അതിവേഗം പുരോഗമിക്കുന്ന ചൈനയിലെ നഗരവല്‍ക്കരണം

അതിവേഗം പുരോഗമിക്കുന്ന ചൈനയിലെ നഗരവല്‍ക്കരണം

ചൈനീസ് സര്‍ക്കാരിന്റെ ഘോഷിക്കപ്പെട്ട നഗരവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ലക്ഷക്കണക്കിനു ജനങ്ങളാണു 2020-ഓടെ ഗ്രാമീണ മേഖലകളില്‍നിന്നും നഗരങ്ങളിലേക്കു കുടിയേറ്റം നടത്താന്‍ സജ്ജരായിരിക്കുന്നത്. ഇത് ഹൗസിംഗ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലകളില്‍ വന്‍ കുതിപ്പുണ്ടാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നഗരവല്‍ക്കരണം ചൈനയെ വളര്‍ച്ചയിലേക്കു നയിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഈ വര്‍ഷം ഏപ്രിലില്‍ ചൈനീസ് ഭരണകൂടം ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി സിയോങ് എന്ന നഗരത്തെ ന്യൂയോര്‍ക്കിന്റെ മൂന്നിരട്ടി വലുപ്പമുള്ള നഗരമാക്കുക എന്നതായിരുന്നു ആ പ്രഖ്യാപനം. ഇത്തരത്തില്‍ നിരവധി പ്രദേശങ്ങളെ നഗരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ചൈനയില്‍ അതിവേഗം പുരോഗമിക്കുകയാണ്. സമ്പന്നതയുടെയും വികസനത്തിന്റെയും അധികാരത്തിന്റെയുമൊക്കെ മുദ്രകളായ അംബരചുംബികള്‍ ഇത്തരം പ്രദേശങ്ങളില്‍ ഉയരുകയാണ്.

ചൈനീസ് സര്‍ക്കാരിന്റെ ഘോഷിക്കപ്പെട്ട നഗരവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ലക്ഷക്കണക്കിനു ജനങ്ങളാണു 2020-ഓടെ ഗ്രാമീണ മേഖലകളില്‍നിന്നും നഗരങ്ങളിലേക്കു കുടിയേറ്റം നടത്താന്‍ സജ്ജരായിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അവരെ ഉള്‍ക്കൊള്ളാനായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പ്രായോഗിക സ്വഭാവമുള്ള വീടുകളും ഓഫീസ് മുറികളും ചൈനയിലെ വളരുന്ന നഗരങ്ങളുടെ മുഖമുദ്രയായി തീര്‍ന്നിരിക്കുന്നു. ബീജിംഗ് പോലുള്ള നഗരങ്ങളില്‍ ഇതൊക്കെ വര്‍ഷങ്ങള്‍ക്കു മുന്‍പു വന്നുകഴിഞ്ഞവയാണ്. നാല് ദശാബ്ദങ്ങളായി ചൈനയിലെ നഗരവല്‍ക്കരണം കേന്ദ്രീകരിച്ചിരുന്നത് കയറ്റുമതി, കുറഞ്ഞ കൂലി, കുറഞ്ഞ വിലനിര്‍ണയം എന്നിവയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനസംഖ്യയില്‍ പകുതിയിലധികം പേരും താമസിക്കുന്നത് നഗരത്തിലാണ്. രാജ്യം ഇപ്പോള്‍ ഉപഭോഗത്തില്‍ അടിസ്ഥാനമായൊരു സമ്പദ്ഘടനയിലേക്കു നീങ്ങുകയുമാണ്. ഈ പശ്ചാത്തലത്തില്‍ വര്‍ധിച്ചു വരുന്ന നഗരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും ആശങ്കയുമുണ്ട്.

ചൈനയില്‍ ഇപ്പോള്‍ തന്നെ 10 മില്യന്‍ താമസക്കാരുള്ള 15-ാളം മഹാനഗരങ്ങളുണ്ട്. 2020 ആകുമ്പോള്‍ നഗരവല്‍ക്കരണത്തിന്റെ തോത് 10 ശതമാനം വര്‍ധിക്കുമെന്നും സൂചനയുണ്ട്. ഏതെങ്കിലുമൊരു മഹാനഗരത്തില്‍ മാത്രം അടിസ്ഥാനസൗകര്യവികസനം നടപ്പിലാക്കാതെ ക്ലസ്റ്റര്‍ സിറ്റികളില്‍ (ഏകോപിപ്പിച്ച ചെറുപട്ടണങ്ങള്‍) നിക്ഷേപം നടത്തി വികസനം സാധ്യമാക്കാനാണു ചൈനീസ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ബീജിംഗും ഷാങ്ങ്ഹായും പോലുള്ള വന്‍കിട നഗരങ്ങള്‍ നേരിടുന്ന പലവിധത്തിലുള്ള സമ്മര്‍ദ്ദം (ജനസംഖ്യ, വാഹന പെരുപ്പം പോലുള്ളവ) ലഘൂകരിക്കാമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 2020-ഓടെ ഷാങ്ഹായ്, ബീജിംഗ് എന്നീ നഗരങ്ങള്‍ അവയുടെ വലിപ്പം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച പദ്ധതി വിവരങ്ങള്‍ സമീപകാലത്തു പുറത്തിറക്കുകയുണ്ടായി. ചെറുപട്ടണങ്ങളെ ഏകോപിപ്പിച്ചു പുതിയ നഗരമായി ഉയര്‍ത്തുന്നതിലൂടെ, ഇപ്പോള്‍ ഉള്‍ക്കൊള്ളാവുന്നതിലധികം പേരെ വഹിക്കുന്ന വന്‍നഗരങ്ങളിലെ ജനസംഖ്യാ പെരുപ്പം കുറച്ചു കൊണ്ടു വരാന്‍ സാധിക്കുമെന്നാണു ഭരണകൂടം കണക്കുകൂട്ടുന്നത്.

ചൈനയുടെ ജനസംഖ്യയില്‍ പകുതിയിലധികം പേരും താമസിക്കുന്നത് നഗരത്തിലാണ്. രാജ്യം ഇപ്പോള്‍ ഉപഭോഗത്തില്‍ അടിസ്ഥാനമായൊരു സമ്പദ്ഘടനയിലേക്കു നീങ്ങുകയുമാണ്. ഈ പശ്ചാത്തലത്തില്‍ നഗരവല്‍ക്കരണത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ച് ആശങ്കയുമുണ്ട്.

അതേസമയം ചൈനയിലെ നഗരവല്‍ക്കരണം വളരെ ലളിതമായൊരു പ്രക്രിയയല്ലെന്ന വിലയിരുത്തലുണ്ട്, പ്രത്യേകിച്ച് നഗരവല്‍ക്കരണവുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കാത്തവര്‍ക്ക്. ഉദാഹരണമായി കര്‍ഷകരുടെ കാര്യം തന്നെയെടുക്കാം. 40-50 പ്രായത്തിനിടയിലുള്ളൊരു കര്‍ഷകനെ സംബന്ധിച്ചു പുതിയൊരു തൊഴില്‍ പഠിച്ചെടുക്കുകയെന്നത് പ്രായോഗികമല്ല. നഗരവല്‍ക്കരണം നടപ്പിലാകുമ്പോള്‍ കൃഷിയിടം നഷ്ടമാകുന്ന കര്‍ഷകനെ സംബന്ധിച്ചു പുതിയൊരു തൊഴില്‍ കണ്ടെത്തുകയെന്നതു ക്ലേശകരമായിരിക്കും. ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെയായിരിക്കും ഭരണകൂടം അഭിമുഖീകരിക്കുകയെന്നതും വലിയ ചോദ്യമായി അവശേഷിക്കുന്നു. നഗരവല്‍കരണം ഒഴിവാക്കാനാവാത്തതാണ്, അത് അഭികാമ്യവുമാണ്. നഗരവല്‍ക്കരണമല്ലാതെ ജനങ്ങളെ ദാരിദ്രത്തില്‍നിന്നും അകറ്റാന്‍ മറ്റൊരു വഴിയുമില്ലെന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്.

അതിവേഗത്തിലാണു നാഗരികജനതയുടെ എണ്ണം വര്‍ധിക്കുന്നത്. ഇവരെ വലിയ, പ്രത്യേക മേഖലകളിലായി വിന്യസിക്കാന്‍ ബോധപൂര്‍വം ആസൂത്രണം ചെയ്യുന്നതാണു സര്‍ക്കാരിന്റെ നയം. ലോകോത്തര അടിസ്ഥാനസൗകര്യങ്ങളൊരുക്കുകയെന്നതാണ് ഈ ദര്‍ശനത്തിന് അല്ലെങ്കില്‍ കാഴ്ചപ്പാടിന് അനുപേക്ഷണീയമായത്. ഉദാഹരണമായി സുഷു എന്ന മൂന്നാം ശ്രേണിയില്‍പ്പെട്ട നഗരത്തില്‍ അതിവേഗ ട്രെയ്‌നുകളുണ്ട്. ഇവിടെ നിന്നും സാധാരണയായി ഷാങ്ഹായ് നഗരത്തിലേക്ക് യാത്ര ചെയ്യണമെങ്കില്‍ 20 മിനിറ്റെടുക്കും. എന്നാല്‍ ഹൈ സ്പീഡ് ട്രെയ്‌നില്‍ യാത്ര ചെയ്താല്‍ 10 മിനിറ്റ് മാത്രമാണെടുക്കുന്നത്. എല്ലാ മെട്രോപൊളിറ്റിന്‍ നഗരത്തിലും ഇത്തരത്തില്‍ കണക്ടിവിറ്റിയുണ്ടാക്കാനാണു സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാരിന്റെ നഗരവല്‍ക്കരണ ഉദ്ദ്യമത്തിന് ഒട്ടേറെ ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോഴും അതിന്റെ കാര്യക്ഷമതയിലും പാരസ്ഥിതിക സംബന്ധിയായ കാര്യങ്ങളിലും സംശയം ഉന്നയിക്കപ്പെടുന്നുമുണ്ട്.

നിരവധി പ്രദേശങ്ങളെ വികസിപ്പിച്ചു വന്‍നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയ്ക്കു ചൈന വന്‍ പ്രാധാന്യമാണു നല്‍കുന്നത്. എന്നാല്‍ ഇത്തരം പ്രക്രിയയ്ക്കു പാരസ്ഥിതികവും സാമൂഹ്യപരവുമായ ആഘാതമുണ്ടാകുമെന്ന യുഎന്നിന്റെ മുന്നറിയിപ്പു ചൈന മനപൂര്‍വ്വം അവഗണിക്കുകയും ചെയ്തിരിക്കുകയാണ്. അതേസമയം ചൈനയില്‍ നഗരവല്‍ക്കരണം സമ്പന്ന ദേശത്ത് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും പാവപ്പെട്ടവര്‍ വസിക്കുന്ന പ്രദേശങ്ങള്‍ക്ക് ഇതിലൂടെ യാതൊരു വികസനവുമുണ്ടാവുകയില്ലെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ചൈനയില്‍ ഭാവിയില്‍ ഓരോ പൗരനും എവിടെ ജീവിക്കണമെന്നത് ഭരണാധികാരികളെക്കാള്‍ വിപണിയിലെ വന്‍ശക്തികളായിരിക്കും തീരുമാനിക്കുന്നത്.

Comments

comments

Categories: FK Special, Slider