രൂപയെന്ന അടിസ്ഥാന വിലയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത് വളരെ ഉയര്‍ന്നതാണെന്നും വാങ്ങലിനെ നിരുല്‍സാഹപ്പെടുത്തുന്നതാണെന്നും വിത്തല്‍ ചൂണ്ടിക്കാട്ടി. പുതിയ ലേലത്തില്‍ 700 മെഗാഹെട്‌സ് ബാന്‍ഡിന്റെ വില സംബന്ധിച്ച് ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ പുനഃപരിശോധന നടത്തി വരികയാണ്.

Comments

comments

Categories: Business & Economy