റഷ്യയുടേയും സൗദിയുടേയും $1 ബില്ല്യണ്‍ ഫണ്ട്

റഷ്യയുടേയും സൗദിയുടേയും $1 ബില്ല്യണ്‍ ഫണ്ട്

ഊര്‍ജ്ജ പദ്ധതികള്‍, സാങ്കേതിക വിദ്യ, ഉപകരണങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്താനാണ് ഇതിലൂടെ ഇരു രാജ്യങ്ങളും പദ്ധതിയിടുന്നത്

റിയാദ്: ഊര്‍ജ്ജ മേഖലയെ ശക്തിപ്പെടുത്താന്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ സൗദി അറേബ്യയും റഷ്യയും ഒരു ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കും. ഊര്‍ജ്ജ പദ്ധതികള്‍, സാങ്കേതിക വിദ്യ, ഉപകരണങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്താനാണ് ഇതിലൂടെ ഇരു രാജ്യങ്ങളും പദ്ധതിയിടുന്നത്.

ഒപെക് രാജ്യം, ഒപെക് ഇതര രാജ്യം എന്ന ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ എണ്ണ, വാതക മേഖലകളിലുള്ള രണ്ട് രാജ്യങ്ങളുടേയും സഹകരണം മെച്ചപ്പെടുത്താന്‍ സംയുക്ത ഫണ്ടിംഗിലൂടെ സാധിക്കുമെന്ന് അല്‍ അറേബ്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാക് പറഞ്ഞു. ഇലക്ട്രോണിക്, പുനരുപയോഗ ഊര്‍ജ്ജത്തിലും എണ്ണ, വാതക ഉപകരണങ്ങളിലും നിക്ഷേപം നടത്താനും താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എണ്ണ, വാതക മേഖലകളിലുള്ള രണ്ട് രാജ്യങ്ങളുടേയും സഹകരണം മെച്ചപ്പെടുത്താന്‍ സംയുക്ത ഫണ്ടിംഗിലൂടെ സാധിക്കുമെന്ന് അല്‍ അറേബ്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാക് പറഞ്ഞു

ഒപെക്കിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടു മാത്രമല്ല സഖ്യത്തിന് പുറത്തു നിന്നുകൊണ്ടും എണ്ണയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സൗദിയുമായുള്ള സഹകരണം മെച്ചപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം എണ്ണ, വാതക മേഖലകളിലും ഇലക്ട്രോണിക് ഊര്‍ജ്ജ മേഖലയിലും പുനരുപയോഗ ഊര്‍ജ്ജ മാര്‍ഗങ്ങളിലും സഹകരണം ശക്തിപ്പെടുത്തുമെന്നും നൊവാക് പറഞ്ഞു. നിക്ഷേപം നടത്താന്‍ പോകുന്ന വ്യത്യസ്തമായ പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി അന്തിമ തീരുമാനത്തിലെത്തുമെന്നും സൗദി രാജാവിന്റെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എണ്ണ, വാതക മേഖലയിലെ സാങ്കേതികവിദ്യയിലും ഉപകരണങ്ങളിലും രണ്ട് രാജ്യങ്ങളും നിക്ഷേപം നടത്തുമെന്ന് സൗദി വാര്‍ത്ത ഏജന്‍സിയായ എസ്പിഎയും റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ എണ്ണ വാതക മേഖലയിലെ സഹകരണം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും കരാറില്‍ എത്തിയതിന് പിന്നാലെയാണ് നടപടി. കരാര്‍ അനുസരിച്ച് ഇരുരാജ്യങ്ങളും എണ്ണ ഉല്‍പ്പാദനം, റിഫൈനിംഗ്, സംഭരണം, ഗതാഗതം, വിതരണം, നിര്‍മാണം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ പുതിയ സാങ്കേതികവിദ്യയും അറിവുകളും സാങ്കേതിക നൈപുണ്യവും കൈമാറ്റം ചെയ്യുമെന്ന് എസ്പിഎ വ്യക്തമാക്കി.

Comments

comments

Categories: Arabia